ADVERTISEMENT

മുംബൈ∙ ജസ്പ്രീത് ബുമ്ര പരുക്കുമാറി ട്വന്റി20 ലോകകപ്പിൽ കളിച്ചില്ലെങ്കിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിജയം കൂടുതൽ ബുദ്ധിമുട്ടുള്ളതാകുമെന്ന് ഓസ്ട്രേലിയയുടെ മുൻ ഓൾറൗണ്ടര്‍ ഷെയ്ൻ വാട്സൻ. ലെജൻ‍ഡ് ക്രിക്കറ്റ് ലീഗ് മത്സരങ്ങൾക്കായി ഇന്ത്യയിലെത്തിയപ്പോഴായിരുന്നു വാട്സന്റെ പ്രതികരണം. ‘‘ഇന്ത്യയ്ക്ക് ബുമ്ര മികച്ചൊരു അറ്റാക്കിങ് ബോളറാണ്. ബുമ്രയുടെ അഭാവം ടീം ഇന്ത്യയ്ക്കു വലിയ നഷ്ടമാകും’’– ഷെയ്ൻ‌ വാട്സന്‍ പറഞ്ഞു.

‘‘അവസാന ഓവറുകളിൽ ബുമ്രയെപ്പോലെ പന്തെറിയുന്ന ബോളർമാരെ കണ്ടെത്തുന്നതു തന്നെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ലോകത്ത് ബുമ്രയ്ക്കൊപ്പം നിൽക്കുന്ന പകരക്കാരൻ ആരുമില്ല. പകരക്കാരനെ കണ്ടെത്തുകയെന്നതാണ് ഇന്ത്യയ്ക്കു മുന്നിലുള്ള വലിയ വെല്ലുവിളി. മറ്റു പേസർമാർ മുന്നോട്ടുവരേണ്ടിവരും. അതു സംഭവിക്കാതെ ഇന്ത്യയ്ക്കു ലോകകപ്പിൽ മുന്നേറ്റം സാധ്യമല്ല’’– വാട്സൻ പറഞ്ഞു. ഫോം തിരിച്ചു പിടിക്കാൻ വിരാട് കോലിക്കു കുറച്ചു സമയം വേണ്ടിവന്നുവെന്നും വാട്സൻ വ്യക്തമാക്കി.

‘‘ഇന്ത്യൻ പ്രീമിയർ ലീഗിൽ കോലിക്ക് ആവേശം കുറവായിരുന്നു. എനിക്ക് അതു കാണാനായിട്ടുണ്ട്. റൺ നേടാനും ടീമിനെ മുന്നോട്ടുകൊണ്ടുപോകാനും വിരാട് കോലി പരിശ്രമിച്ചു. കോലിക്കു വിശ്രമം ആവശ്യമായിരുന്നു. കോലി ഇപ്പോൾ ഏറ്റവും മികച്ച നിലയിലേക്കു തിരിച്ചെത്തി. അതു കാണുന്നതിൽ വളരെ സന്തോഷമുണ്ട്’’– ഷെയ്ൻ വാട്സൻ പ്രതികരിച്ചു. കാര്യവട്ടം ട്വന്റി20 മത്സരത്തിനു തൊട്ടുമുൻപാണ് ബുമ്രയ്ക്ക് പുറംവേദന അനുഭവപ്പെട്ടത്. നിലവിൽ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് ബുമ്രയുള്ളത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽനിന്ന് ബുമ്രയെ ഒഴിവാക്കിയിട്ടുണ്ട്. പേസർ മുഹ‌മ്മദ് സിറാജ് പകരക്കാരനായി ടീമിലെത്തി. ബുമ്ര ട്വന്റി20 ലോകകപ്പിൽ കളിക്കുമോയെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. ഏതാനും ദിവസങ്ങൾക്കുള്ളിൽ ബുമ്രയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ് പ്രതികരിച്ചു.

English Summary: There is no like-for-like replacement for Jasprit Bumrah in the world, leave alone India: Shane Watson

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com