ADVERTISEMENT

അഹമ്മദാബാദ്∙ ഒരോവറിൽ 7 സിക്സ്, മൊത്തം 43 റൺസ്. കണക്ക് അങ്ങോട്ട് ശരിയാകുന്നില്ലല്ലോ ആശാനേ എന്നാണോ? വിജയ് ഹസാരെ ട്രോഫിയിൽ യുപി ബോളർ ശിവ സിങ്ങിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് മഹാരാഷ്ട്ര ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദ് നിറഞ്ഞാടിയപ്പോൾ പിറന്നത് ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ പുത്തൻ റെക്കോർഡ്. ഒരോവറിൽ ഏഴു സിക്സുകൾ പായിച്ചാണ് ഋതുരാജ് ഗെയ്‌ക്‌വാദ് റെക്കോർഡിട്ടത്. അഞ്ചാം പന്ത് നോ ബോൾ ആയതോടെയാണ് മൊത്തം ഏഴു ബോളുകൾ എറിയേണ്ടി വന്നത്. ഫലമോ, നോ ബോളിന്റെ എക്സ്ട്രാ റൺ അടക്കം ഒരോവറിൽ 43 റൺസ്.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന യുപി– മഹാരാഷ്ട്ര വിജയ ഹസാരെ ട്രോഫി മത്സരത്തിൽ, മഹാരാഷ്ട്ര ‌ഇന്നിങ്സിന്റെ 49–ാം ഓവറിലായിരുന്നു ഓപ്പണറായി ഇറങ്ങിയ ഋതുരാജ് ഗെയ്‌ക്‌വാദിന്റെ ബാറ്റിങ് വെടിക്കെട്ട്. ഓവർ തുടങ്ങുമ്പോൾ 272–5 എന്ന നിലയിലായിരുന്നു മഹാരാഷ്ട്ര. ഗെയ്‌ക്‌വാദിന്റെ വ്യക്തിഗത സ്കോർ 165 ഉം. ആദ്യ ബോൾ മുതൽ ഗെയ്‌ക്‌വാദ് പന്ത് തലങ്ങുവിലങ്ങും പായിച്ചതോടെ ബോളർ ശിവ സിങ് സമ്മർദത്തിലായി. ഇതോടെ ഒരു നോ ബോളും എറിഞ്ഞു. ഫ്രീ ഹിറ്റ് ബോളിനും നിലംതൊടാതെ പായാനായിരുന്നു വിധി. ഓവർ അവസാനിച്ചപ്പോൾ മഹാരാഷ്ട 315–5, ഗെയ്‌ക്‌വാദിന് ഡബിൾ സെ‍ഞ്ചറി (207).

ഇതടക്കം 16 സിക്സുകളും 10 ഫോറുകളും പായിച്ച ഗെയ്ക്‌വാദിന്റെ ഡബിൾ സെഞ്ചറിയുടെ (159 പന്തിൽ 220*) മികവിൽ 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 330 റൺസാണ് മഹാരാഷ്ട്ര കുറിച്ചത്. മഹാരാഷ്ട്ര ബാറ്റിങ് നിരയിൽ അങ്കിത് ബവ്നെ (37), അസിം കാസി (37) എന്നിവർ മാത്രമാണ് രണ്ടക്കം കടന്ന മറ്റു രണ്ടു പേർ. ഗെയ്‌ക്‌വാദ് ഒഴികെയുള്ള മറ്റു ബാറ്റർ ചേർന്നു നേടിയത് 96 റൺസ്. എക്സ്ട്രാസ് 14. ടോസ് നേടിയ യുപി, ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഒരോവറിൽ ഏറ്റവും കൂടുതൽ റൺസ് (42) നേടുന്ന താരം എന്ന റെക്കോർഡ് ഇന്നത്തെ മത്സരത്തോടെ ഋതുരാജ് ഗെയ്‌ക്‌വാദ് സ്വന്തമാക്കി. 2013ലെ ധാക്ക പ്രീമിയർ ഡിവിഷൻ മത്സരത്തിൽ 39 റൺസ് നേടിയ സിംബാബ്‌വെയുടെ എൽട്ടൺ ചിഗുംബുരയുടെ പേരിലായിരുന്നു ഇതുവരെയുള്ള റെക്കോർഡ്. മുൻ ഇന്ത്യൻ താരമായ യുവരാജ് സിങ്ങും ഇതിനു മുൻപ് ഒരോവറിലെ എല്ലാ പന്തും സിക്സർ പായിച്ചിരുന്നു. 2007 ട്വന്റി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു യുവിയുടെ ബാറ്റിങ് പ്രകടനം.

English Summary: Ruturaj Gaikwad becomes 1st batter in limited-overs cricket to hit 7 sixes in single over

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com