നിലപാടിലുറച്ച് ഇന്ത്യ, ഏഷ്യാ കപ്പ് പാക്കിസ്ഥാനു നഷ്ടമാകും? ലോകകപ്പ് കളിക്കില്ലെന്ന് ഭീഷണി
Mail This Article
മനാമ∙ ഈ വർഷം നടക്കേണ്ട ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് പാക്കിസ്ഥാനിലാണെങ്കിൽ അങ്ങോട്ടു പോകില്ലെന്ന തീരുമാനത്തിൽ ഉറച്ച് ബിസിസിഐ. ബഹ്റൈനിൽ ഇന്നലെ നടന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ യോഗത്തിൽ ബിസിസിഐ സെക്രട്ടറി ജയ് ഷാ തീരുമാനത്തിൽ ഉറച്ചുനിന്നതായാണു വിവരം. ഏഷ്യാ കപ്പ് ക്രിക്കറ്റിനായി ഇന്ത്യൻ ടീം പാക്കിസ്ഥാനിലേക്കു പോകേണ്ടതില്ലെന്നാണു ബിസിസിഐയുടെ നിലപാട്. എസിസി യോഗത്തിൽ ജയ് ഷായും ഇതേ നിലപാട് ആവര്‍ത്തിച്ചു. ഈ സാഹചര്യത്തിൽ ഏഷ്യാ കപ്പ് പൂര്‍ണമായോ, ഇന്ത്യയുടെ മത്സരങ്ങൾ മാത്രമായിട്ടോ മറ്റേതെങ്കിലും രാജ്യത്തു നടത്തുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. യുഎഇയിൽ ഏഷ്യാ കപ്പ് നടത്താനും സാധ്യതയുണ്ട്.
ഏഷ്യാ കപ്പിനുള്ള പുതിയ വേദി ഏതെന്ന് മാർച്ചിൽ പ്രഖ്യാപിച്ചേക്കും. 2008ന് ശേഷം പാക്കിസ്ഥാനിലേക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീം പരമ്പരയ്ക്കായി പോയിട്ടില്ല. അതേസമയം ഏഷ്യാ കപ്പ് നഷ്ടമായാൽ ഇന്ത്യയിൽ നടക്കേണ്ട ഏകദിന ലോകകപ്പിൽ കളിക്കില്ലെന്ന ഭീഷണിയും പാക്കിസ്ഥാന്‍ ഉയര്‍ത്തുന്നുണ്ട്. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ യോഗത്തിൽ എസിസി പ്രസിഡന്റു കൂടിയായ ജയ് ഷായും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തലവൻ നജാം സേഥിയും തമ്മിൽ തർക്കമുണ്ടായതായി ഇൻസൈഡ് സ്പോർട് റിപ്പോർട്ട് ചെയ്തു.
ഏകദിന ലോകകപ്പിനായി ഇന്ത്യയിലേക്കു വരില്ലെന്ന് നജാം സേഥി ഭീഷണി മുഴക്കിയപ്പോൾ, ഐസിസി, എസിസി കാര്യങ്ങൾ കൂട്ടിക്കുഴയ്ക്കരുതെന്നായിരുന്നു ജയ് ഷായുടെ മറുപടി. മാർച്ചിൽ നടക്കുന്ന എക്സിക്യൂട്ടിവ് ബോർഡ് യോഗത്തിലായിരിക്കും ഏഷ്യാകപ്പ് വേദിയുടെ കാര്യത്തിൽ തീരുമാനമെടുക്കുക.
ഏഷ്യാ കപ്പ് പാക്കിസ്ഥാനില്‍ നടക്കില്ലെന്ന കാര്യം 100 ശതമാനം ഉറപ്പെന്ന് ഒരു ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിൽ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതായി ഇൻസൈഡ് സ്പോർട് റിപ്പോര്‍ട്ട് ചെയ്തു. പാക്കിസ്ഥാൻ ആതിഥേയത്വം വഹിക്കുമ്പോഴും മറ്റേതെങ്കിലും രാജ്യത്തു കളിക്കാമെന്ന നിലപാട് ബിസിസിഐ അറിയിച്ചിട്ടുണ്ട്. പാക്കിസ്ഥാൻ ബോര്‍ഡ് സമ്മതിച്ചാൽ അബുദബി, ദുബായ്, ഷാർജ നഗരങ്ങളിൽ ഏഷ്യാകപ്പ് നടത്താനുള്ള സാധ്യതയും പരിഗണിക്കുന്നുണ്ട്.
English Summary: Decision on Asia Cup venue postponed to March 2023