ADVERTISEMENT

അഹമ്മദാബാദ്∙ ആവേശം പരകോടിയിലെത്തിയ ഐപിഎൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിനു തോൽപ്പിച്ചാണ് എം.എസ്.ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈ സൂപ്പർ കിങ്സ് അഞ്ചാം കിരീടം നേടിയത്. ധോണിപ്പടയുടെ കിരീടനേട്ടത്തിന്റെ ആവേശം ഇപ്പോഴും അടങ്ങിയിട്ടില്ല. സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ‘തലയുടെ വിളയാട്ടം’ സംബന്ധിച്ച ചർച്ചകൾ സജീവമാണ്.

അതേസമയം, തിങ്കളാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ ഫൈനൽ കാണാൻ നേരിട്ടെത്തിയ ബോളിവുഡ് നടി സാറാ അലി ഖാൻ പറഞ്ഞ വാക്കുകളും ഇപ്പോൾ ഗോസിപ്പ് കോളങ്ങളിൽ ചൂടുപിടിച്ച ചർച്ചയാണ്. നടൻ വിക്കി കൗശലിനൊപ്പമാണ് മത്സരം കാണാൻ സാറ എത്തിയത് ജൂൺ 2നു റിലീസാകുന്ന ബോളിവുഡ് ചിത്രം ‘സാരാ ഹത്കെ സാരാ ബച്ച്കെ’യുടെ പ്രമോഷന്റെ ഭാഗമായാണ് ഇരുവരും എത്തിയത്.

ജഡേജയുടെ കിടിലൻ പ്രകടനത്തിൽ ചെന്നൈ സൂപ്പർ കിങ്സ് വിജയിച്ചപ്പോൾ ആഹ്ലാദത്തിൽ തുള്ളിച്ചാടുന്നതിന്റെ വിഡിയോ സാറയും വിക്കിയും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ‘‘വിജയത്തിനായി മഹി. ജഡ്ഡു ഒരു റോക്ക്സ്റ്റാർ! എന്തൊരു മത്സരം! ജിടി... ടൂർണമെന്റിലൂടെ മികച്ച ടീം. യഥാർഥത്തിൽ ക്രിക്കറ്റ് തന്നെയാണ് വിജയി’’ എന്ന കുറിപ്പോടെയാണ് വിക്കി കൗശൽ വിഡിയോ പങ്കുവച്ചത്.

sara-ali-khan-vicky-kaushal-01
സാറാ അലി ഖാനും വിക്കി കൗശലും ഐപിഎൽ ഫൈനൽ മത്സരം കാണാൻ എത്തിയപ്പോൾ

മത്സരശേഷം രണ്ടു താരങ്ങളോടും അനുഭവം ചോദിച്ചറിഞ്ഞു. ഇതിനു സാറാ അലിൻ ഖാൻ നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ‘‘ഞാൻ ഇതിനുമുൻപ് ഒരു മത്സരം നേരിട്ടു കണ്ടിട്ടില്ല. അതിനാൽ ആദ്യമായി ഒരു മത്സരം നേരിട്ട് കാണുകയും എം.എസ്.ധോണി കളിക്കുകയും ചെയ്യുമ്പോൾ, അതിൽ കൂടുതൽ എന്തു വേണം’’ സാറാ അലി ഖാൻ പറഞ്ഞു. ഐപിഎലിൽ ഏറ്റവും ഇഷ്ടപ്പെട്ടത് എന്തായിരുന്നു എന്ന ചോദ്യത്തിന് വിരാട് കോലിയും ശുഭ്മാൻ ഗില്ലും ഒരു മത്സരത്തിൽ സെഞ്ചറി നേടിയതാണ് സന്തോഷിപ്പിച്ചത് എന്നായിരുന്നു സാറയുടെ ഉത്തരം. ഇതാണ് വീണ്ടും ഗോസിപ്പിനു വഴിയൊരുക്കിയത്.

ഗുജറാത്തും ബെംഗളൂരുവും തമ്മിൽ നടന്ന ഐപിഎൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലാണ് വിരാട് കോലിയും ശുഭ്മാൻ ഗില്ലും സെഞ്ചറി നേടിയത്. കോലിയുടെ സെഞ്ചറിക്കരുത്തിൽ ആദ്യ ബാറ്റു ചെയ്ത ബാംഗ്ലൂർ, 197 റൺസെടുത്തപ്പോൾ ഗില്ലിന്റെ സെഞ്ചറിയുടെ ബലത്തിലാണ് ഗുജറാത്ത് ആറു വിക്കറ്റ് ജയം നേടിയത്. ഇതോടെ ബാംഗ്ലൂർ ടൂർണമെന്റിൽനിന്നു പുറത്താകുകയും ചെയ്തു.

ഫൈനലിൽ, സാറ സ്റ്റേഡിയത്തിൽ എത്തിയതിനു പിന്നാലെ ഗിൽ പുറത്തായതിലും ട്രോളുകൾ നിറഞ്ഞിരുന്നു. ശുഭ്മാൻ ഗില്ലും സാറയും ഡേറ്റിങ്ങിലാണെന്ന അഭ്യൂഹമാണ് ചർച്ചകൾക്ക് കാരണം. പല തവണ ഗില്ലിനെയും സാറ അലി ഖാനെയും പൊതു ഇടങ്ങളിൽ ഒരുമിച്ച് കണ്ടതോടെയാണ് ഇരുവരും ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങൾ പരന്നത്. എന്നാൽ നടിയോ, ഗില്ലോ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഗോസിപ്പുകൾ രൂക്ഷമായതോടെ ഇൻസ്റ്റഗ്രാമിൽ ഇരുവരും പരസ്പരം അൺഫോളോ ചെയ്തെന്നും കഴിഞ്ഞയാഴ്ച റിപ്പോർട്ടു പുറത്തുവന്നിരുന്നു.

English Summary: "When Shubman Gill, Virat Kohli Both Made Tons...": Sara Ali Khan on 'Hatke' Time In IPL 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com