ക്രിക്കറ്റ് ഫുട്ബോളിന്റെ വഴിയേ; ദേശീയ ടീമിൽ കളിക്കാൻ ക്ലബിന്റെ അനുവാദം വേണ്ടിവരും: കമിൻസ്
Mail This Article
ലണ്ടൻ∙ ക്രിക്കറ്റ് താരങ്ങളുടെ കരിയറിനും സമയത്തിനും മേൽ രാജ്യാന്തര ക്രിക്കറ്റിനുണ്ടായിരുന്ന കുത്തകാവകാശം അടിമുടി മാറ്റിയത് ഇന്ത്യൻ പ്രിമിയർ ലീഗാണെന്ന് (ഐപിഎൽ) ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമിൻസ്. ഭാവിയിൽ ഫ്രാഞ്ചൈസി ക്രിക്കറ്റിനേക്കാൾ രാജ്യാന്തര ക്രിക്കറ്റിന് പ്രാധാന്യം നൽകാൻ താരങ്ങളെ പ്രേരിപ്പിക്കുന്നത് കടുത്ത വെല്ലുവിളിയാകുമെന്നും കമിൻസ് അഭിപ്രായപ്പെട്ടു. ഐപിഎൽ ഉൾപ്പെടെയുള്ള വിവിധ ട്വന്റി20 ലീഗുകളിൽ കളിക്കുന്നതിനായി ന്യൂസീലൻഡ് ക്രിക്കറ്റിന്റെ കരാർ നിരസിച്ച ട്രെന്റ് ബോൾട്ടിന്റെ നടപടി ഇതിന് ഉദാഹരണമാണെന്നും കമിൻസ് പറഞ്ഞു.
‘‘മുൻപ് ക്രിക്കറ്റ് താരങ്ങളുടെ സമയത്തിനു മേൽ രാജ്യാന്തര ക്രിക്കറ്റിന് കൃത്യമായ കുത്തകാവകാശമുണ്ടായിരുന്നു. എന്നാൽ, ഒരു പതിറ്റാണ്ടു മുൻപു തന്നെ ഇന്ത്യൻ പ്രിമിയർ ലീഗ് ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തി. ഇതുപോലുള്ള ഒരുപാടു വ്യത്യാസങ്ങൾ ഇനിയും സംഭവിക്കാനുണ്ട്. ഇക്കാര്യത്തിൽ നമുക്ക് സുവ്യക്തമായൊരു കാഴ്ചപ്പാട് ആവശ്യമാണ്’ – കമിൻസ് പറഞ്ഞു.
വിവിധ ക്രിക്കറ്റ് ലീഗുകളേക്കാൾ രാജ്യാന്തര ക്രിക്കറ്റിന് പ്രാധാന്യം നൽകുന്നതിന് താരങ്ങളെ പ്രേരിപ്പിക്കുന്നതും ഇപ്പോഴത്തെ സാഹചര്യത്തിൽ കനത്ത വെല്ലുവിളിയാണെന്ന് കമിൻസ് ചൂണ്ടിക്കാട്ടി. ‘‘ഓസ്ട്രേലിയയ്‌ക്കായി കളിക്കുക എന്നത് എക്കാലത്തേയും പോലെ വളരെ പ്രധാനപ്പെട്ട കാര്യമായിത്തന്നെ തുടരണം. ഓസ്ട്രേലിയയ്‌ക്കായി കളിക്കാൻ ആഗ്രഹിക്കുന്ന താരങ്ങളിൽനിന്ന് മികച്ച പ്രകടനം ഉറപ്പാക്കാനും കഴിയണം. ഇപ്പോഴത്തെ സാഹചര്യത്തിൽ അതായിരിക്കും വലിയ വെല്ലുവിളി’ – കമിൻസ് പറഞ്ഞു.
