ADVERTISEMENT

അഹമ്മദാബാദ്∙ ഇന്ത്യൻ പ്രിമിയർ ലീഗിലെ (ഐപിഎൽ) മിന്നും താരങ്ങളിലൊരാളായ മോഹിത് ശർമയുടെ പുതിയ സീസണിലെ റോൾ കണ്ട് ഞെട്ടി ആരാധകർ. ഒരുകാലത്ത് ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സ് നായകൻ മഹേന്ദ്രസിങ് ധോണിയുടെ വജ്രായുധമായിരുന്ന മോഹിത് ശർമ ഇത്തവണയും ഐപിഎലിന് എത്തുന്നുണ്ട്. അതുപക്ഷേ, ഇത്തവണ ഐപിഎൽ അരങ്ങേറ്റം കുറിക്കുന്ന ഗുജറാത്ത് ടൈറ്റൻസിന്റെ നെ‌റ്റ് ബോ‌ളർ ആയിട്ടാണെന്നു മാത്രം! 2014ലെ ‌ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന ബോ‌ളർക്കുള്ള പർപ്പിൾ ക്യാപ്പ് സ്വന്തമാക്കിയ താരത്തിനാണ് ഈ ഗതികേട്. ഇന്ത്യൻ ജഴ്സിയിൽ രണ്ടു ലോകകപ്പ് കളിച്ചിട്ടുള്ള താരം കൂടിയാണ് മുപ്പത്തിമൂന്നുകാരനായ മോഹിത് ശർമ.

ഗുജറാത്ത് ടൈറ്റൻസിൽ ബാറ്റർമാർക്ക് നെറ്റ്സിൽ പന്തെ‌റിഞ്ഞുകൊടുക്കുന്ന താരതമ്യേന അപ്രധാനമായ റോളിൽ ഗുജറാത്ത് ടൈറ്റൻസിൽ ഐപിഎലിലെ ഒരു മുൻ സൂപ്പർതാരം കൂടിയുണ്ട് മോഹിത് ശർമയ്ക്കൊപ്പം. ഐപിഎലിൽ പലതവണ മിന്നും പ്രകടനങ്ങളുമായി ശ്രദ്ധ നേടിയിട്ടുള്ള ബരീന്ദർ സ്രാൻ!

2014ലെ ‌ഐപിഎൽ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനായി കളിച്ച മോഹിത് ശർമ, 16 മത്സരങ്ങളിൽനിന്ന് 19.65 ശരാശരിയിൽ 23 വിക്കറ്റുകൾ സ്വന്തമാക്കിയാണ് വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനായത്. ഇത്തവണയും മോഹിത് ശർമ ഐപിഎലിൽ താരലേലത്തിന് പേര് റജിസ്റ്റർ ചെയ്തിരുന്നെ‌ങ്കിലും ആരും വാങ്ങാനെത്തിയില്ല. ഇതോടെയാണ് ഗുജറാത്ത് ടൈറ്റൻസിനൊപ്പം നെ‌റ്റ് ബോ‌ളറായി ചേർന്നത്.

2013 മുതൽ 2015 വരെയാണ് മോഹിത് ശർമ ചെന്നൈ സൂപ്പർ കിങ്സിൽ മഹേന്ദ്രസിങ് ധോണിക്കു കീഴിൽ കളിച്ചത്. അതിനുശേഷം 2016 മുതൽ 2018 വരെ പഞ്ചാബ് കിങ്സിനായി കളിച്ചു. 2019ൽ ചെന്നൈ സൂപ്പർ കിങ്സിലേക്ക് തിരിച്ചെത്തി. പിന്നീട് 2020ൽ ഡൽഹി ക്യാപിറ്റൽസിനായും കളിച്ചു. ഐപിഎൽ കരിയറിലാകെ 86 മത്സരങ്ങളിൽനിന്ന് 92 വിക്കറ്റുകളാണ് മോഹിത് ശർമയുടെ സമ്പാദ്യം.

ഐപിഎലിലെ മിന്നുന്ന പ്രകടനത്തിന്റെ ബലത്തിൽ ഇന്ത്യൻ ടീമിലും മോഹിത് ഇടംപിടിച്ചു. ഇന്ത്യയ്ക്കായി 26 ഏകദിനങ്ങളും എട്ട് ട്വന്റി20 മത്സരങ്ങളും കളിച്ചു. 2014ലെ ട്വന്റി20 ലോകകപ്പിൽ ഫൈനൽ കളിച്ച ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. 2015ലെ ഏകദിന ലോകകപ്പിൽ സെമിയിലെത്തിയ ഇന്ത്യൻ ടീമിലും അംഗമായി.

ഐപിഎൽ വാതുവയ്പ്പുമായി ബന്ധപ്പെട്ട് ചെന്നൈ സൂപ്പർ കിങ്സിന് രണ്ടു വർഷത്തെ വിലക്കു ലഭിച്ചതോടെയാണ് മോഹിത് ശർമയുടെ കരിയർ ഗ്രാഫ് താഴേയ്ക്കു പോയത്. പിന്നീട് പഞ്ചാബ് കിങ്സിനായി കളിച്ചെ‌ങ്കിലും ചെന്നൈ സൂപ്പർ കിങ്സിലെ മികവു തുടരാനായില്ല. 2019ൽ ചെന്നൈ സൂപ്പർ കിങ്സിൽ തിരിച്ചെത്തിയപ്പോ‌ഴും പഴയ മികവിന്റെ നിഴൽ മാത്രമായി ഒതുങ്ങി. ഏറ്റവുമൊടുവിൽ 2020ൽ ഡൽഹി ക്യാപിറ്റൽസ് ടീമിലെടുത്തെ‌ങ്കിലും ആകെ കളത്തിലിറങ്ങാനായത് ഒരു മത്സരത്തിൽ മാത്രം. 45 റൺസ് വഴങ്ങി ഒരു വിക്കറ്റ് മാത്രമാണ് അന്നു നേടാനായത്.

English Summary: Mohit Sharma turns out as net bowler for Gujarat Titans, shocks fans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com