‘ശുഭ്മാൻ ഗിൽ സച്ചിൻ തെൻഡുൽക്കറെപ്പോലെ, വിരാട് കോലിക്ക് ദൗര്‍ബല്യങ്ങളുണ്ട്’
Mail This Article
മുംബൈ ∙ യുവ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശുഭ്മാൻ ഗിൽ, സച്ചിന്‍ തെൻഡുല്‍ക്കറെപ്പോലെയാണെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. സച്ചിന്‍ തെൻഡുൽക്കറെയും വിരാട് കോലിയെയും താരതമ്യം ചെയ്താൽ കോലിയുടെ കാര്യത്തിൽ ചില ദൗർബല്യങ്ങളുണ്ടെന്നും കൈഫ് ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു. 2014ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഫോം കണ്ടെത്താനാകാതെ ബുദ്ധിമുട്ടിയ താരമാണ് കോലിയെന്നും കൈഫ് വ്യക്തമാക്കി.
‘‘ഗില്ലിന്റെ ടെക്നിക്കിനു സച്ചിന്റേതുമായി സാമ്യതയുണ്ടെന്നാണ് എനിക്കു തോന്നുന്നത്. ആ സമയത്ത് ഗില്ലിനെ പുറത്താക്കുകയെന്നതു ബുദ്ധിമുട്ടേറിയ കാര്യമാണ്. ഗില്ലിന്റെ ബാറ്റിങ്ങിൽ ദൗർബല്യങ്ങളൊന്നുമുണ്ടാകില്ല. കോലിയും സച്ചിനും ഇതിഹാസങ്ങളാണ്. ഞാൻ രണ്ടുപേർക്കുമൊപ്പം കളിച്ചിട്ടുണ്ട്. പക്ഷേ കോലിയുടെ കാര്യത്തിൽ ദൗർബല്യങ്ങളുണ്ട്.’’– കൈഫ് വ്യക്തമാക്കി.
വലിയ താരമായി മാറുന്നതിനുള്ള മാനസികമായ കരുത്ത് നേടുന്നതിലും ഗിൽ, സച്ചിനെപ്പോലെയാണെന്നും കൈഫ് പ്രതികരിച്ചു. സാധാരണയായി താരങ്ങൾ 8–9 വർഷങ്ങൾകൊണ്ടു നേടിയെടുക്കുന്ന കാര്യങ്ങൾ ഗിൽ വളരെ ചെറിയ കാലംകൊണ്ടു സ്വന്തമാക്കിയതായും കൈഫ് വ്യക്തമാക്കി.
2023 ഐപിഎല്ലിൽ തകർപ്പന്‍ ഫോമിൽ കളിച്ച ഗിൽ ഒരു സീസണിൽ കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടത്തിലെത്തിയിരുന്നു. 2023 സീസണിലെ ടോപ് സ്കോററായ ഗിൽ 890 റൺസാണു നേടിയത്. ഒന്നാമതുള്ള കോലി ഒരു സീസണിൽ 973 റൺസെടുത്തിട്ടുണ്ട്.
English Summary: Former Indian cricketer compares Gill with Sachin Tendulkar and Kohli