ബോളിങ് പോര? കളിക്കിടെ ഷാർദൂലിനോടു ചൂടായി ക്യാപ്റ്റൻ രോഹിത് ശർമ
Mail This Article
ഇൻഡോർ∙ മൂന്നാം ഏകദിനത്തിൽ ന്യൂസീലൻഡിനെതിരെ 90 റൺസിന്റെ വിജയം സ്വന്തമാക്കിയാണ് ഇന്ത്യ പരമ്പര 3–0ന് തൂത്തുവാരിയത്. ജയത്തോടെ ഐസിസി ഏകദിന ക്രിക്കറ്റ് റാങ്കിങ്ങിൽ ഇന്ത്യ ഒന്നാമതെത്തി. തകർപ്പൻ സെഞ്ചറികൾ സ്വന്തമാക്കി ക്യാപ്റ്റന്‍ രോഹിത് ശർമയും ശുഭ്മൻ ഗില്ലും ബാറ്റിങ്ങിൽ ഇന്ത്യയ്ക്കായി തിളങ്ങിയപ്പോൾ ബോളിങ്ങിൽ ന്യൂസീലൻഡിനെ തകർത്തത് ഷാർദൂൽ ഠാക്കൂറും കുൽദീപ് യാദവുമാണ്. ഇരുവരും മൂന്നു വീതം കിവീസ് വിക്കറ്റുകൾ സ്വന്തമാക്കി.
45 റൺസ് വിട്ടുനൽകി മൂന്നു വിക്കറ്റു വീഴ്ത്തിയ ഷാർദൂൽ ഠാക്കൂറാണു കളിയിലെ താരം. ബോളിങ്ങിൽ തിളങ്ങിയെങ്കിലും കിവീസ് ബാറ്റിങ്ങിനിടെ ഇന്ത്യൻ ക്യാപ്റ്റൻ നിയന്ത്രണം നഷ്ടപ്പെട്ട് ഷാർദൂലിനോടു ചൂടാവുന്ന നിമിഷവും മത്സരത്തിലുണ്ടായിരുന്നു. ന്യൂസീലൻഡ് താരങ്ങളായ ഡാരിൽ മിച്ചൽ, ക്യാപ്റ്റന്‍ ടോം ലാതം, ഗ്ലെൻ ഫിലിപ്സ് എന്നിവരെയാണ് ഷാർദൂൽ ഠാക്കൂർ പുറത്താക്കിയത്. കിവീസ് ബാറ്റിങ്ങിനിടെ 27–ാം ഓവറിലായിരുന്നു രോഹിത് ഷാർദൂലിനോടു ചൂടായത്. ഷാർദൂലിന്റെ പന്തുകളുടെ ലെങ്തിനെച്ചൊല്ലിയാണ് രോഹിത് ദേഷ്യപ്പെട്ടതെന്നാണു വിലയിരുത്തൽ.
Read Here: തകർപ്പൻ സെഞ്ചറി; അപൂർവ റെക്കോർഡിൽ പാക്കിസ്ഥാൻ ക്യാപ്റ്റനൊപ്പമെത്തി ഗിൽ
മത്സരത്തിനിടെ കമന്റേറ്റർമാരും ഷാർദൂലിന്റെ ബോളിങ് മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് ഈ സമയത്തു പറയുന്നുണ്ടായിരുന്നു. ഇന്ത്യയ്ക്കായി ബാറ്റിങ്ങിലും ഷാർദൂൽ തിളങ്ങിയിരുന്നു. 17 പന്തുകൾ നേരിട്ട താരം 25 റൺസെടുത്താണു പുറത്തായത്. ഒരു സിക്സും മൂന്നു ഫോറുകളും താരം ബൗണ്ടറി കടത്തി. ടിക്നറിന്റെ പന്തിൽ വിക്കറ്റ് കീപ്പര്‍ ടോം ലാതം ക്യാച്ചെടുത്താണു ഷാര്‍ദൂൽ മത്സരത്തിൽ പുറത്തായത്.
English Summary: Rohit Sharma expressed his frustration to Shardul Thakur