പാണ്ഡ്യയെ തിരിച്ചയയ്ക്കാൻ സിലക്ടർമാർ തീരുമാനിച്ചു, തടഞ്ഞത് ധോണി: വെളിപ്പെടുത്തൽ

pandya-dhoni
ഹാർദിക് പാണ്ഡ്യ ധോണിക്കൊപ്പം (ട്വിറ്റർ ചിത്രം)
SHARE

ന്യൂഡൽഹി∙ ഇന്ത്യൻ പ്രിമിയർ ലീഗിലെ (ഐപിഎൽ) മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ ലോകകപ്പ് ടീമിൽനിന്ന് ഒഴിവാക്കാൻ സിലക്ടർമാർ തീരുമാനിച്ചിരുന്നതായി വെളിപ്പെടുത്തൽ. ബാറ്റിങ്ങിലെ മോശം ഫോമിനു പുറമെ പരുക്കിനെത്തുടർന്ന് താരം ബോൾ ചെയ്യാത്തതും ടീമിൽനിന്ന് നീക്കാൻ സിലക്ടർമാരെ നിർബന്ധിതരാക്കിയെന്നാണ് വിവരം. എന്നാൽ ലോകകപ്പ് ടീമിന്റെ മെന്ററായി നിയമിക്കപ്പെട്ട മഹേന്ദ്രസിങ് ധോണിയുടെ നിർബന്ധമാണ് പാണ്ഡ്യയെ ടീമിൽ നിലനിർത്താൻ കാരണമെന്നാണ് വെളിപ്പെടുത്തൽ. പാണ്ഡ്യയുടെ ഫിനിഷിങ് മികവ് ചൂണ്ടിക്കാട്ടിയാണ് താരത്തിനായി ധോണി വാദിച്ചത്.

‘ഐപിഎലിൽ ബോൾ ചെയ്യാത്ത സാഹചര്യത്തിൽ ലോകകപ്പിനു മുൻപേ ഹാർദിക് പാണ്ഡ്യയെ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കാനായിരുന്നു സിലക്ടർമാരുടെ തീരുമാനം. പക്ഷേ, പാണ്ഡ്യയുടെ ഫിനിഷിങ് മികവു ചൂണ്ടിക്കാട്ടി മഹേന്ദ്രസിങ് ധോണിയാണ് അദ്ദേഹത്തെ നിലനിർത്താൻ ആവശ്യപ്പെട്ടത്’ – ബിസിസിഐയുമായി ബന്ധപ്പെട്ട പേരു വെളിപ്പെടുത്താത്ത വ്യക്തിയെ ഉദ്ധരിച്ച് ‘ടൈംസ് ഓഫ് ഇന്ത്യ’യിലെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

‘കഴിഞ്ഞ ആറു മാസമായി ഹാർദിക് പാണ്ഡ്യയുടെ കായികക്ഷമതയുമായി ബന്ധപ്പെട്ട് പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ഇപ്പോൾ അദ്ദേഹത്തിന്റെ തോളിനു പരിക്കുണ്ടെന്നണ് പറയുന്നത്. സത്യത്തിൽ ഇതിലൂടെ പൂർണമായും ഫിറ്റായ ഒരാൾക്ക് അവസരം നിഷേധിക്കുകയാണ് ചെയ്യുന്നത്. ഫിറ്റല്ലാത്തതിനാൽ ടീമിന് ഉപകാരമില്ലാത്ത ഒരാളെയാണ് നമ്മൾ കളിപ്പിക്കുന്നത്. അതു ശരിയല്ല. മികച്ച പ്രകടം പുറത്തെടുത്ത മറ്റു താരങ്ങള്‍ക്ക് ഇതിലൂടെ അവസരം നിഷേധിക്കപ്പെടുന്നില്ലേ?’ – റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

∙ വിമർശിച്ച് പാട്ടീൽ

ഇതിനിടെ, ഹാർദിക് പാണ്ഡ്യയെ ടീമിൽ ഉൾപ്പെടുത്തിയതിനെ വിമർശിച്ച് മുൻ താരവും പരിശീലകനും സിലക്ടറുമായിരുന്ന സന്ദീപ് പാട്ടീൽ രംഗത്തെത്തി. ‘ഹാർദിക് പാണ്ഡ്യയെ ടീമിൽ ഉൾപ്പെടുത്തിയത് ക്യാപ്റ്റന്റെയും പരിശീലകന്റെയും തീരുമാനമാണ്. പിന്നെ ബിസിസിഐയ്ക്കും ഇതേക്കുറിച്ച് അറിയാമായിരിക്കും. പക്ഷേ, ഫിറ്റല്ലാത്ത ഒരാളെ ടീമിലെടുക്കണോ എന്നത് സിലക്ടർമാരാണ് തീരുമാനിക്കേണ്ടത്. പാണ്ഡ്യ ഐപിഎലിൽ ബോൾ ചെയ്യാത്ത സ്ഥിതിക്ക് അവർ പാണ്ഡ്യയുടെ കാര്യത്തിൽ ഒരു തീരമാനമെടുക്കേണ്ടതായിരുന്നു. ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തുന്നതിനു മുൻപ് കായികക്ഷമത തെളിയിക്കാൻ പാണ്ഡ്യയോട് ആവശ്യപ്പെടാമായിരുന്നു’ – പാട്ടീൽ ചൂണ്ടിക്കാട്ടി.

‘ഇക്കാര്യത്തിൽ ആർക്കെങ്കിലുമൊക്കെ ഉത്തരവാദിത്തം ഉണ്ടായേ തീരൂ. രവി ശാസ്ത്രിയിൽനിന്ന് ഇതുമായി ബന്ധപ്പെട്ട് യാതൊരു പരാമർശവും ഉണ്ടായിട്ടില്ല. രോഹിത് ശർമയും അജിൻക്യ രഹാനെയും ആവർത്തിച്ച് പറഞ്ഞിരുന്നത് പാണ്ഡ്യ ഫിറ്റാണെന്നാണ്. മത്സരത്തിനിടെ ഫിറ്റല്ലെങ്കിൽ എങ്ങനെയാണ് ഒരു താരം ഫിറ്റാണെന്ന് പ്രഖ്യാപിക്കാനാകുക? ഇത് ലോകകപ്പാണെന്ന് ഓർക്കണം. സാധാരണ മത്സരമോ പരമ്പരയോ അല്ല’ – പാട്ടീൽ പറഞ്ഞു.

English Summary: Selectors wanted to send Hardik Pandya back but MS Dhoni insisted otherwise - Reports

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS