ADVERTISEMENT

‘നാലാം നമ്പറാണോ, അവിടെ ബാറ്റർമാർ വാഴില്ല’, ഇന്ത്യൻ ടീമിലെ ബാറ്റിങ് ഓർഡറിനെക്കുറിച്ച് പലപ്പോഴായി പറഞ്ഞുകേട്ട ഈ കഥ ഒരിക്കൽകൂടി ശരിവയ്ക്കുകയാണ് ഇക്കഴിഞ്ഞ ഇന്ത്യ–ഓസ്ട്രേലിയ ഏകദിന പരമ്പര. ആദ്യ രണ്ട് മത്സരങ്ങളിൽ നാലാം നമ്പറിലും അടുത്ത മത്സരത്തിൽ ഏഴാം നമ്പറിലും ബാറ്റിങ്ങിനിറങ്ങിയ സൂര്യകുമാർ യാദവ് ഹാട്രിക് ഗോൾഡൻ ഡക്കുമായാണ് തിരിച്ചുകയറിയത്. ട്വന്റി20 ക്രിക്കറ്റിൽ 900നു മുകളിൽ റാങ്കിങ് പോയിന്റുള്ള, ഒന്നാം നമ്പർ റാങ്കുകാരനായ സൂര്യയ്ക്ക് ‘നാലാം നമ്പറിലെ മാൻഡ്രേക്ക്’ കൊടുത്ത പണി, താരത്തിന്റെ ഏകദിന കരിയർ തന്നെ അവസാനിപ്പിച്ചേക്കുമെന്ന് വരെ വിലയിരുത്തലുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യൻ ഏകദിന ടീമിന്റെ നാലാം നമ്പറിൽ വന്നുപോയവർ കുറച്ചല്ല. പക്ഷേ, സ്ഥിരതയാർന്ന പ്രകടനത്തിലൂടെ ആ പൊസിഷൻ കൈപിടിയിലൊതുക്കാൻ ആർക്കും സാധിച്ചിട്ടില്ല!

യുവരാജിന്റെ അടയാളം

4–ാം നമ്പറിൽ 108 ഇന്നിങ്സുകളിൽ നിന്നായി 35.21 റൺസ് ശരാശരിയിൽ 3415 റൺസ്, സ്ട്രൈക്ക് റേറ്റ് 89.46. 6 ‍സെഞ്ചറി, 17 ഫിഫ്റ്റി, ഉയർന്ന സ്കോർ 150. ഒരു കാലത്ത് ടീം ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ഓൾറൗണ്ടറായിരുന്ന യുവരാജ് സിങ് അടക്കിഭരിച്ച നാലാം നമ്പറിൽ പൊസിഷനിൽ അദ്ദേഹത്തിനു ശേഷം മറ്റൊരു താരത്തെ അതേ മികവോടെ കാണാൻ ടീം ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല. 17 വർഷത്തോളം നീണ്ടുനിന്ന ഏകദിന കരിയറിൽ ബഹുഭൂരിഭാഗം മത്സരങ്ങളിലും 4, 5 സ്ഥാനങ്ങളിലാണ് യുവി ബാറ്റ് ചെയ്തത്. ടീമിന്റെ മധ്യനിരയിൽ കൃത്യമായ ബാലൻസ് ഉറപ്പാക്കാൻ തന്റെ കരിയറിൽ ഉടനീളം യുവിക്കു സാധിച്ചിരുന്നു.