‘‘ഇക്കാര്യത്തിൽ കൃത്യമായ നിലപാട് സ്വീകരിക്കേണ്ട സമയമായെന്നു തോന്നുന്നു. കാരണം, ഇതുമായി ബന്ധപ്പെട്ട ചിന്തകൾക്ക് ഇപ്പോൾ കൂടുതൽ പ്രാധാന്യം ലഭിക്കുന്നുണ്ട്. 12 മാസം നീളുന്ന രാജ്യാന്തര ക്രിക്കറ്റ് കലണ്ടറുകളിൽ ഇനിയങ്ങോട്ട് വ്യത്യാസം വരാനുള്ള സാധ്യതയേറെയാണ്’ – കമിൻസ് ചൂണ്ടിക്കാട്ടി.
ഫുട്ബോളിന്റെ വഴിയേയാണ് ക്രിക്കറ്റിന്റെ പോക്കെന്നും കമിൻസ് അഭിപ്രായപ്പെട്ടു. ഫുട്ബോൾ താരങ്ങൾക്ക് ദേശീയ ടീമിനായി കളിക്കണമെങ്കിൽ ക്ലബ്ബുകളുടെ അനുവാദം ആവശ്യമാണ്. ക്രിക്കറ്റിലും ഭാവിയിൽ ഇത്തരമൊരു മാറ്റം സംഭവിച്ചേക്കാമെന്നാണ് കമിൻസിന്റെ പ്രതികരണം. ‘‘ഫ്രാഞ്ചൈസി ക്രിക്കറ്റിൽനിന്ന് താരങ്ങൾക്ക് ലഭിക്കുന്ന ചില സൗകര്യങ്ങളുണ്ട്. അവ പരിഗണിച്ചാൽ താരങ്ങൾ ലീഗ് ക്രിക്കറ്റിന് പ്രാമുഖ്യം നൽകുന്നതിനെ നമുക്കു കുറ്റം പറയാനാകില്ല. ലീഗ് ക്രിക്കറ്റിന് പ്രാധാന്യം ലഭിക്കുന്ന കാലവും വിദൂരമല്ല. അതൊരു യാഥാർഥ്യമാണ്. മറ്റു കായികയിനങ്ങളിൽ ഇത്തരം മാറ്റം നാം കാണുന്നുണ്ട്. അതുകൊണ്ട്, ഓസ്ട്രേലിയയ്‌ക്കായി കളിക്കുന്നത് താരങ്ങളെ സംബന്ധിച്ച് സവിശേഷമായമായ ഒന്നായി തുടരാൻ നാം ശ്രദ്ധിക്കണം.’ – കമിൻസ് പറഞ്ഞു.
‘‘ലോകകപ്പ് നേടണമെങ്കിൽ ഏറ്റവും മികച്ച താരങ്ങൾത്തന്നെ ടീമിൽ വേണമെന്നാണ് നമ്മുടെ ആഗ്രഹം. വലിയ പരമ്പരകളുടെ കാര്യത്തിലും അങ്ങനെ തന്നെ. പക്ഷേ, മുൻപത്തെ അപേക്ഷിച്ച് ഇപ്പോൾ താരങ്ങളുടെ താൽപര്യത്തിൽ കാര്യമായ വ്യത്യാസം വന്നിട്ടുണ്ട്. ഫുട്ബോളിന്റെ വഴിയേയാണ് കാര്യങ്ങളുടെ പോക്കെന്നു തോന്നുന്നു. അവിടെ ക്ലബ്ബുമായിട്ടാണ് താരങ്ങളുടെ കരാർ. അവർക്കായിട്ടാണ് കളിക്കുന്നത്. ദേശീയ ടീമിൽ കളിക്കണമെങ്കിൽ ക്ലബ് അനുവദിക്കണം’ – കമിൻസ് ചൂണ്ടിക്കാട്ടി.
English Summary: "IPL Changed Monopoly Of International Cricket On Players' Time": Pat Cummins