ADVERTISEMENT

ധാക്ക∙ ഏകദിന പരമ്പര സമനിലയിലായതിനു പിന്നാലെ ഇന്ത്യൻ താരങ്ങൾക്കൊപ്പം ഗ്രൂപ്പ് ഫോട്ടോയ്ക്കു നിൽക്കാതെ ഇറങ്ങിപ്പോയി ബംഗ്ലദേശ് വനിതാ താരങ്ങൾ. മൂന്നാം ഏകദിന പോരാട്ടം സമനിലയിലായതിനു പിന്നാലെയാണു നാടകീയ സംഭവങ്ങള്‍. ഫോട്ടോയെടുക്കാന്‍ നിൽക്കുമ്പോൾ ഇന്ത്യന്‍ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, അംപയർമാരെകൂടി ബംഗ്ലദേശ് താരങ്ങൾക്കൊപ്പം നിൽക്കാൻ ‘ക്ഷണിച്ചിരുന്നു’. അംപയർമാരും ബംഗ്ലദേശ് ടീമിലുള്ളതാണ് എന്നു താരങ്ങളെ പരിഹസിക്കാനാണ് ഹർമൻപ്രീത് ഇത്തരമൊരു നീക്കം നടത്തിയതെന്നും വിമർശനമുയർന്നു.

ഹര്‍മന്റെ വാക്കുകൾക്കു പിന്നാലെ ഫോട്ടോയെടുക്കാൻ നിൽക്കാതെ ബംഗ്ലദേശ് താരങ്ങൾ ഇറങ്ങിപ്പോയി. ഫോട്ടോ സെഷനിടെ ഹർമൻപ്രീത് കൗർ ബംഗ്ലദേശ് താരങ്ങളോടു സംസാരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മൂന്നാം ഏകദിന മത്സരത്തില്‍ പുറത്തായതിൽ പ്രതിഷേധിച്ച് വിക്കറ്റിൽ ബാറ്റുകൊണ്ട് അടിച്ച് ഹർമൻപ്രീത് കൗർ ഗ്രൗണ്ട് വിട്ടിരുന്നു. ബംഗ്ലദേശ് താരങ്ങളുടെ എൽബിഡബ്ല്യു അപ്പീൽ അംപയർ അനുവദിച്ചതാണ് ഇന്ത്യൻ ക്യാപ്റ്റനെ പ്രകോപിപ്പിച്ചത്.

പുറത്തായതു വിശ്വസിക്കാതെ കുറച്ചു നേരം ക്രീസിൽ തുടർന്ന ഹര്‍മൻ രോഷം മുഴുവൻ വിക്കറ്റിൽ തീർത്തു. ബാറ്റുകൊണ്ട് വിക്കറ്റിൽ അടിച്ച ശേഷം അംപയറോട് തർക്കിച്ചാണ് ഇന്ത്യൻ ക്യാപ്റ്റൻ ഗ്രൗണ്ട് വിട്ടത്. ബംഗ്ലദേശ് ഉയർത്തിയ വിജയ ലക്ഷ്യം പിന്തുടരുന്നതിനിടെ 34–ാം ഓവറിലായിരുന്നു ഇന്ത്യൻ ക്യാപ്റ്റന്റെ പുറത്താകൽ. ബംഗ്ലദേശ് ബോളര്‍ നഹിദ അക്തറിന്റെ പന്തിൽ ഹർമൻപ്രീത് എൽബിഡബ്ല്യു ആകുകയായിരുന്നു.

ബംഗ്ലദേശിൽനിന്നുള്ള അംപയർമാർക്കായിരുന്നു മത്സരം നിയന്ത്രിക്കാനുള്ള ചുമതല. മൂന്നാം വനിതാ ഏകദിനത്തിൽ ഇന്ത്യ ടൈ വഴങ്ങിയതോടെ പരമ്പര വിജയികൾക്കുള്ള ട്രോഫിയും പങ്കുവച്ചു. ഇന്ത്യൻ ക്യാപ്റ്റന്‍ മര്യാദയില്ലാത്ത പെരുമാറ്റമാണ് ഗ്രൗണ്ടിൽ നടത്തിയതെന്ന് ബംഗ്ലദേശ് വനിതാ ടീം ക്യാപ്റ്റൻ തിരിച്ചടിച്ചു.

English Summary: Harmanpreet Kaur's Antics Prompt Bangladesh Team To Leave Photoshoot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com