സൂര്യകുമാർ യാദവ്, യുവരാജ് സിങ്
സൂര്യകുമാർ യാദവ്, യുവരാജ് സിങ്

രണ്ടാമൻ കോലി

യുവരാജിനു പിന്നാലെ നാലാം സ്ഥാനത്ത് മികവുതെളിയിച്ച മറ്റൊരു താരം വിരാട് കോലിയായിരുന്നു. സച്ചിൻ തെൻഡുൽക്കർ– വീരേന്ദർ സെവാഗ് ഓപ്പണിങ് ജോഡിക്കു പിന്നാലെ മൂന്നാമനായി ഗൗതം ഗംഭീറും നാലാമനായി കോലിയും അഞ്ചാമനായി യുവരാജും എത്തുന്ന രീതിയിലായിരുന്നു ഇടക്കാലത്ത് ഇന്ത്യയുടെ ബാറ്റിങ് ലൈൻ അപ്. സച്ചിൻ വിരമിച്ചതിനു പിന്നാലെ സെവാഗ്– ഗംഭീർ ഓപ്പണിങ് ജോഡിയായും കോലി വൺഡൗണിലേക്ക് മാറുകയും ചെയ്തു. അസുഖത്തെത്തുടർന്ന് യുവരാജ് ക്രിക്കറ്റിൽ നിന്നു വിട്ടുനിന്നതോടെ നാലാം നമ്പറിൽ ഇന്ത്യയ്ക്ക് പുതിയ ആളെ തിരയേണ്ട സ്ഥിതിയായി.

തിവാരി മുതൽ സൂര്യ വരെ

മനോജ് തിവാരി, കേദാർ ജാദവ്, മനീഷ് പാണ്ഡെ, അജിൻക്യ രഹാനെ, അമ്പാട്ടി റായിഡു, വിജയ് ശങ്കർ, കെ.എൽ.രാഹുൽ, ശ്രേയസ് അയ്യർ തുടങ്ങി സൂര്യകുമാർ യാദവ് വരെ 21 ബാറ്റർമാരാണ് 2011 ഏകദിന ലോകകപ്പിനു ശേഷം ഇന്ത്യയുടെ നാലാം നമ്പറിൽ പരീക്ഷിക്കപ്പെട്ടത്. ഇതിൽ കുറച്ചെങ്കിലും സ്ഥിരത കാണിച്ചത് അമ്പാട്ടി റായുഡുവും ശ്രേയസ് അയ്യരുമാണ്. എന്നാൽ റായുഡു പതിയെ ടീമിൽ നിന്നു പുറത്താവുകയും അടിക്കടിയുള്ള പരുക്കുകൾ ശ്രേയസിന്റെ വഴി മുടക്കുകയും ചെയ്തതോടെ നാലാം നമ്പറിന്റെ കാര്യം വീണ്ടും കഷ്ടത്തിലായി. ശ്രേയസ് പരുക്കേറ്റു പുറത്തിരിക്കെ, ഈ വർഷം അവസാനം നടക്കുന്ന ഏകദിന ലോകകപ്പിൽ നാലാം നമ്പറിൽ ഒരു ബാറ്ററെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സിലക്ടർമാർ.

സാധ്യത സഞ്ജുവിനും

സൂര്യകുമാർ യാദവിന്റെ ദയനീയ പ്രകടനത്തിനു പിന്നാലെ സഞ്ജു സാംസണ് ഏകദിന ക്രിക്കറ്റിൽ അവസരം നൽകണമെന്നാവശ്യപ്പെട്ട് മുൻതാരങ്ങൾ ഉൾപ്പെടെ രംഗത്തെത്തിക്കഴിഞ്ഞു. ഏകദിന ക്രിക്കറ്റിൽ ഇതുവരെ 10 മത്സരങ്ങൾ കളിച്ച സഞ്ജു, 66 റൺസ് ശരാശരിയിൽ രണ്ട് അർധ സെഞ്ചറി ഉൾപ്പെടെ 330 റൺസ് നേടിയിട്ടുണ്ട്. 5,6 പൊസിഷനുകളിൽ സഞ്ജുവിന്റെ ബാറ്റിങ് ശരാശരി 52, 90 ആണ്. മധ്യനിരയിലെ സമാനമായ 4–ാം നമ്പർ പൊസിഷൻ സഞ്ജുവിൽ ഭദ്രമാണെന്ന് വിശ്വസിക്കുന്നവരേറെ.

English Summary :  Indian Cricket Team searching fourth position batter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com