തീരുമാനമെടുക്കാൻ ഇനിയും 8-9 മാസമുണ്ട്, ഇപ്പോഴേ എന്തിനു തലപുകയ്ക്കണം? വിരമിക്കലിനെക്കുറിച്ച് ധോണി
Mail This Article
ചെന്നൈ ∙ ഐപിഎലിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപനം ഉടനെയുണ്ടാകില്ലെന്ന് ചെന്നൈ ക്യാപ്റ്റൻ എം.എസ്.ധോണി. ‘‘വിരമിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ എനിക്കു മുന്നിൽ ഇനിയും 8–9 മാസമുണ്ട്. ഡിസംബറിലാണ് അടുത്ത ഐപിഎൽ ലേലം. അതുകൊണ്ട് ഇപ്പോഴേ എന്തിനു തലപുകയ്ക്കണം.’’– ധോണി പറഞ്ഞു.
ഞാൻ എപ്പോഴും ചെന്നൈ ടീമിനൊപ്പമുണ്ടാകും. അതു കളിക്കാരനായോ മറ്റേതെങ്കിലും ചുമതലകളിലോ ആകാം– ഗുജറാത്തിനെതിരായ ക്വാളിഫയർ മത്സരത്തിനുശേഷം ധോണി പറഞ്ഞു. ഹോം ഗ്രൗണ്ടായ ചെപ്പോക്കിൽ ഈ സീസണിൽ ചെന്നൈയുടെ അവസാന മത്സരമായിരുന്നു ഇത്.
ഈ സീസണുശേഷം ധോണി വിരമിക്കുമെന്നു നേരത്തേ സൂചനയുണ്ടായിരുന്നു. ചെപ്പോക്ക് സ്റ്റേഡിയത്തിൽ മത്സരം കളിച്ച് ആരാധകരോട് നന്ദി പറയാതെ ഐപിഎലിൽ നിന്നു പിൻമാറില്ലെന്നായിരുന്നു കഴിഞ്ഞ സീസണിന്റെ അവസാനം ധോണിയുടെ പ്രതികരണം. മറ്റെല്ലാ ഫൈനലുകളും പോലെ ഒന്ന് എന്ന രീതിയിലല്ല താൻ ഈ ഐപിഎൽ ഫൈനലിനെ കാണുകയെന്നും ധോണി പറഞ്ഞു. ടീം ഇവിടെ വരെയെത്തിയതിൽ കഠിനാധ്വാനം ഏറെയുണ്ട്.
മൈതാനത്ത് ‘ക്യാപ്റ്റൻ കൂൾ’ എന്നു വിളിപ്പേരുള്ള താൻ ഇപ്പോൾ അസ്വസ്ഥനാകാറുണ്ടെന്നും ധോണി വെളിപ്പെടുത്തി. ഓരോ സാഹചര്യത്തിന് അനുസരിച്ചു ഫീൽഡിങ്ങിൽ മാറ്റം വരുത്തേണ്ടതായി വരും. ആ സമയത്ത് ചിലപ്പോൾ അസ്വസ്ഥനാകും.– ധോണി പറഞ്ഞു.
English Summary : Mahendra Singh Dhoni about retirement