തുടര്‍ച്ചയായി മൂന്നു സിക്സുകൾ; ഡബിൾ അടിച്ച പ്രായം കുറഞ്ഞ താരം, ഗിൽ ചരിത്രം
Mail This Article
ഹൈദരാബാദ്∙ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലെ തിങ്ങിനിറഞ്ഞ ആരാധകരെ സാക്ഷിയാക്കി ശുഭ്മൻ ഗിൽ നടന്നു കയറിയത് ചരിത്രത്തിലേക്കു കൂടിയാണ്. 122 പന്തുകളിൽനിന്ന് 150 റൺസിലെത്തിയ ഗിൽ ഇന്ത്യൻ ഇന്നിങ്സിന്റെ അവസാന ഓവറുകളിലാണ് ഡബിൾ സെഞ്ചറിയെന്ന സ്വപ്നം കീഴടക്കിയത്. ബാറ്റിങ് അവസാനിക്കാൻ രണ്ട് ഓവറുകൾ മാത്രം ബാക്കി നിൽക്കെ ലോക്കി ഫെർഗൂസന്റെ മൂന്ന് പന്തുകളാണ് ഗിൽ തുടർച്ചയായി ഗാലറിയിലെത്തിച്ചത്.
ശുഭ്മൻ ഗിൽ കരിയറിലെ ഏറ്റവും ഉയർന്ന സ്കോർ ന്യൂസീലൻഡിനെതിരെ വെട്ടിപ്പിടിച്ചപ്പോൾ കൂടെ വന്നത് ഒരു കൂട്ടം റെക്കോർഡുകളാണ്. 145 പന്തിൽനിന്നാണ് ഗിൽ ഹൈദരാബാദിൽ ഡബിൾ സെഞ്ചറി തികച്ചത്. 149 പന്തുകൾ നേരിട്ട താരം 208 റൺസെടുത്തു പുറത്തായി. അടിച്ചു നേടിയത് 19 ഫോറുകളും ഒൻപതു സിക്സും. 87 പന്തിൽ നിന്ന് 100 തികച്ച ഗിൽ പിന്നീടുള്ള 62 പന്തുകളിൽനിന്ന് ഇരട്ട സെഞ്ചറിയിലേക്കെത്തി. 150 റൺസിൽനിന്ന് 200 ലേക്കെത്താൻ താരത്തിനു വേണ്ടിവന്നത് 23 പന്തുകൾ മാത്രം.
മാസും ക്ലാസും സമാസമം ചേർന്ന തകർപ്പൻ ഇന്നിങ്സിൽ ഗിൽ നടന്നു കയറിയത് സച്ചിൻ തെൻഡുൽക്കർ, വിവിയൻ റിച്ചാർഡ്സ്, കെവിൻ പീറ്റേഴ്സൻ തുടങ്ങിയ പേരുകാരുടെ റെക്കോർഡ് പട്ടികയിലേക്ക്. ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ താരമാണ് ഗിൽ. 23 വയസ്സുമാത്രം പ്രായമുള്ള ഗിൽ പിന്നിലാക്കിയത് ഇന്ത്യൻ താരം ഇഷാൻ കിഷനെ. ഗില്ലിന് പ്രായം 23 വർഷവും 132 ദിവസവും ആണെങ്കിൽ കഴിഞ്ഞ വർഷം ബംഗ്ലദേശിനെതിരെ ചറ്റോഗ്രമിൽ ഡബിൾ സെഞ്ചറി നേടുമ്പോൾ കിഷന്റെ പ്രായം 24 വർഷവും 145 ദിവസവും ആയിരുന്നു.
തകർപ്പൻ പ്രകടനത്തോടെ ഏകദിനത്തിൽ ഏറ്റവും കുറച്ചു മത്സരങ്ങളിൽനിന്ന് 1000 റൺസ് തികയ്ക്കുന്ന ഇന്ത്യൻ താരമെന്ന നേട്ടവും ഗില്ലിന്റെ പേരിലായി. 19 മത്സരങ്ങളിൽനിന്നാണ് ഗിൽ 1000 കടന്നത്. തൊട്ടുപിന്നിലുള്ള വിരാട് കോലി 1000 റൺസ് കടക്കാൻ 24 ഏകദിന മത്സരങ്ങളെടുത്തിരുന്നു. ലോക ക്രിക്കറ്റിൽ ഏറ്റവും കുറവ് ഏകദിന ഇന്നിങ്സുകളിൽനിന്ന് 1000 റൺസ് തികച്ചത് പാക്കിസ്ഥാൻ താരം ഫഖർ സമാനാണ്. 1000 പിന്നിടാൻ താരത്തിനു വേണ്ടിവന്നത് 18 മത്സരങ്ങൾ മാത്രമായിരുന്നു. തൊട്ടുപിന്നിലായാണ് 19 മത്സരങ്ങളിൽനിന്ന് 1000 കടന്ന ശുഭ്മൻ ഗില്ലിന്റെ സ്ഥാനം. പാക്കിസ്ഥാൻ താരം ഇമാം ഉൾ ഹഖും ഈ നേട്ടത്തിൽ ഗില്ലിനൊപ്പമുണ്ട്. വിവിയൻ റിച്ചാർഡ്സ്, കെവിൻ പീറ്റേഴ്സൻ, ജൊനാഥൻ ട്രോട്ട്, ക്വിന്റൻ ഡികോക്ക്, ബാബർ അസം, റാസി വാൻഡർ ദസ്സൻ എന്നിവർ 21 ഇന്നിങ്സുകളിൽനിന്നാണ് 1000 പിന്നിട്ടത്.
കിവീസിനെതിരെ ഏകദിന ക്രിക്കറ്റിലെ ഉയർന്ന വ്യക്തിഗത സ്കോറാണ് ഹൈദരാബാദിൽ ഗിൽ പടുത്തുയർത്തിയത്. 1999ൽ സച്ചിൻ തെൻഡുൽക്കർ ഹൈദരാബാദിൽ തന്നെ നേടിയ 186 റൺസാണ് തൊട്ടുപിന്നിലുള്ള ഉയർന്ന സ്കോർ. ഓസീസ് താരം മാത്യു ഹെയ്ഡൻ (181*), കല്ലഗാൻ (169*) എന്നിവരാണു ന്യൂസീലൻഡിനെതിരായ മറ്റു പ്രധാന റൺവേട്ടക്കാർ. ഇന്ത്യയ്ക്കായി ഏകദിനത്തിൽ ഇരട്ട സെഞ്ചറി നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമാണ് ഗിൽ. ഗില്ലിനു മുൻപ് ഈ നേട്ടത്തിലെത്തിയത് സച്ചിൻ തെൻഡുൽക്കർ, വിരേന്ദർ സേവാഗ്, രോഹിത് ശർമ, ഇഷാൻ കിഷൻ എന്നീ താരങ്ങളാണ്.
English Summary: Shubman Gill Hits Double Century With 3 Back-To-Back Sixes, Creates Record