സ്വന്തം ബോളർമാരെ കുറ്റപ്പെടുത്തി റൂട്ട്; പിന്നെ നിങ്ങളെന്ത് ക്യാപ്റ്റനാണെന്ന് പോണ്ടിങ്ങും!
Mail This Article
അഡ്‍ലെയ്ഡ്∙ ഓസ്ട്രേലിയയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ദയനീയ തോൽവി വഴങ്ങി പരമ്പരയിൽ 2–0ന് പിന്നിലായതോടെ, സ്വന്തം ബോളർമാരെ കുറ്റപ്പെടുത്തി പരസ്യമായി രംഗത്തെത്തിയ ഇംഗ്ലിഷ് നായകൻ ജോ റൂട്ടിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഓസീസ് നായകൻ റിക്കി പോണ്ടിങ് രംഗത്ത്. ബോളർമാരുടെ പ്രകടനം ശരിയായില്ലെങ്കിൽ അവരെ തിരുത്തി മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് ആരാണെന്ന് പോണ്ടിങ് ചോദിച്ചു. സ്വന്തം ടീമിനെ നിയന്ത്രിക്കാനാകുന്നില്ലെങ്കിൽ പിന്നെയെന്തിനാണ് താങ്കൾ ആ ടീമിന്റെ നായകനായിരിക്കുന്നതെന്നും റൂട്ടിനെ ലക്ഷ്യമിട്ട് പോണ്ടിങ് ചോദിച്ചു.
ആഷസ് പരമ്പരയിലെ പിങ്ക് ബോൾ ടെസ്റ്റിൽ ഓസ്ട്രേലിയയോടു തോറ്റതിനു പിന്നാലെയാണ് സ്വന്തം ബോളർമാരെ രൂക്ഷമായി വിമർശിച്ച് ജോ റൂട്ട് രംഗത്തെത്തിയത്. ഫുൾ ലെങ്തിൽ തുടർച്ചയായി ബോൾ ചെയ്യുന്നതിൽ ഇംഗ്ലിഷ് ബോളർമാർ പിഴുവു വരുത്തിയതായി റൂട്ട് ചൂണ്ടിക്കാട്ടിയിരുന്നു. പ്രത്യേകിച്ചും ഒന്നാം ഇന്നിങ്സിൽ ഇംഗ്ലിഷ് ബോളർമാരുടെ പ്രകടനം ദയനീയമായിപ്പോയി എന്നായിരുന്നു റൂട്ടിന്റെ വിമർശനം. എന്നാൽ, ടീമിന്റെ തോൽവിക്കു പിന്നാലെ സ്വന്തം ബോളർമാരെ കുറ്റപ്പെടുത്തിയ റൂട്ടിനെതിരെ റിക്കി പോണ്ടിങ് രംഗത്തെത്തി.
‘റൂട്ടിന്റെ പ്രസ്താവന കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. ബോളർമാരുടെ പ്രകടനം ശരിയായില്ലെങ്കിൽ അവരെ കൃത്യമായി ബോൾ ചെയ്യാൻ പ്രേരിപ്പിക്കേണ്ടത് ആരാണ്? പിന്നെ എന്തിനാണ് ടീമിന്റെ ക്യാപ്റ്റനായി അദ്ദേഹം തുടരുന്നത്? ഏതു ലെങ്തിലാണ് ബോൾ ചെയ്യേണ്ടതെന്ന് ബോളർമാരോട് പറയേണ്ടതും അവരെ തിരുത്തേണ്ടതും ക്യാപ്റ്റനല്ലേ? അദ്ദേഹം പിന്നെ കളത്തിൽ എന്തു ചെയ്യുകയായിരുന്നു’ – പോണ്ടിങ് ചോദിച്ചു.
‘മത്സരം തോറ്റു കഴിയുമ്പോൾ ജോ റൂട്ടിന് എന്തും പറയാൻ അവകാശമുണ്ട്. പക്ഷേ, ക്യാപ്റ്റനെന്ന നിലയിൽ ബോളർമാരോട് അദ്ദേഹം ഉദ്ദേശിക്കുന്ന രീതിയിൽ ബോൾ ചെയ്യാൻ നിർദ്ദേശിക്കാനാകണം. അവർ അനുസരിക്കുന്നില്ലെങ്കിൽ ബോൾ ചെയ്യുന്നതിൽനിന്ന് അവരെ മാറ്റിനിർത്തണം. താങ്കൾ ഉദ്ദേശിക്കുന്ന ലെങ്തിൽ ബോൾ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നയാൾക്ക് ബോളിങ്ങിന് അവസരം നൽകുക. അല്ലെങ്കിൽ എന്താണ് താങ്കൾക്ക് വേണ്ടതെന്ന് ബോളർമാർക്ക് കൃത്യമായ നിർദ്ദേശം നൽകി അവരെക്കൊണ്ട് അതു ചെയ്യിക്കുക. അതിനല്ലേ ക്യാപ്റ്റൻസി എന്നു പറയുന്നത്’ – പോണ്ടിങ് ചോദിച്ചു.
English Summary: Ricky Ponting questions Joe Root’s criticism of England bowlers after 2nd Ashes Test