ADVERTISEMENT

1979ൽ പുണെയിലെ ശ്രീവൽസ ആശുപത്രിയിലെത്തിയ ആ ഓസ്ട്രേലിയൻ ദമ്പതികൾക്കു ദത്തെടുക്കാൻ അന്നൊരു ആൺകുട്ടിയെത്തന്നെ കിട്ടിയിരുന്നെങ്കിൽ? ലിസ സ്തലേക്കർ ഇന്നലെ സുനിൽ ഗാവസ്കർക്കും സഞ്ജയ് മഞ്ജരേക്കർക്കുമൊപ്പം ഇരുന്ന് ഇന്ത്യ–അഫ്ഗാനിസ്ഥാൻ മത്സരത്തിനു കമന്ററി പറയില്ലായിരുന്നു! അച്ഛനും അമ്മയും ആരെന്നറിയാതെ പുണെയിലെ ഒരു അനാഥാലയത്തിൽ വളർന്ന ലിസ ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായതും പേരുകേട്ട കമന്റേറ്ററായതും ലോക ക്രിക്കറ്റിലെ ഏറ്റവും അവിശ്വസനീയമായ കഥകളിലൊന്നാണ്.

ജന്മം നൽകിയ മാതാപിതാക്കൾക്കു കൈക്കുഞ്ഞിനെ വളർത്താനുള്ള സാമ്പത്തിക ശേഷിയില്ലാത്തതിനാൽ പുണെയിലെ സാസൂൺ ആശുപത്രിയോടു ചേർന്നു പ്രവർത്തിക്കുന്ന ശ്രീവൽസ എന്ന അനാഥാലയത്തിനു നൽകിയതിൽ തുടങ്ങുന്നു അക്കഥ. ലൈല എന്നാണ് അനാഥാലയം അധികൃതർ മൂന്നാഴ്ച മാത്രം പ്രായമുള്ള ആ കുഞ്ഞിനു പേരു നൽകിയത്. അമേരിക്കയിലെ മിഷിഗനിൽ താമസിക്കുന്ന ഹാരൻ–സ്യൂ ദമ്പതികൾ ആയിടെ ഒരു ആൺകുട്ടിയെ ദത്തെടുക്കണമെന്ന ആഗ്രഹവുമായി ശ്രീവൽസയിലെത്തി. ആൺകുട്ടിയെ കിട്ടാതെ മടങ്ങാനൊരുങ്ങുമ്പോഴാണ് അവർ ലൈലയെ കണ്ടത്. ഒരു മാസം മാത്രം പ്രായമായ ലൈലയെ അവർ ദത്തെടുത്തു; ലിസ എന്നു പേരു മാറ്റി.

സ്തലേക്കർ ദമ്പതികൾ ആദ്യം ദത്തെടുത്ത കാപ്രിനി എന്ന മകൾക്കൊപ്പം അമേരിക്കയിൽ ലിസയും വളർന്നു. പിന്നീടു ഹാരന്റെ ജോലി ആവശ്യത്തിനായി അവർ കെനിയയിലേക്കു പോയെങ്കിലും അവസാനം ഓസ്ട്രേലിയയിലെ സിഡ്നിയിൽ താമസമുറപ്പിച്ചു. ഹാരനാണ് ലിസയെ ക്രിക്കറ്റിലെ ബാലപാഠങ്ങൾ അഭ്യസിപ്പിച്ചത്. പടിപടിയായി ക്രിക്കറ്റിൽ വളർന്ന ലിസ 2001 ജൂണിൽ ഇംഗ്ലണ്ടിനെതിരെ ