ADVERTISEMENT

ജയ്പൂർ∙ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണെക്കാൾ എത്രയോ മികച്ച താരമാണ് കെ.എൽ. രാഹുലെന്ന് മുൻ ഇന്ത്യൻ താരം വിരേന്ദർ സേവാഗ്. ബാറ്റിങ്ങിലെ മെല്ലെപ്പോക്കിന്റെ പേരിൽ രാഹുല്‍ വൻ വിമർശനം നേരിടുന്നതിനിടെയാണു സേവാഗ് താരത്തെ പിന്തുണച്ച് എത്തുന്നത്. ‘‘രാഹുല്‍ ഫോമിലേക്കു തിരിച്ചെത്തിക്കഴിഞ്ഞു. കഴിഞ്ഞ മത്സരത്തിൽ മികച്ച സ്കോർ കണ്ടെത്തി. പലരുടേയും പ്രതീക്ഷകൾക്കൊത്ത് അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ് ഉയരുന്നില്ലെന്നതു ശരിയായിരിക്കാം. എന്നാൽ അദ്ദേഹത്തിന്റെ ഫോം വലിയൊരു സൂചനയാണ്.’’– സേവാഗ് ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.

‘‘മികച്ച പേസും അപകടകാരിയെന്നു തോന്നിക്കുന്നതുമായ ഫാസ്റ്റ് ബോളര്‍ രാജസ്ഥാനിലുള്ളത് ട്രെന്റ് ബോള്‍ട്ട് മാത്രമായിരുന്നു. അവർക്ക് മികച്ച സ്പിന്നർമാർ ഉണ്ടാകാം. എന്നാൽ രാഹുൽ ഒരുപാട് നേരം ബാറ്റ് ചെയ്യുകയാണെങ്കിൽ അവരെ കൈകാര്യം ചെയ്യാനും സാധിക്കും. ഇന്ത്യൻ ടീമിലെ സ്ഥാനത്തെക്കുറിച്ചു നിങ്ങൾ പറയുകയാണെങ്കിൽ, സഞ്ജു സാംസണെക്കാൾ എത്രയോ മികച്ച താരമാണു രാഹുൽ.’’– സേവാഗ് പറഞ്ഞു.

‘‘രാഹുല്‍ ഇന്ത്യയ്ക്കായി ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. പല രാജ്യങ്ങളിലും സെഞ്ചറികൾ നേടിയിട്ടുണ്ട്. രാഹുൽ ഏകദിന ക്രിക്കറ്റിൽ ഓപ്പണറായും മധ്യനിര ബാറ്ററായും തിളങ്ങി. ട്വന്റി20 ക്രിക്കറ്റിലും സ്കോർ കണ്ടെത്തി.’’– സേവാഗ് വ്യക്തമാക്കി. ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റനായ രാഹുൽ ആറ് മത്സരങ്ങളിൽനിന്ന് 194 റൺസാണ് ഇതുവരെ നേടിയത്.

ഈ സീസണിൽ ആറ് മത്സരങ്ങൾ പൂർത്തിയാക്കിയ സഞ്ജു സാംസൺ 159 റൺസ് രാജസ്ഥാൻ റോയൽസിനായി സ്വന്തമാക്കി. കഴിഞ്ഞ ദിവസം രാജസ്ഥാന്റെ ഹോം ഗ്രൗണ്ടായ ജയ്പൂർ സവായ്മാൻ സിങ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ റോയൽസിനെ ലക്നൗ പത്ത് റൺസിന് കീഴടക്കിയിരുന്നു. ലക്നൗ ഉയർത്തിയ 155 റണ്‍സ് വിജയ ലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് ആറ് വിക്കറ്റ് നഷ്ടത്തിൽ 144 റൺസെടുക്കാനേ സാധിച്ചുള്ളൂ. ആറു മത്സരങ്ങളിൽ നാലും ജയിച്ച രാജസ്ഥാൻ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.

English Summary: KL Rahul is far better than Sanju Samson: Virender Sehwag

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com