ഇന്ത്യൻ ടീം പാക്കിസ്ഥാനിൽ വന്ന് തോൽക്കുന്നത് ഇന്ത്യക്കാർ സഹിക്കില്ലായിരിക്കും: പരിഹസിച്ച് പാക്ക് മുൻ താരം
Mail This Article
ഇസ്‍ലാമാബാദ് ∙ ഈ വർഷത്തെ ഏഷ്യാകപ്പ് പാക്കിസ്ഥാനിലാണ് നടത്തുന്നതെങ്കിൽ കളിക്കാനില്ലെന്ന ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) നിലപാടിനെതിരെ പൊട്ടിത്തെറിച്ച് പാക്കിസ്ഥാന്റെ മുൻ നായകൻ ജാവേദ് മിയാൻദാദ്. പാക്കിസ്ഥാനിലേക്കു വരാൻ താൽപര്യമില്ലെങ്കിൽ ഇന്ത്യൻ ടീം ഏതു നരകത്തിലേക്കെങ്കിലും പോകട്ടെയെന്ന് മിയാൻദാദ് വിമർശിച്ചു. ഇന്ത്യ ഏഷ്യാകപ്പിന് വരുന്നുണ്ടോ എന്നത് പാക്കിസ്ഥാനെ ബാധിക്കുന്ന കാര്യമല്ല. ടീമുകളുടെ പങ്കാളിത്തം ഉറപ്പാക്കേണ്ടത് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ചുമതലയാണെന്നും മിയാൻദാദ് പറഞ്ഞു.
‘ഞാൻ ഇതിനു മുൻപും പറഞ്ഞിട്ടുള്ള കാര്യമാണ്. പാക്കിസ്ഥാനിലേക്ക് വരുന്നില്ലെങ്കിൽ ഇന്ത്യൻ ടീം ഏതു നരകത്തിലേക്കെങ്കിലും പോകട്ടെ. അത് ഞങ്ങളെ ബാധിക്കുന്ന വിഷയമല്ല. ടൂർണമെന്റിൽ ഇന്ത്യയുടെ പങ്കാളിത്തം ഉറപ്പാക്കേണ്ടത് ഐസിസിയുടെ ഉത്തരവാദിത്തമാണ്. ഇക്കാര്യത്തിൽ ഐസിസിക്ക് നിയന്ത്രണമില്ലെങ്കിൽ പിന്നെന്തിനാണ് അങ്ങനെയൊരു സംഘടന?’ – മിയാൻദാദ് ചോദിച്ചു.
‘‘നിയമം എല്ലാ ടീമിനും ഒരുപോലെ ബാധകമാണ്. എത്ര ശക്തരാണെങ്കിലും നിയമം അനുസരിച്ചേ തീരൂ. ഇന്ത്യയല്ല ലോകത്ത് ക്രിക്കറ്റിനെ നിയന്ത്രിക്കുന്നത്. സ്വന്തം രാജ്യത്ത് ഇന്ത്യൻ ക്രിക്കറ്റ് വലിയ സംഭവമായിരിക്കാം. പക്ഷേ ഞങ്ങൾക്ക് അങ്ങനെയല്ല. ഈ ലോകത്തുള്ള മറ്റു ടീമുകൾക്കും അങ്ങനെയല്ല. ധൈര്യമായി പാക്കിസ്ഥാനിലേക്കു വരൂ. ഇവിടെ ക്രിക്കറ്റ് കളിക്കൂ. എന്തിനാണ് മടിക്കുന്നത്? പാക്കിസ്ഥാനിൽ വന്നിട്ട് തോറ്റുപോയാൽ ഇന്ത്യൻ ജനത സഹിക്കില്ല എന്നതായിരിക്കാം കാരണം’ – മിയാൻദാദ് ചൂണ്ടിക്കാട്ടി.
‘‘ഇക്കാര്യത്തിൽ ഐസിസി ശക്തമായ നടപടി സ്വീകരിക്കണം. ഇത്തരം കാര്യങ്ങളിൽ നിയന്ത്രണമില്ലെങ്കിൽ എന്തിനാണ് ഇങ്ങനെയൊരു സംഘടന? ഇത്തരം കാര്യങ്ങളിൽ ഒരു തീരുമാനമാക്കിയേ തീരൂ. ഇത്തരം പ്രശ്നങ്ങൾ ഐസിസി എത്രയും വേഗം പരിഹരിക്കണം’ – മിയാൻദാദ് പറഞ്ഞു.
ഏഷ്യാ കപ്പ് ക്രിക്കറ്റിനായി ഇന്ത്യൻ ടീം പാക്കിസ്ഥാനിലേക്കു പോകേണ്ടതില്ലെന്നാണു ബിസിസിഐയുടെ നിലപാട്. എസിസി യോഗത്തിൽ ജയ് ഷായും ഇതേ നിലപാട് ആവര്‍ത്തിച്ചതായാണ് വിവരം. ഈ സാഹചര്യത്തിൽ ഏഷ്യാ കപ്പ് പൂര്‍ണമായോ, ഇന്ത്യയുടെ മത്സരങ്ങൾ മാത്രമായിട്ടോ മറ്റേതെങ്കിലും രാജ്യത്തു നടത്തുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. യുഎഇയിൽ ഏഷ്യാ കപ്പ് നടത്താനും സാധ്യതയുണ്ട്. ഏകദിന ലോകകപ്പിനായി ഇന്ത്യയിലേക്കു വരില്ലെന്ന് നജാം സേഥി ഭീഷണി മുഴക്കിയപ്പോൾ, ഐസിസി, എസിസി കാര്യങ്ങൾ കൂട്ടിക്കുഴയ്ക്കരുതെന്നായിരുന്നു ജയ് ഷായുടെ മറുപടി. മാർച്ചിൽ നടക്കുന്ന എക്സിക്യൂട്ടിവ് ബോർഡ് യോഗത്തിലായിരിക്കും ഏഷ്യാകപ്പ് വേദിയുടെ കാര്യത്തിൽ തീരുമാനമെടുക്കുക.
English Summary: Former Pakistan captain Javed Miandad fumes at ICC, India over Asia Cup 2023 controversy: It doesn't bother us