ADVERTISEMENT

മുംബൈ∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) മുംബൈ ഇന്ത്യൻസിനായി അരങ്ങറ്റം കുറിച്ചെങ്കിലും, ടീമിൽ സ്ഥാനം ഉറപ്പിക്കാനാകാതെ പോയ അർജുൻ തെൻഡുൽക്കറിന് ഉപദേശവുമായി പിതാവ് സച്ചിൻ തെൻഡുൽക്കർ രംഗത്ത്. ക്രിക്കറ്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ സച്ചിൻ തെൻഡുൽക്കർ മകൻ അർജുനോട് ആവശ്യപ്പെട്ടു. കുട്ടികൾക്ക് ആവശ്യമായ സ്വാതന്ത്ര്യം നൽകണമെന്ന് എല്ലാ മാതാപിതാക്കളോടും സച്ചിൻ അഭ്യർഥിച്ചു.

കഴിഞ്ഞ ദിവസം സമാപിച്ച ഐപിൽ 16–ാം സീസണിൽ, മുംബൈ ഇന്ത്യൻസിനായി അർജുൻ തെൻഡുൽക്കർ കളത്തിലിറങ്ങിയിരുന്നു. ഇതോടെ ഐപിഎലിൽ കളിക്കുന്ന ആദ്യ അച്ഛനും മകനുമെന്ന നേട്ടം സച്ചിനും അർജുനും സ്വന്തമാക്കിയിരുന്നു.

പേസ് ബോളിങ് ഓൾറൗണ്ടറെന്ന നിലയിൽ ടീമിൽ ഇടംപിടിച്ച അർജുൻ, നാലു കളികളിൽനിന്ന് മൂന്നു വിക്കറ്റുകളാണ് വീഴ്ത്തിയത്. ആകെ 59 പന്തുകൾ എറിഞ്ഞ അർജുൻ, 92 റൺസ് വിട്ടുകൊടുത്താണ് മൂന്നു വിക്കറ്റെടുത്തത്. നാലു മത്സരങ്ങളിൽനിന്ന് ആകെ നേടിയത് 13 റൺസും.

‘‘ക്രിക്കറ്റിൽ ശോഭിക്കാൻ എന്നെ സഹായിച്ചത് കുടുംബത്തിൽ നിന്ന് ലഭിച്ച ഉറച്ച പിന്തുണയാണ്. എന്റെ കരിയറിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തിയിരുന്നത് സഹോദരൻ അജിത് തെൻഡുൽക്കറാണ്. എന്റെ ജന്മദിനത്തിൽ പെയ്ന്റിങ് സമ്മാനിച്ചത് സഹോദരൻ നിതിൻ തെൻഡുൽക്കറാണ്. എന്റെ അമ്മ എൽഐസിയിലാണ് ജോലി ചെയ്തിരുന്നത്. പിതാവ് പ്രഫസറായിരുന്നു. അവർ എനിക്ക് എല്ലാവിധ സ്വാതന്ത്ര്യവും നൽകിയിരുന്നു. കുട്ടികൾക്ക് ആവശ്യമായ സ്വാതന്ത്ര്യം നൽകാൻ എല്ലാ മാതാപിതാക്കളോടും ഞാൻ ആഹ്വാനം ചെയ്യുന്നു’ – സച്ചിൻ പറഞ്ഞു.

‘‘എനിക്കായി എന്റെ കുടുംബം ഒരുക്കിയ എല്ലാ സാഹചര്യങ്ങളും എന്റെ മകനായും ഒരുക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്. നിങ്ങൾ സ്വയം അഭിനന്ദിക്കുമ്പോൾ, മറ്റുള്ളവരും നിങ്ങളെ അഭിനന്ദിക്കും. എന്റെ പിതാവ് എന്നോടു സ്ഥിരമായി പറഞ്ഞിരുന്നതുപോലെ, കളിയിൽ പൂർണശ്രദ്ധ ചെലുത്തുക. ഇതാണ് എന്റെ മകൻ അർജുനോട് ഞാൻ പറയാറുള്ളത്’ – സച്ചിൻ പറഞ്ഞു.

‘‘ഞാൻ ക്രിക്കറ്റിൽനിന്ന് വിരമിച്ച സമയത്ത് മാധ്യമങ്ങൾ ആശംസകൾ നേർന്നിരുന്നു. അന്ന്, എന്റെ മകൻ അർജുന് ക്രിക്കറ്റിലേക്ക് വരാനും വളരാനും ആവശ്യമായ സമയവും സാഹചര്യവും അനുവദിക്കണമെന്ന് അവരോട് ഞാൻ അഭ്യർഥിച്ചു. മാധ്യമപ്രവർത്തകർ എന്റെ അഭ്യർഥന സ്വീകരിച്ച് അതേപടി ചെയ്തു. അവർക്ക് എന്റെ പ്രത്യേക നന്ദി’ – സച്ചിൻ പറഞ്ഞു.

‘‘ഒരിക്കൽ ഓസ്ട്രേലിയൻ പര്യടനത്തിന്റെ സമയത്ത് എനിക്ക് പരുക്കുണ്ടായിരുന്നു. അന്ന് ഇരു കാലുകളിലും ശസ്ത്രക്രിയ നടത്താൻ ഞാൻ തീരുമാനിച്ചു. അന്ന് അഞ്ജലി ഓസ്ട്രേലിയയിലെത്തി എന്റെ ശസ്ത്രക്രിയ മാറ്റിവയ്പ്പിച്ചു. പരുക്കുമൂലം ഞാൻ അന്ന് ആകെ അസ്വസ്ഥനായിരുന്നു. ആ ഘട്ടത്തിൽ അഞ്ജലി എനിക്കൊപ്പം നിന്ന് ശുശ്രൂഷിച്ചു’ – സച്ചിൻ വിവരിച്ചു.

English Summary: Sachin Tendulkar on Arjun Tendulkar's cricket future: ‘Pay attention to your game’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com