ADVERTISEMENT

ചെന്നൈ∙ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽനിന്നും വിരമിച്ചു. നേരത്തെ, രാജ്യാന്തര ക്രിക്കറ്റിൽനിന്നും വിരമിച്ച താരം ഐപിഎലിലും ആഭ്യന്തര മത്സരങ്ങളിലും തുടർന്നിരുന്നു. ഇതിൽനിന്നാണ് താരം ഇപ്പോൾ വിടപറയുന്നത്. റെയ്ന ഐപിഎലിൽനിന്ന് വിരമിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇതു സ്ഥിരീകരിച്ച് അദ്ദേഹം തന്നെ ട്വീറ്റ് ചെയ്തത്. 

‘‘എന്റെ രാജ്യത്തെയും യുപിയെയും പ്രതിനിധീകരിക്കാൻ കഴിഞ്ഞത് ഒരു തികഞ്ഞ ബഹുമതിയാണ്. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ബിസിസിഐ, യുപി ക്രിക്കറ്റ് അസോസിയേഷൻ, ചെന്നൈ സൂപ്പർ കിങ്സ്, രാജീവ് ശുക്ല സർ, എന്റെ എല്ലാ ആരാധകർക്കും, അവർ നൽകിയ പിന്തുണയ്ക്കും എന്റെ കഴിവുകളിൽ അചഞ്ചലമായ വിശ്വാസത്തിനും നന്ദി പറയാൻ ആഗ്രഹിക്കുന്നു.” റെയ്ന ട്വീറ്റ് ചെയ്തു.

ഐപിഎൽ 2022 സീസണ് മുന്നോടിയായി നടന്ന മെഗാ ലേലത്തിൽ 2 കോടി രൂപ അടിസ്ഥാന വിലയിട്ട താരത്തെ ടീമിലെത്തിക്കാൻ ചെന്നൈ അടക്കം 10 ഫ്രാഞ്ചൈസികളും താൽപര്യം കാണിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് ഇപ്പോൾ 2023 സീസണു മുൻപ് റെയ്ന ഐപിഎലിൽനിന്നു വിടപറയുന്നത്. 

2020 ഓഗസ്റ്റിലാണ് റെയ്‌ന രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചത്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ്.ധോണി വിരമിച്ച അതേദിവസം തന്നെയാണ് ‘ചിന്നത്തല’യും വിരമിക്കൽ പ്രഖ്യാപിച്ചത്. മറ്റു ട്വന്റി20 ലീഗുകളിൽ കളിക്കുന്നതിന് ബിസിസിഐയുടെ അനുമതി ലഭിക്കുന്നതിനാണ് റെയ്നയുടെ വിരമിക്കൽ തീരുമാനമെന്നാണ് സൂചന. 

‘‘എനിക്ക് അടുത്ത 2-3 വർഷം കൂടി ക്രിക്കറ്റ് കളിക്കണം. ഉത്തർപ്രദേശ് ടീമിന് കഴിവുള്ള ചില ക്രിക്കറ്റ് താരങ്ങളെ ലഭിച്ചിട്ടുണ്ട്, അവർ മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്നുണ്ട്. എനിക്ക് യുപിസിഎയിൽനിന്ന് എൻഒസി ലഭിച്ചു, ബിസിസിഐ സെക്രട്ടറി ജയ് ഷായെയും വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയെയും അറിയിച്ചു. എന്റെ കരിയറിൽ ഉടനീളം എന്നെ പിന്തുണച്ചതിന് യുപിസിഎയ്ക്കും ബിസിസിഐക്കും ഞാൻ നന്ദി പറയുന്നു. ഇനി ഞാൻ ലോകമെമ്പാടുമുള്ള ടി20 ലീഗുകളിൽ കളിക്കും.’’– റെയ്ന പറഞ്ഞതായി ദേശീയ മാധ്യമമ റിപ്പോർട്ട് ചെയ്തു.

ചെന്നൈ സൂപ്പർ കിങ്സ്, മുംബൈ ഇന്ത്യൻസ്, സൺറൈസേഴ്‌സ് ഹൈദരാബാദ് തുടങ്ങിയ നിരവധി ഐപിഎൽ ഫ്രാഞ്ചൈസികൾ യുഎഇയിലും ദക്ഷിണാഫ്രിക്കൻ ലീഗുകളിലും ടീമുകളെ വാങ്ങിയിട്ടുണ്ട്. ദീർഘകാലം സിഎസ്‌കെ താരമായിരുന്ന റെയ്‌ന, ദക്ഷിണാഫ്രിക്കൻ ലീഗിൽ സൂപ്പർ കിങ്സിന്റെ ഉടമസ്ഥതയിലുള്ള ടീമിൽ കളിക്കുമോയെന്ന് അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.

