ADVERTISEMENT

റാഞ്ചി ∙ പന്ത് കുത്തിത്തിരിയുന്ന റാഞ്ചിയിലെ പിച്ചിന്റെ മനസ്സറിഞ്ഞത് ഇന്ത്യയാണ്. മർമം തിരിച്ചറിഞ്ഞ് പ്രഹരിച്ചത് ന്യൂസീലൻഡും. സ്പിന്നർമാർ നിറഞ്ഞാടിയ ഒന്നാം ട്വന്റി20യിൽ ഇന്ത്യയ്ക്കെതിരെ കിവീസിന് 21 റൺസ് ജയം. ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡ് 176 റൺസ് നേടിയപ്പോൾ ഇന്ത്യൻ മറുപടി 155 റൺസിൽ അവസാനിച്ചു.

വെടിക്കെട്ട് അർധ സെഞ്ചറിയുമായി അവസാന ഓവറുകളിൽ കത്തിപ്പടർന്ന വാഷിങ്ടൺ സുന്ദറിനും (28 പന്തിൽ 50) ഇന്ത്യയെ വിജയത്തിലെത്തിക്കാനായില്ല. സൂര്യകുമാർ യാദവ് (47), ഹാർദിക് പാണ്ഡ്യ (21) എന്നിവരുടേത് ഉൾപ്പെടെ ഇന്ത്യയുടെ 5 നിർണായക വിക്കറ്റുകളും വീഴ്ത്തിയത് ന്യൂസീലൻഡ് സ്പിന്നർമാരാണ്. 3 മത്സരങ്ങളുടെ പരമ്പരയിൽ ന്യൂസീലൻഡ് 1–0ന് മുന്നിലെത്തി. രണ്ടാം ട്വന്റി20 നാളെ നടക്കും. ഏകദിന പരമ്പരയിൽ സമ്പൂർണ തോൽവി വഴങ്ങിയ കിവീസിന് ആശ്വാസമേകുന്നതാണ് ഈ ജയം.

റാഞ്ചിയിലെ പിച്ചിൽ ഒളിഞ്ഞിരിക്കുന്ന സ്പിൻ കെണി ആദ്യം തിരിച്ചറിഞ്ഞത് ഇന്ത്യയാണ്. പവർപ്ലേയിൽ വാഷിങ്ടൺ സുന്ദർ പന്തെറിയാനെത്തിയപ്പോൾ. ആദ്യ 4 ഓവറിൽ വിക്കറ്റു നഷ്ടമില്ലാതെ 37 അടിച്ചുകൂട്ടിയ കിവീസിന് വാഷിങ്ടൺ എറിഞ്ഞ അഞ്ചാം ഓവറിൽ 2 വിക്കറ്റുകൾ നഷ്ടമായി. തുടർന്നങ്ങോട്ട് സ്പിന്നർമാരെ കരുതലോടെ നേരിട്ടും പേസർമാരെ നിർദയം പ്രഹരിച്ചുമാണ് സന്ദർശകർ സ്കോറുയർത്തിയത്. കുൽദീപ് യാദവും വാഷിങ്ടൺ സുന്ദറും ദീപക് ഹൂഡയും ചേർന്നെറിഞ്ഞ 10 ഓവറിൽ അവർക്കു നേടാനായത് 56 റൺസ്. എന്നാൽ ഇന്ത്യൻ പേസർമാരുടെ 10 ഓവറുകൾക്കിടെ 120 റൺസാണ് ന്യൂസീലൻഡ് അടിച്ചുകൂട്ടിയത്.

19 ഓവർ പൂർത്തിയായപ്പോൾ 149 റൺസായിരുന്നു കിവീസ് സ്കോർ ബോർഡിൽ. അർഷ്ദീപ് സിങ് എറിഞ്ഞ ഇരുപതാം ഓവറിൽ 3 സിക്സറുകൾ അടക്കം 27 റൺസ് നേടിയതോടെ സ്കോർ 176ൽ എത്തി. ഓപ്പണർ ഡെവൻ കോൺവേ (35 പന്തിൽ 52) മികച്ച തുടക്കം നൽകിയപ്പോൾ ന്യൂസീലൻഡിനെ മികച്ച സ്കോറിലെത്തിച്ചത് ഡാരിൽ മിച്ചലിന്റെ മിന്നൽ പ്രകടനമാണ് (30 പന്തിൽ 59 നോട്ടൗട്ട്).

ഇന്ത്യൻ ബാറ്റിങ്ങിൽ രണ്ടാം ഓവറിൽ സ്പിന്നർ മൈക്കൽ ബ്രേസ്‍‌വെലിനെ പന്തെറിയാനേൽപിച്ച കിവീസ് തന്ത്രം ഫലിച്ചു. ഓപ്പണർ ഇഷാൻ കിഷൻ (4) പുറത്ത്. രാഹുൽ ത്രിപാഠിയെയും ശുഭ്മൻ ഗില്ലിനെയും പവർപ്ലേ ഓവറുകൾക്കിടെ നഷ്ടമായതോടെ ഇന്ത്യ 3ന് 15 എന്ന നിലയിൽ തകർന്നു. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും ട്വന്റി20 സൂപ്പർ സ്റ്റാർ സൂര്യകുമാർ യാദവും ചേർന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ടിലായിരുന്നു തുടർന്ന് ഇന്ത്യൻ പ്രതീക്ഷകൾ.

എന്നാൽ ഇഷ് സോധിയുടെയും ബ്രേസ്‌വെലിന്റെയും അടുത്തടുത്ത ഓവറുകളിൽ ഇരുവരും വീണതോടെ വിജയ സ്വപ്നം പൊലിഞ്ഞു. അവസാന ഓവറുകളിൽ ഒറ്റയാൾ പ്രകടനം നടത്തിയ ഓൾ‌റൗണ്ടർ വാഷിങ്ടൺ‌ സുന്ദറിന് പിന്തുണ നൽകാൻ ആളുണ്ടായില്ല.

English Summary: India vs New Zealand Frist T20- Match Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com