2019 ൽ ചന്ദ്രയാനിലും ലോകകപ്പിലും നിരാശ; 2023 ൽ ‘വിശ്വാസ’മെന്ന് മുംബൈ ഇന്ത്യൻസ്
Mail This Article
മുംബൈ∙ ചന്ദ്രനിൽ ഇറങ്ങി ഇന്ത്യ പുതുചരിത്രമെഴുതിയ ദിവസം ഐപിഎൽ ടീം മുംബൈ ഇന്ത്യൻസ് സമൂഹമാധ്യമത്തിലിട്ട പോസ്റ്റിൽ വൻ ചർച്ച. ചന്ദ്രയാൻ രണ്ട് അവസാന ഘട്ടത്തിൽ പരാജയപ്പെട്ടത് 2019ൽ ആയിരുന്നു. ഇതേ വർഷമാണ് ഇന്ത്യ ലോകകപ്പ് സെമിയിൽ വീണത്. സെമി ഫൈനലിൽ ന്യൂസീലൻഡ് 21 റൺസിനാണ് ഇന്ത്യയെ തോൽപിച്ചത്.
ഈ വർഷം ചന്ദ്രയാൻ സുരക്ഷിതമായി ചന്ദ്രനിൽ ഇറങ്ങി. ഈ വർഷം ഇന്ത്യയിൽ വച്ച് ഏകദിന ലോകകപ്പും നടക്കുന്നുണ്ട്. ചന്ദ്രയാന്റെ കാര്യത്തിലെ വിജയം, ലോകകപ്പിലും ഇന്ത്യ തുടരുമെന്ന പ്രതീക്ഷയാണ് എക്സ് പ്ലാറ്റ്ഫോമിലെ (ട്വിറ്റർ) പോസ്റ്റിൽ മുംബൈ ഇന്ത്യൻസ് പങ്കുവച്ചിരിക്കുന്നത്. ‘വിശ്വാസം’ എന്ന് ചിത്രത്തോടൊപ്പം മുംബൈ ഇന്ത്യൻസ് എക്സിൽ കുറിച്ചു.
ചന്ദ്രയാൻ വിജയം അയർലൻഡിൽ ഏകദിന പരമ്പരയിലുള്ള ഇന്ത്യൻ ക്രിക്കറ്റ് താരങ്ങള്‍ ടിവിയിലൂടെയാണു കണ്ടത്. വിജയം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങളുടെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അയർലൻഡിനെതിരായ മൂന്നാം മത്സരം മഴ കാരണം ടോസ് പോലും ഇടാനാകാതെ ഉപേക്ഷിച്ചിരുന്നു. ഇതോടെ പരമ്പര 2–0ന് ഇന്ത്യ സ്വന്തമാക്കി. ഏഷ്യാ കപ്പ് ക്രിക്കറ്റിലാണ് ടീം ഇന്ത്യയ്ക്ക് ഇനി കളിക്കാനുള്ളത്. സെപ്റ്റംബർ മൂന്നിന് പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
English Summary: Mumbai Indians Post after Chandrayaan-3’s successful moon landing