പാക്കിസ്ഥാനു മാത്രം ഇന്ത്യൻ വീസ കിട്ടിയില്ല, ദുബായ് യാത്രയും മുടങ്ങി; ലോകകപ്പിനു മുൻപേ തിരിച്ചടി
Mail This Article
ഇസ്‌ലാമാബാദ്∙ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിനു മുന്നോടിയായി ദുബായിലേക്ക് പോകാനുള്ള പാക്കിസ്ഥാൻ ടീമിന്റെ പദ്ധതി അവസാനനിമിഷം റദ്ദാക്കി. വീസ പ്രശ്നത്തെ തുടർന്നാണ് യാത്ര വേണ്ടെന്നുവച്ചത്. ലോകകപ്പിനായി ഇന്ത്യയിലേക്ക് വരുന്നതിന് പാക്കിസ്ഥാൻ ടീമിന് ഇതുവരെ വീസ ലഭിച്ചിട്ടില്ല. ഇന്ത്യയ്‌ക്കൊപ്പം ടൂർണമെന്റിൽ പങ്കെടുക്കുന്ന ഒൻപതു ടീമുകളിൽ പാക്കിസ്ഥാൻ ടീമിന് മാത്രമാണ് ഇതുവരെ വീസ ലഭിക്കാത്തതെന്നാണ് റിപ്പോർട്ട്. ഈ കാലതാമസം കാരണമാണ് ദുബായ് യാത്ര തൽക്കാലം ഒഴിവാക്കിയത്.
ഈ മാസം. 29ന് ന്യൂസീലൻഡിനെതിരായ ആദ്യ സന്നാഹ മത്സരത്തിനായി ഹൈദരാബാദിലേക്ക് പോകുന്നതിന് മുൻപ് ദുബായിലേക്ക് പോകാനും അവിടെ രണ്ടു ദിവസം തങ്ങാനുമായിരുന്നു ടീമിന്റെ പദ്ധതി. എന്നാൽ ഇന്ത്യൻ വീസ വൈകുന്നതിനാൽ കറാച്ചിയിൽനിന്നു നേരിട്ട് ഹൈദരാബാദിലേക്ക് തന്നെ വരാൻ ടീം മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു. വീസ നടപടിക്രമങ്ങൾക്കായാണ് പാക്കിസ്ഥാനിൽ തന്നെ തുടരുന്നത്. 2012-13 ന് ശേഷം ആദ്യമായാണ് പാക്കിസ്ഥാൻ ടീം ഇന്ത്യയിലേക്ക് വരുന്നത്.
2012–13 ലാണ് പാക്കിസ്ഥാനും ഇന്ത്യയും അവസാനം ദ്വിരാഷ്ട്ര പരമ്പര കളിച്ചത്. അതിനുശേഷം ഐസിസി ടൂർണമെന്റുകളിലും ഏഷ്യാ കപ്പിലും മാത്രമാണ് ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടുന്നത്. ഇന്ത്യൻ ടീം അവസാനമായി പാക്കിസ്ഥാനിലേക്ക് പോയത് 2006ലാണ്. ലോകകപ്പിനുള്ള പാക്കിസ്ഥാൻ ടീമിലെ രണ്ടു താരങ്ങൾ മാത്രമാണ് ഇതിനു മുൻപു ക്രിക്കറ്റ് മത്സരത്തിനായി ഇന്ത്യയിലേക്ക് വന്നിട്ടുള്ളത്.
ഒക്‌ടോബർ 6നു ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ നെതർലൻഡ്‌സിനെതിരെയാണ് പാക്കിസ്ഥാന്റെ ആദ്യ ലോകകപ്പ് മത്സരം. വെള്ളിയാഴ്ച, ലോകകപ്പിന് ബാബർ അസമിന്റെ നേതൃത്വത്തിലുള്ള 15 കളിക്കാരുടെ ടീമിനെ പാക്കിസ്ഥാൻ പ്രഖ്യാപിച്ചിരുന്നു. അന്തിമ ടീമിനെ പ്രഖ്യാപിക്കുന്ന ആദ്യ ടീമായി പാക്കിസ്ഥാൻ മാറി. ഈ മാസം 27 വരെയാണ് അന്തിമ ടീമിനെ പ്രഖ്യാപിക്കാനുള്ള സമയം. പരുക്കേറ്റ പേസർ നസീം ഷായുടെ സേവനം പാക്കിസ്ഥാനു നഷ്‌ടമാകും. നസീമിന് പകരക്കാരനായി ഹസൻ അലിയെ ടീമിൽ ഉൾപ്പെടുത്തി. ഷഹീൻ ഷാ അഫ്രീദിയുടെ നേതൃത്വത്തിലാണ് പാക്കിസ്ഥാന്റെ പേസ് ആക്രമണം. ഹാരിസ് റൗഫ്, മുഹമ്മദ് വസീം, ഹസൻ അലി എന്നിവർ അദ്ദേഹത്തെ പിന്തുണയ്ക്കും.
English Summary: No India Visa, No Dubai Trip. Hiccups For Pakistan Ahead Of World Cup: Report