∙ വിജയക്കൂട്ടിലെ പ്രധാന മസാല

2008ൽ സീസൺ തുടങ്ങിയപ്പോൾ തന്നെ ചെന്നൈയുടെ വിജയങ്ങളിൽ പ്രധാനിയായിരുന്നു ഇടങ്കയ്യൻ താരമായ സുരേഷ് റെയ്ന. 421 റൺസാണ് ആദ്യ സീസണിൽ നേടിയത്. രണ്ടാം എഡിഷനിൽ 434. 8 സീസണുകളിൽ 400 റൺസിനു മുകളിൽ സ്കോർ ചെയ്തു. ഫീൽഡിലെ തകർപ്പൻ പ്രകടനത്തിലൂടെ എത്ര മാത്രം റൺസാണ് റെയ്ന ചെന്നൈക്ക് രക്ഷപ്പെടുത്തി നൽകിയത്. റണ്ണൗട്ടുകൾ വേറെ.

മിക്ക സീസണുകളിലും 400 റൺസോളം പതിവായി സ്കോർ ചെയ്താണ് റെയ്ന ചെന്നൈയുടെ മുത്തായി മാറിയത്. ടീമിനായി ഏറ്റവും കൂടുതൽ റൺസ് പിറന്നതും മിസ്റ്റർ ഐപിഎൽ എന്നുകൂടി വിളിപ്പേരുള്ള റെയ്നയുടെ ബാറ്റിൽ നിന്നാണ്– 4687 റൺസ്. ചെന്നൈക്കായി നേടിയ 34 അർധസെഞ്ചുറികളുടെ എണ്ണവും ഇനി മറ്റൊരു താരം വേണം മറികടക്കാൻ. സിഎസ്കെയ്ക്ക് വേണ്ടി ഏറ്റവുമധികം ഫോറുകളും സിക്സറുകളും അടിച്ച റെക്കോർഡും നിലവിൽ റെയ്നയുടെ പേരിലാണ്. 109 ക്യാച്ചുകളും ആ കൈകളിൽ ഭദ്രമായിരുന്നു.

മുംബൈയ്‌ക്കെതിരായ മത്സരത്തിനിടെ മഹേന്ദ്രസിങ് ധോണിയും സുരേഷ് റെയ്‌നയും (ട്വിറ്റർ ചിത്രം)
മുംബൈയ്‌ക്കെതിരായ മത്സരത്തിനിടെ മഹേന്ദ്രസിങ് ധോണിയും സുരേഷ് റെയ്‌നയും (ട്വിറ്റർ ചിത്രം)

2 സീസണിൽ ചെന്നൈക്ക് വിലക്ക് വന്നപ്പോൾ ഗുജറാത്ത് ലയൺസിന്റെ നായകനായിരുന്നു റെയ്ന. 2019 മുതലേ സിഎസ്കെ മാനേജ്മെന്റുമായി അത്ര രസത്തിലായിരുന്നില്ല റെയ്ന. ദുബായിൽ നടന്ന ഐപിഎലിൽ ഹോട്ടൽ മുറിയുടെ സൗകര്യവുമായി ബന്ധപ്പെട്ട് വിവാദമുണ്ടായിരുന്നു. വ്യക്തിപരമായ കാരണങ്ങൾ പറഞ്ഞ് റെയ്ന പാതിവഴിയിൽ നാട്ടിലേക്കു തിരിക്കുകയും ചെയ്തിരുന്നു. അത്തവണ ചെന്നൈ പ്ലേ ഓഫ് കണ്ടില്ല.

2021ൽ ടീമിൽ തിരിച്ചെത്തിയെങ്കിലും എല്ലാ മത്സരങ്ങളിലും കളിച്ചില്ല. 12 മത്സരങ്ങളിൽനിന്ന്17.77 റൺസ് ശരാശരിയോടെ 160 റൺസേ നേടാനായുള്ളൂ. കരിയറിൽ 136.76 സ്ട്രൈക് റേറ്റുള്ള താരത്തിന് കഴിഞ്ഞ സീസണിൽ അത് 125 ആയി താഴ്ന്നു.

English Summary: Suresh Raina to retire from IPL? Former CSK star keen on playing T20 leagues in UAE, South Africa: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com