കളിക്കു ജീവൻ നല്‍കിയത് വിരാട് കോലിയും അക്ഷർ പട്ടേലും, സമനിലയിലേക്ക് ഒരു പകൽ ദൂരം
Mail This Article
വിരാട് കോലിയുടെ സെഞ്ചറിയാണ് നാലാം ദിവസത്തെ പ്രധാന ആകർഷണം. വളരെ കരുതലോടെയാണ് കോലി തന്റെ ഇന്നിങ്സ് കളിച്ചത്. 3 വർഷത്തോളം നീണ്ടുനിന്ന ടെസ്റ്റ് സെഞ്ചറി ക്ഷാമത്തിന് അറുതി വരുത്താൻ സാധിച്ചത് അദ്ദേഹത്തിന്റെ ആത്മവിശ്വാസം വർധിപ്പിക്കും. നേഥൻ ലയണും ടോഡ് മർഫിയും ആദ്യ സെഷനുകളിൽ നന്നായി ബോൾ ചെയ്തപ്പോൾ റൺസ് കണ്ടെത്താൻ ഇന്ത്യൻ ബാറ്റർമാർ പ്രയാസപ്പെട്ടു.
എന്നാൽ, സഹ സ്പിന്നർ മാത്യു കോനമൻ നിരാശപ്പെടുത്തി. ഈ പിച്ചിൽ തങ്ങൾക്കു കാര്യമായി ഒന്നും ചെയ്യാനില്ല എന്ന രീതിയിലാണ് മിച്ചൽ സ്റ്റാർക്കും കാമറൂൺ ഗ്രീനും പന്തെറിഞ്ഞത്. അക്ഷർ പട്ടേൽ– വിരാട് കോലി കൂട്ടുകെട്ടാണ് നാലാം ദിവസത്തെ മത്സരത്തിനു ജീവൻ നൽകിയത്. ബോളർ എന്ന നിലയിൽ അക്ഷർ നിരാശപ്പെടുത്തിയെങ്കിലും ലോവർ മിഡിൽ ഓർഡറിലെ വിശ്വസ്തനായ ബാറ്ററായി ഈ പരമ്പരയിലൂടെ അദ്ദേഹം മാറിക്കഴിഞ്ഞു.
വിക്കറ്റ് കീപ്പർ എന്ന നിലയിൽ ശ്രീകർ ഭരത്തിന്റെ പ്രകടനം വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണ്. അശ്വിന്റെ പന്തിൽ കോനമന്റെ ക്യാച്ച് ഭരത് എടുത്തിരുന്നെങ്കിൽ നാലാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യയ്ക്കു മേൽക്കൈ ലഭിച്ചേനെ. ഈ പിച്ചിൽ അഞ്ചാം ദിനം 90 ഓവർ ബാറ്റ് ചെയ്യാൻ ഓസ്ട്രേലിയയ്ക്ക് പ്രയാസമുണ്ടാകില്ല. അദ്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ മത്സരം സമനിലയിൽ തന്നെ അവസാനിക്കും.
English Summary: India vs Australia Fourth Test, Power Play by P Balachandran