ADVERTISEMENT

മൊഹാലി ∙ പഞ്ചാബ് ബോളർ സാം കറന്റെ അവസാന ഓവറിൽ വിറച്ചെങ്കിലും വിജയം കൈപ്പിടിയിലൊതുക്കിയതിന്റെ ആശ്വാസത്തിലാണ് ഐപിഎലിൽ നിലവിലെ ചാംപ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ്. ജയത്തോടെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേയ്ക്ക് ഉയരുകയും ചെയ്ത്. പഞ്ചാബ് കിങ്സിനെതിരെ 154 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് അവസാന ഓവറിൽ ഒരു പന്ത് ബാക്കി നിൽക്കെയാണ് ലക്ഷ്യം കണ്ടത്. ഓപ്പണർ ശുഭ്മൻ ഗില്ലിന്റെ അർധ സെഞ്ചറിയായിരുന്നു (49 പന്തിൽ 67) ഗുജറാത്ത് ഇന്നിങ്സിന്റെ നട്ടെല്ല്. ജയിക്കാൻ 7 റൺസ് വേണ്ട അവസാന ഓവറിൽ ഗില്ലിനെ സാം കറൻ പുറത്താക്കിയതോടെ മത്സരം ആവേശകരമായി.

എന്നാൽ അഞ്ചാം പന്ത് ബൗണ്ടറി കടത്തി രാഹുൽ തെവാത്തിയ വിജയമുറപ്പിച്ചു. അതേസമയം, താരതമ്യേന ചെറിയ വിജയലക്ഷ്യമായിരുന്നിട്ടും മത്സരം അവസാന ഓവർ വരെ നീട്ടിയത് ശുഭ്മാൻ ഗില്ലിന്റെ ബാറ്റിങ് രീതിയാണെന്ന വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരങ്ങളായ വീരേന്ദർ സേവാഗും സഞ്ജയ് മഞ്ജരേക്കറും. നേരത്തെ, ഗുജറാത്ത് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ തന്നെ മത്സരം അവസാന ഓവർ വരെ നീണ്ടപോയതിൽ അസംതൃപ്തനാണെന്നു വ്യക്തമാക്കിയിരുന്നു.

വ്യക്തിപരമായ ആഗ്രഹങ്ങളേക്കാൾ ടീമിന്റെ താൽപര്യങ്ങൾ പരിഗണിക്കണമെന്നും ഗില്ലിന്റെ സമീപനം ഗുജറാത്തിനു ദോഷം ചെയ്യുമെന്നുമാണ് വീരേന്ദർ സേവാഗ് പറഞ്ഞത്. ‘‘ഗിൽ 49 പന്തിൽ 67 റൺസ് നേടി. എന്നാൽ എപ്പോഴാണ് ഫിഫ്റ്റിയിലെത്തിയത്? 41-42 പന്തിൽ, അതായത് 7-8 പന്തിൽ 17 റൺസ് കൂടി സ്കോർ ചെയ്തു. ഫിഫ്റ്റിയിൽ എത്തിയതിന് ശേഷമാണ് സ്കോറിങ്ങിനു വേഗം വന്നത്. അതു സംഭവിച്ചില്ലായിരുന്നെങ്കിൽ ഗുജറാത്തിന്റെ വിജയലക്ഷ്യം അവസാന ഓവറിൽ 7നു പകരം 17 ആകുമായിരുന്നു. ടീമിനെക്കുറിച്ചല്ലാതെ വ്യക്തിപരമായ നേട്ടങ്ങളെക്കുറിച്ചു ചിന്തിച്ചാൽ ക്രിക്കറ്റിൽ തിരിച്ചടി ലഭിക്കും.’’ – സേവാഗ് പറഞ്ഞു.

