വിരാട് കോലിക്ക് കുംബ്ലെയുമായി പ്രശ്നങ്ങൾ; പരിശീലകനാകാമോയെന്ന് ചോദിച്ചു: സേവാഗ്
Mail This Article
മുംബൈ∙ ഇന്ത്യൻ ടീം പരിശീലകനായിരുന്ന അനിൽ കുംബ്ലെയുമായി തെറ്റിപ്പിരിഞ്ഞതിനെ തുടർന്ന് പരിശീലക സ്ഥാനം ഏറ്റെടുക്കാൻ വിരാട് കോലി ആവശ്യപ്പെട്ടിരുന്നതായി വിരേന്ദർ സേവാഗ്. ബിസിസിഐ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വിവരങ്ങളും സേവാഗ് പുറത്തുവിട്ടു. 2016 ജൂണിൽ ഇന്ത്യൻ ടീമിന്റെ പരിശീലകനായി ചുമതലയേറ്റെടുത്ത കുംബ്ലെ, 2017 ചാംപ്യൻസ് ട്രോഫിക്കു പിന്നാലെയാണു സ്ഥാനം ഒഴിഞ്ഞത്. ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യ പാക്കിസ്ഥാനോടു തോറ്റിരുന്നു.
കോലിയും കുംബ്ലെയും തമ്മിൽ കാര്യങ്ങൾ നല്ല രീതിയിലല്ല പോകുന്നതെന്ന് ബിസിസിഐ സെക്രട്ടറി അമിതാബ് ചൗധരി പറഞ്ഞതായി സേവാഗ് വെളിപ്പെടുത്തി. ‘‘വിരാട് കോലിയും അമിതാബ് ചൗധരിയും എന്നെ സമീപിച്ചിരുന്നില്ലെങ്കിൽ പരിശീലക സ്ഥാനത്തിനു വേണ്ടി ഞാൻ അപേക്ഷ നൽകില്ലായിരുന്നു. ഞങ്ങള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഞാൻ പരിശീലക സ്ഥാനം ഏറ്റെടുക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ചാംപ്യൻസ് ട്രോഫിക്കു ശേഷം കുംബ്ലെയുടെ കരാർ അവസാനിക്കുമെന്നും അവർ അറിയിച്ചു.’’– സേവാഗ് ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.
ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാകാൻ സാധിക്കാത്തതിൽ സങ്കടമൊന്നുമില്ലെന്നും കരിയറിൽ നേടാൻ പറ്റിയ കാര്യങ്ങളിൽ തൃപ്തനാണെന്നും മുൻ ഇന്ത്യൻ ഓപ്പണർ വ്യക്തമാക്കി. ‘‘ഒരു കർഷക കുടുംബത്തിൽനിന്നു വരുന്ന എനിക്ക് രാജ്യത്തിനായി കളിക്കാനുള്ള അവസരം കിട്ടി. ആരാധകരുടെ സ്നേഹം അടുത്തറിയാൻ പറ്റി. ടീം ഇന്ത്യയുടെ ക്യാപ്റ്റനായിരുന്നെങ്കിലും ഇതേ പരിഗണനയാണു ലഭിക്കുക.’’– സേവാഗ് പ്രതികരിച്ചു. അനിൽ കുംബ്ലെ സ്ഥാനമൊഴിഞ്ഞപ്പോൾ ഇന്ത്യൻ ടീം പരിശീലകനായി രവി ശാസ്ത്രിയെയാണ് ബിസിസിഐ നിയമിച്ചത്.
English Summary: Virender Sehwag on applying for head coach role after Kohli's fallout with Anil Kumble