തിരുവനന്തപുരം ഒരുങ്ങി; ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ടീം ഇന്നെത്തും, ഇന്ത്യ ഒക്ടോബർ ഒന്നിന്
Mail This Article
തിരുവനന്തപുരം ∙ ക്രിക്കറ്റ് ലോകകപ്പിന്റെ ആവേശത്തിലേക്ക് കേരളവും. തിരുവനന്തപുരം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ 29 മുതൽ നടക്കുന്ന ലോകകപ്പ് സന്നാഹ മത്സരങ്ങൾക്കായി ടീമുകൾ ഇന്ന് എത്തി തുടങ്ങും. ദുബായിൽ നിന്നുള്ള വിമാനത്തിൽ ദക്ഷിണാഫ്രിക്ക ടീമാണ് ഇന്നു പുലർച്ചെ ആദ്യമെത്തുക. അഫ്ഗാനിസ്ഥാൻ ടീം 26നും ഓസ്ട്രേലിയ, നെതർലൻഡ്സ് ടീമുകൾ 28നും ന്യൂസീലൻഡ് 30നും തിരുവനന്തപുരത്ത് എത്തും. ഒക്ടോബർ ഒന്നിനാണ് ഇന്ത്യൻ ടീം എത്തുക.
ഇന്ത്യ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകൾ കോവളം ലീല റാവിസ് ഹോട്ടലിലും ന്യൂസീലൻഡ്, അഫ്ഗാനിസ്ഥാൻ ടീമുകൾ ഹയാത്ത് റീജൻസിയിലും നെതർലൻഡ്സ് താജ് വിവാന്റയിലുമാണ് താമസിക്കുക. 29 ന് ദക്ഷിണാഫ്രിക്ക - അഫ്ഗാനിസ്ഥാൻ, 30ന് ഓസ്ട്രേലിയ - നെതർലൻഡ്സ്, ഒക്ടോബർ 2 ന് ന്യൂസീലൻഡ് - ദക്ഷിണാഫ്രിക്ക, 3ന് ഇന്ത്യ - നെതർലൻഡ്സ് മത്സരങ്ങളാണ് തിരുവനന്തപുരത്ത് നടക്കുന്നത്.
ടീമുകൾ 26 മുതൽ പരിശീലനത്തിന് ഇറങ്ങും. ഇന്ത്യൻ ടീമിന്റെ പരിശീലനം ഒക്ടോബർ 2 ന് ഉച്ചയ്ക്ക് 2 മുതൽ 5 വരെ സ്പോർട്സ് ഹബ് സ്റ്റേഡിയത്തിലാണ്. സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ മത്സരം നടക്കുന്ന ദിവസങ്ങളിൽ തുമ്പ സെന്റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടിലാവും മറ്റു ടീമുകളുടെ പരിശീലനം
മത്സരങ്ങൾ കാണാനുള്ള ടിക്കറ്റുകൾ ബുക്ക് മൈ ഷോ വഴി ഓൺലൈനായി ബുക്ക് ചെയ്യാം. ഗാലറിയിലെ താഴത്തെ തട്ടിൽ 900 രൂപയും മുകൾ തട്ടിൽ 300 രൂപയുമാണു ടിക്കറ്റ് നിരക്ക്.
English Summary : Thiruvananthapuram is ready; South Africa cricket team will arrive today