‘‘ഞാൻ അർധസെഞ്ചറി നേടട്ടെ, എന്തായാലും ഞങ്ങൾ മത്സരം ജയിക്കും എന്ന് ഒരിക്കലും ചിന്തിക്കരുത്. ഇതു ക്രിക്കറ്റാണ്. നിങ്ങളുടെ സ്വന്തം നേട്ടത്തെക്കുറിച്ച് (ടീമിന് പകരം) ചിന്തിക്കുന്ന നിമിഷം ക്രിക്കറ്റിൽനിന്നു കരണത്തടി കിട്ടും. അർധസെഞ്ചറിയിലേക്ക് അടുത്തപ്പോൾ 200 സ്‌ട്രൈക്ക് റേറ്റിന് അടുത്ത് കളിച്ചിരുന്നെങ്കിൽ പെട്ടെന്നു തന്നെ ഫിഫ്റ്റി തികയ്ക്കകയും കൂടുതൽ ബോളുകൾ കളിക്കുകയും ചെയ്യാമായിരുന്നു.’’– സേവാഗ് കൂട്ടിച്ചേർത്തു.

മുൻ താരവും കമന്റേറ്ററുമായ സഞ്ജ് മഞ്ജരേക്കറും മത്സരം അവസാന ഓവറിലേക്ക് നീണ്ടതിൽ ശുഭ്മാൻ ഗില്ലിനെ പഴിച്ചു. ഫിനീഷിങ് കല എം.എസ്.ധോണിയിൽനിന്ന് ഗിൽ പഠിക്കണമെന്നും മഞ്ജരേക്കർ ഉപദേശിച്ചു.
‘‘ സെറ്റായ ഒരു ബാറ്റർ 18 അല്ലെങ്കിൽ 19–ാം ഓവറിൽ മത്സരം പൂർത്തിയാക്കാൻ ശ്രമിക്കണം. അവസാനം വരെ കൊണ്ടുപോകുകയാണെങ്കിലും, എം.എസ്. ധോണിയെപ്പോലെ പെറുമാറാൻ സാധിക്കണം, ഔട്ടാകുകയുമരുത്. 20-ാം ഓവറിലേക്ക് മത്സരം നീണ്ടതിനെക്കുറിച്ച് ശുഭ്മാൻ ഗില്ലിനോട് ചോദ്യം വന്നേക്കാം.’’– മഞ്ജരേക്കർ പറഞ്ഞു.

മത്സരശേഷം ഹാർദിക് പാണ്ഡ്യയും മത്സരം നീണ്ടുപോയതിനെ വിമർശിച്ചിരുന്നു. ‘‘വളരെ സത്യസന്ധമായി പറഞ്ഞാൽ, മത്സരം ഇത്രയും പോകുന്നതിനെ ഞാൻ പ്രോത്സാഹിപ്പിക്കില്ല. തീർച്ചയായും ഈ മത്സരത്തിൽനിന്ന് ഒരുപാട് പഠിക്കാനുണ്ടായിരുന്നു. അതാണ് ക്രിക്കറ്റിന്റെ സൗന്ദര്യം. അത് അവസാനിക്കുന്നത് വരെ അത് അവസാനിക്കില്ല.’’– ഹാർദിക് പറഞ്ഞു. മധ്യ ഓവറുകളിൽ ബാറ്റർമാർ കൂടുതൽ റിസ്ക് എടുക്കണമായിരുന്നുവെന്നും ഹാർദിക് പറഞ്ഞു. ‘‘പഞ്ചാബ് നന്നായി പന്തെറിഞ്ഞു. മധ്യ ഓവറുകളിൽ നമ്മൾ റിസ്‌ക് എടുക്കുകയും ഷോട്ടുകൾ കളിക്കുകയും വേണം. മത്സരം ഇത്രയും നീണ്ടു പോകുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. കളി നേരത്തെ പൂർത്തിയാക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.’’ ഹാർദിക് കൂട്ടിച്ചേർത്തു.

English Summary: Gujarat Titans,Punjab Kings,Virender Sehwag,Shubman Gill,Indian Premier League 2023,Cricket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com