ADVERTISEMENT

തുടർച്ചയായി രണ്ടാം ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലും തോറ്റ് മടങ്ങുമ്പോൾ അതിന്റെ ‘ക്രെഡിറ്റ്’ ഇന്ത്യയുടെ ബാറ്റർമാർക്ക് അവകാശപ്പെട്ടതാണ്, പ്രത്യേകിച്ച് ടോപ് 4ന്. ക്യാപ്റ്റൻ രോഹിത് ശർമ, ശുഭ്മൻ ഗിൽ, ചേത്വേശ്വർ പൂജാര, വിരാട് കോലി എന്നീ ടോപ് 4 ബാറ്റർമാരുടെ ദയനീയ പ്രകടനമാണ് ഈ ഫൈനലിൽ ഇന്ത്യയുടെ തോൽവിക്കു പ്രധാന കാരണം.

2 ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലുകളിലായി 4 ഇന്നിങ്സ് വീതം ബാറ്റ് ചെയ്തിട്ടും ഇവർ 4 പേർക്കും ഒരു അർധ സെഞ്ചറി പോലും നേടാൻ സാധിച്ചിട്ടില്ല. ഇന്നലെ വിരാട് കോലി നേടിയ 49 റൺസാണ് ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ഇന്ത്യൻ ടോപ് 4 ബാറ്റർമാരുടെ ഉയർന്ന സ്കോർ! പ്രഥമ ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ന്യൂസീലൻഡ് കിരീടം നേടിയപ്പോൾ ടോപ് ഫോറിലുള്ള ഡെവൻ കോൺവേയും (54) കെയ്ൻ വില്യംസണും (52*) യഥാക്രമം ഒന്നും രണ്ടും ഇന്നിങ്സുകളിൽ അർധ സെഞ്ചറി നേടിയിരുന്നു.

നാലാം നമ്പർ താരം സ്റ്റീവ് സ്മിത്തിന്റെ സെഞ്ചറിയുടെ (121) ബലത്തിലാണ് ഈ ഫൈനലിൽ ഓസ്ട്രേലിയ ശക്തമായ ഒന്നാം ഇന്നിങ്സ് സ്കോർ നേടിയത്. ദുർബലമായ മധ്യനിരയും അതിലും ദുർബലമായ വാലറ്റവുമായി ഫൈനൽ കളിക്കാനിറങ്ങുമ്പോൾ ടോപ് 4 ബാറ്റർമാരിൽ ആയിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. 444 റൺസെന്ന വിജയലക്ഷ്യം 4–ാം ഇന്നിങ്സിൽ പിന്തുടർന്നു ജയിക്കുക ഏറക്കുറെ അസാധ്യമാണെന്ന ബോധ്യം ഇന്ത്യയ്ക്ക് ഉണ്ടായിരുന്നു.

എന്നാൽ, സമനില എന്ന സാധ്യത അപ്പോഴും വിദൂരമല്ലായിരുന്നു. പക്ഷേ, അതിനുള്ള ഒരു ശ്രമവും ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ഒരു അനാവശ്യ സ്വീപ് ഷോട്ടിനു ശ്രമിച്ചാണ് രോഹിത് പുറത്തായതെങ്കിൽ കരിയറിൽ ഇതുവരെ ‘കളിക്കാത്ത’ അപ്പർ കട്ടിനുള്ള ശ്രമമാണ് പൂജാരയുടെ വിക്കറ്റ് കളഞ്ഞത്. ഓഫ് സ്റ്റംപിനു പുറത്തുള്ള നിരുപദ്രവകാരിയായ പന്തുകളെ തേടിപ്പിടിച്ച് വിക്കറ്റ് നഷ്ടപ്പെടുത്താനുള്ള ത്വര കോലിയെയും മടക്കിയയച്ചു.

English Summary: The Great Indian Tragedy in WTC Final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com