ADVERTISEMENT

മുംബൈ∙ ഇന്ത്യൻ ടീമിൽ സഹകരണമില്ലെന്നും സുഹൃത്തുക്കളല്ല വെറും സഹതാരങ്ങൾ മാത്രമാണ് ടീമിലുള്ളതെന്നും വെളിപ്പെടുത്തിയ സ്പിന്നർ രവിചന്ദ്രൻ അശ്വിനു മറുപടിയുമായി മുൻ ഇന്ത്യൻ താരവും കോച്ചുമായ രവി ശാസ്ത്രി. അശ്വിനെ രൂക്ഷമായി വിമർശിച്ച ശാസ്ത്രി, ഡ്രസിങ് റൂമായാലും കമന്ററി ബോക്സായാലും സഹപ്രവർത്തകർ എപ്പോഴും ഉണ്ടാകുമെന്ന് തുറന്നടിച്ചു.

“എന്നെ സംബന്ധിച്ചിടത്തോളം എല്ലാവരും സഹപ്രവർത്തകരാണ്. നിങ്ങൾക്ക് സഹപ്രവർത്തകരായ സുഹൃത്തുക്കൾ ഉണ്ടാകും. അതായത്... ഒരാൾക്ക് എത്ര അടുത്ത സുഹൃത്തുക്കളുണ്ട്? ആരോടു ചോദിച്ചാലും പറയും 4-5... ജീവിതത്തിൽ! എന്റെ ജീവിതത്തിലുള്ള അഞ്ച് അടുത്ത സുഹൃത്തുക്കളിൽ ഞാൻ സന്തുഷ്ടനാണ്, അതിൽ കൂടുതൽ എനിക്ക് വേണ്ട.’’- ദ് വീക്കിനു നൽകിയ അഭിമുഖത്തിൽ രവി ശാസ്ത്രി പറഞ്ഞു. 2021ൽ ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ ശേഷം രവി ശാസ്ത്രി കമന്ററി രംഗത്തേയ്ക്കു മടങ്ങിയെത്തിയിരുന്നു.

ലോക് ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിന്റെ പ്ലേയിങ് ഇലവനിൽനിന്ന് ഒഴിവാക്കിയതിനുശേഷം നൽകിയ അഭിമുഖത്തിലാണ് ഇന്ത്യൻ ടീമിൽ സഹകരണമില്ലെന്ന് അശ്വിൻ വെളിപ്പെടുത്തിയത്. ഓരോ സ്ഥാനത്തിനായും ടീമിനുള്ളിൽ കടുത്ത മത്സരമാണെന്നും ‘സൗഹൃദം’ എന്ന വാക്ക് ഇന്ത്യൻ ഡ്രസിങ് റൂമിൽ ഇപ്പോഴില്ലെന്നും അശ്വിൻ വിശദീകരിച്ചു. ‘‘എല്ലാവരും സഹപ്രവർത്തകരായ ഒരു കാലഘട്ടമാണിത്. ഒരു കാലത്ത് ക്രിക്കറ്റ് കളിക്കുമ്പോൾ സഹതാരങ്ങളെല്ലാം സുഹൃത്തുക്കളായിരുന്നു. ഇപ്പോൾ അവർ വെറും സഹപ്രവർത്തകർ മാത്രമാണ്. ഇതു തമ്മിൽ വലിയ വ്യത്യാസമുണ്ട്. മറ്റൊരാളെ ചവിട്ടിതാഴ്ത്തി സ്വയം മുന്നേറാനും മുന്നോട്ട് കുതിക്കാനുമാണ് ഓരോരുത്തരും ശ്രമിക്കുന്നത്. അതിനാൽ മറ്റുള്ളവരുടെ കാര്യം അന്വേഷിക്കാൻ ആർക്കും സമയമില്ല.’’– അശ്വിൻ പറഞ്ഞു.

താരങ്ങൾ പരസ്പരം കാര്യങ്ങൾ പങ്കുവയ്ക്കുന്നാണ് ടീമിനു നല്ലതെങ്കിലും അങ്ങനെയൊന്നും ഇപ്പോൾ ഇന്ത്യൻ ടീമിൽ സംഭവിക്കുന്നില്ലെന്ന് അശ്വിൻ പറ​ഞ്ഞു. ടീം ഇന്ത്യയിൽ ഇപ്പോൾ ഓരോരുത്തരും ഒറ്റയ്ക്കുള്ള യാത്രയിലാണെന്ന് അശ്വിൻ കൂട്ടിച്ചേർത്തു. ‘‘വാസ്തവത്തിൽ, കാര്യങ്ങൾ പരസ്പരം പങ്കുവച്ചാൽ ക്രിക്കറ്റ് കൂടുതൽ മെച്ചപ്പെടുമെന്ന് ഞാൻ വിശ്വസിക്കുന്നു. മറ്റൊരാളുടെ ടെക്നിക്കുകൾ ഉൾപ്പെടെ മനസ്സിലാക്കിയാൽ നമ്മൾ കൂടുതൽ മെച്ചപ്പെടും. പക്ഷേ അതൊന്നും ഇന്ത്യൻ ടീമിൽ സംഭവിക്കുന്നില്ല. നിങ്ങളുടെ സഹായത്തിനായി ആരും വരില്ല. ഇതൊരു ഒറ്റപ്പെട്ട യാത്രയാണ്.’’ അശ്വിൻ കൂട്ടിച്ചേർത്തു.

English Summary: Ravi Shastri's sensational reply to Ashwin's 'teammates are colleagues' remark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com