ADVERTISEMENT

സിഡ്നി∙ സഹപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശങ്ങളും നഗ്ന ചിത്രങ്ങളും അയച്ച സംഭവത്തിൽ ടിം പെയ്ൻ ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം രാജിവച്ചതിനു പിന്നാലെ, ക്രിക്കറ്റ് ഓസ്ട്രേലിയയ്‍ക്കെതിരെ കടുത്ത വിമർശനവുമായി മുൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്ക് രംഗത്ത്. വ്യക്തിജീവിതത്തിൽ നൂറു ശതമാനം പൂർണരായ ആളുകളെ കാത്തിരുന്നാൽ ഓസ്ട്രേലിയൻ ടീമിനെ നയിക്കാൻ ആരെയും കിട്ടില്ലെന്ന് ക്ലാർക്ക് അഭിപ്രായപ്പെട്ടു. ടിം പെയ്നു പിന്തുണ നൽകുന്നതിൽ ക്രിക്കറ്റ് ഓസ്ട്രേലിയയ്ക്ക് പാളിച്ച സംഭവിച്ചെന്ന് വിലയിരുത്തിയാണ് മൈക്കൽ ക്ലാർക്കിന്റെ വിമർശനം.

സഹപ്രവർത്തകയ്ക്കു ലൈംഗികച്ചുവയുള്ള സന്ദേശമയച്ച സംഭവം വാർത്തയായതിനെത്തുടർന്നാണ് കഴിഞ്ഞ ദിവസം ടിം പെയ്ൻ ഓസീസ് ടെസ്റ്റ് ടീമിന്റെ നായകസ്ഥാനമൊഴിഞ്ഞത്. ദേശീയ ടീം ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുന്നതിനു മാസങ്ങൾ മുൻപു 2017ൽ ക്രിക്കറ്റ് ടാസ്മാനിയയിലെ ഒരു ജോലിക്കാരിക്കാണു പെയ്ൻ മൊബൈൽ ഫോണിൽ അശ്ലീല സന്ദേശവും ചിത്രങ്ങളും അയച്ചത്. പ്രായപൂർത്തിയായ രണ്ടുപേർ തമ്മിലുള്ള സംസാരം എന്ന രീതിയിൽ സംഭവം ടാസ്മാനിയൻ ക്രിക്കറ്റ് ഗുരുതരമായി എടുത്തിരുന്നില്ല. എന്നാൽ, ഈ സന്ദേശങ്ങൾ കഴിഞ്ഞ ദിവസം മാധ്യമങ്ങൾ പുറത്തുവിട്ടതോടെയാണ് വീണ്ടും വിവാദമുയർന്നത്.

ടിം പെയ്ന് പിന്തുണ നൽകുന്ന കാര്യത്തിൽ ക്രിക്കറ്റ് ഓസ്ട്രേലിയ പരാജയപ്പെട്ടെന്ന് ക്ലാർക്ക് ചൂണ്ടിക്കാട്ടി. വ്യക്തിജീവിതത്തിൽ സമ്പൂർണരായ ആളുകളെ കാത്തിരുന്നാൽ 15 വർഷം കഴിഞ്ഞാലും ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന് ക്യാപ്റ്റനെ ലഭിക്കില്ലെന്ന് ക്ലാർക്ക് ചൂണ്ടിക്കാട്ടി.

‘ഇക്കാര്യത്തിൽ കളിക്കാരനു പിന്തുണ നൽകാത്തതെന്താണ്? ഒരു െതറ്റും ചെയ്യാത്തവരെ കാത്തിരുന്നാൽ 15 വർഷം കഴിഞ്ഞാലും ക്യാപ്റ്റനാക്കാൻ ആളെ ലഭിക്കുമെന്ന് തോന്നുന്നില്ല’ – ക്ലാർക്ക് പറഞ്ഞു.

ഓസ്ട്രേലിയൻ ക്രിക്കറ്റിലെ ഇതിഹാസ നായകനായി മാറിയ റിക്കി പോണ്ടിങ്ങിന്റെ ഉദാഹരണവും ക്ലാർക്ക് ചൂണ്ടിക്കാട്ടി.

‘റിക്കി പോണ്ടിങ്ങിന്റെ കാര്യം ഉദാഹരണമായി ആലോചിച്ചുനോക്കൂ. പിഴവു വരുത്താത്തവരാണ് ക്യാപ്റ്റൻ സ്ഥാനത്തു വേണ്ടതെങ്കിൽ പോണ്ടിങ് ഓസീസ് ടീമിന്റെ നായകനാകുമായിരുന്നോ? പബ്ബിൽവച്ച് അദ്ദേഹം മദ്യപിച്ച് സംഘർഷമുണ്ടാക്കിയിട്ടില്ലേ? അതിന്റെ പേരിൽ പോണ്ടിങ്ങിന് നായകസ്ഥാനം നിരസിച്ചിരുന്നെങ്കിലോ? ഇക്കാര്യത്തിൽ  പോണ്ടിങ് തന്നെയാണ് ഏറ്റവും മികച്ച ഉദാഹരണം. കാലവും തഴക്കവും പക്വതയും ഓസീസ് ടീമിലെ അംഗത്വവും എന്തിന് നായകസ്ഥാനം പോലും ഒരാളെ എങ്ങനെ മാറ്റിമറിക്കുമെന്ന് പോണ്ടിങ്ങിന്റെ ജീവിതത്തിലൂടെ കാണാം’ – ക്ലാർക്ക് പറഞ്ഞു.

English Summary: You’ll be looking for 15 years, we won't have a captain: Michael Clarke slams Cricket Australia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com