‘ധോണിയുടെ കാൽമുട്ടിനു ശസ്ത്രക്രിയ നടത്തി; 2 മാസത്തിനുള്ളിൽ നടക്കാൻ സാധിച്ചേക്കും’
Mail This Article
മുംബൈ∙ എം.എസ്.ധോണിയുടെ കാൽമുട്ടിന് ശസ്ത്രക്രിയ നടത്തി. മുംബൈയിലെ കോകിലാബെൻ ആശുപത്രിയിലാണ് ധോണി ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ചെന്നൈസ് സൂപ്പർ കിങ്സ് മനേജ്മെന്റും ആശുപത്രി അധികൃതരും ധോണിക്ക് ശസ്ത്രക്രിയ നടത്തിയ കാര്യം സ്ഥിരീകരിച്ചു. താരം പൂർണ ആരോഗ്യവാനാണെന്നും രണ്ടു ദിവസം കൂടി അദ്ദേഹം ആശുപത്രിയിൽ തുടരുമെന്നും അവർ വ്യക്തമാക്കി.
വ്യാഴാഴ്ച രാവിലെ ശസ്ത്രക്രിയയ്ക്ക് ശേഷം താൻ ധോണിയുമായി സംസാരിച്ചതായി സിഎസ്‌കെ സിഇഒ കാശി വിശ്വനാഥൻ വെളിപ്പെടുത്തി. ‘‘ഓപ്പറേഷനുശേഷം ഞാൻ അദ്ദേഹത്തോട് സംസാരിച്ചു. ശസ്ത്രക്രിയ എന്താണെന്ന് എനിക്ക് വിശദീകരിക്കാൻ കഴിയില്ല, പക്ഷേ താക്കോൾദ്വാര ശസ്ത്രക്രിയയാണെന്നു ഞങ്ങളോട് പറഞ്ഞു. മറ്റു പ്രശ്നങ്ങളൊന്നും ഇല്ലെന്നാണ് സംസാരത്തിൽനിന്നു വ്യക്തമായത്.’’– കാശി വിശ്വനാഥൻ പറഞ്ഞു.
അപകടത്തിൽ പരുക്കേറ്റ ഇന്ത്യൻ താരം ഋഷഭ് പന്തിന്റെ കാലിനു ശസ്ത്രക്രിയ നടത്തിയ സ്‌പോർട്‌സ് മെഡിസിൻ സ്‌പെഷ്യലിസ്റ്റ് ഡോ. ദിൻഷോ പർദിവാലയാണ് മുംബൈയിലെ കോകിലാബെൻ ആശുപത്രിയിൽ ധോണിക്കും സർജറി നടത്തിയത്. ആശുപത്രിയിൽ ധോണിയുടെ ഭാര്യ സാക്ഷിയും ഒപ്പമുണ്ട്. ബുധനാഴ്ച വൈകിട്ടാണ് ധോണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ധോണിയുടെ ചികിത്സയുടെ മേൽനോട്ടം വഹിക്കാൻ സിഎസ്കെ മാനേജ്‌മെന്റ് ടീം ഡോക്ടർ മധു തോട്ടപ്പിലിനെ മുംബൈയിലേക്ക് അയച്ചു. താരം പൂർണ്ണമായി സുഖം പ്രാപിക്കുന്നതിന് എത്രനാൾ വേണ്ടിവരുമെന്ന് വ്യക്തമായിട്ടില്ല. എന്നാൽ രണ്ട് മാസത്തിനുള്ളിൽ നടക്കാൻ സാധിക്കുമെന്നാണ് വിവരം.
കാൽമുട്ടനേറ്റ പരുക്ക് വകവയ്ക്കാതെയാണ് ധോണി ഐപിഎലിൽ ഉടനീളം ചെന്നൈയ്ക്കായി കളത്തിലിറങ്ങിയതെന്ന കാര്യം നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇടതു കാല്‍മുട്ടിന്റെ സംരക്ഷണത്തിനായി അദ്ദേഹം ഗാര്‍ഡും സ്ട്രാപ്പും ധരിച്ചിരുന്നു.
തിങ്കളാഴ്ച, അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിനു പരാജയപ്പെടുത്തിയാണ് ചെന്നൈ സൂപ്പർ കിങ്സ് അഞ്ചാം ഐപിഎൽ കിരീടം ചൂടിയത്. ഇതിനുശേഷം വിരമിക്കൽ സംബന്ധിച്ച് നിർണായക പ്രഖ്യാപനമാണ് എം.എസ്.ധോണി നടത്തിയത്. ഇനിയും ഒരു ഐപിഎൽ കൂടി കളിക്കാനാണ് ആഗ്രഹമെങ്കിലും അതിനു തന്റെ ഭാഗത്തുനിന്നു കഠിനമായ ശാരീരിക പരിശ്രമം ആവശ്യമാണെന്നായിരുന്നു ധോണി വാക്കുകൾ.
English Summary: MS Dhoni undergoes keyhole knee surgery in Mumbai