സേവാഗിനു കിട്ടിയ സ്വാതന്ത്ര്യം ടീം മാനേജ്മെന്റ് എനിക്ക് തന്നില്ല: തുറന്നടിച്ച് മുരളി വിജയ്

murali-vijay-sehwag
മുരളി വിജയ്, വീരേന്ദർ സേവാഗ്
SHARE

ചെന്നൈ ∙ രാജ്യാന്തര ക്രിക്കറ്റിൽ ഓപ്പണിങ് പങ്കാളിയായിരുന്ന സൂപ്പർതാരം വീരേന്ദര് സേവാഗിന് ലഭിച്ച പിന്തുണയും സ്വാതന്ത്ര്യവും, അതേസമയത്ത് ടീമിലുണ്ടായിരുന്ന തനിക്കു ലഭിച്ചില്ലെന്ന ആക്ഷേപവുമായി മുരളി വിജയ് രംഗത്ത്. സേവാഗിനു ലഭിച്ച സ്വാതന്ത്ര്യവും പിന്തുണയും ലഭിച്ചിരുന്നെങ്കില്‍ കൂടുതൽ മികച്ച പ്രകടനങ്ങൾ നടത്താൻ തനിക്കു സാധിക്കുമായിരുന്നുവെന്നും മുരളി വിജയ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ‘സത്യസന്ധമായി പറഞ്ഞാൽ, വീരേന്ദർ സേവാഗിനു ലഭിച്ച പിന്തുണ എനിക്കു ലഭിച്ചിട്ടില്ല. സേവാഗിന് കരിയറിൽ ലഭിച്ചതൊന്നും എനിക്കു ലഭിച്ചില്ല’ – മുൻ താരം ഡബ്ല്യു.വി.രാമനുമായുള്ള സംഭാഷണത്തിൽ മുരളി വിജയ് ചൂണ്ടിക്കാട്ടി.

‘സേവാഗിനു ലഭിച്ചതുപോലുള്ള പിന്തുണയും തുറന്ന സംഭാഷണവും എനിക്കു ലഭിച്ചിരുന്നെങ്കിൽ, ഞാനും പരമാവധി ശ്രമിച്ചു നോക്കുമായിരുന്നു. രാജ്യാന്തര ക്രിക്കറ്റിൽ ടീമിനായി നൽകുന്ന സംഭാവനകളിൽ ടീമിന്റെ പിന്തുണ പ്രധാനപ്പെട്ടതാണ്. ക്രിക്കറ്റിന്റെ ഏറ്റവും ഉയർന്ന തലമായ രാജ്യാന്തര ക്രിക്കറ്റിൽ, സ്വന്തം നിലയ്ക്കുള്ള പരീക്ഷണങ്ങൾക്കു വലിയ സാധ്യതയില്ല’ – മുരളി വിജയ് ചൂണ്ടിക്കാട്ടി.

സേവാഗിനൊപ്പം കളിക്കുമ്പോഴുള്ള രസകരമായ ഓർമകളും മുരളി വിജയ് പങ്കുവച്ചു. മറുവശത്ത് സേവാഗ് തകർത്തടിക്കുമ്പോൾ, സമാനമായ രീതിയിൽ ആക്രമിച്ചുകളിക്കാനുള്ള ആവേശം നിയന്ത്രിച്ചു നിർത്തുന്നത് ശ്രമകരമായിരുന്നുവെന്ന് മുരളി വിജയ് അനുസ്മരിച്ചു.

‘‘മറുവശത്ത് സേവാഗ് തകർത്തടിക്കുമ്പോൾ, അതേപോലെ കളിക്കാനുള്ള ആവേശം നിയന്ത്രിച്ചുനിർത്തുന്നത് ശ്രമകരമായിരുന്നു. പക്ഷേ, ആ സ്വാതന്ത്ര്യത്തോടെ സേവാഗ് കളിക്കുന്നത് കാണാൻ തന്നെ അഴകായിരുന്നു. ആ ശൈലിയിൽ കളിക്കാൻ സേവാഗിനു മാത്രമേ സാധിക്കൂ. മറ്റാർക്കും അതുപോലെ കളിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല. അദ്ദേഹം ഇന്ത്യൻ ക്രിക്കറ്റിനു നൽകിയ സംഭാനകൾ നിസ്തുലമാണ്. വ്യത്യസ്തവുമാണ്. സേവാഗിന്റെ കളി അടുത്തുനിന്ന് കാണാനും അദ്ദേഹവുമായി സംവദിക്കാനും എനിക്കു ഭാഗ്യം ലഭിച്ചു’ – മുരളി വിജയ് പറഞ്ഞു.

‘‘സേവാഗിന്റെ കളി വളരെ ലളിതമായിരുന്നു. അദ്ദേഹത്തിന്റെ തത്വശാസ്ത്രവും ലളിതമായിരുന്നു. പന്തിലേക്കു നോക്കുക, പ്രഹരിക്കുക. ആ ശൈലിയിലായിരുന്നു അദ്ദേഹത്തിന്റെ ബാറ്റിങ്. 145–150 കിലോമീറ്റർ വേഗതയിൽ പന്തെറിയുന്ന ബോളർമാരെ മൂളിപ്പാട്ടു പാടി നേരിടുക. അസാമാന്യ മികവാണത്. അസാധാരണവും’ – മുരളി വിജയ് ചൂണ്ടിക്കാട്ടി.

English Summary: I didn't get the freedom of Virender Sehwag: Murali Vijay opens up on lack of support from management

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ടിവിയിൽ എന്നെ കണ്ടാൽ മോൻ ചാനൽ മാറ്റും

MORE VIDEOS
FROM ONMANORAMA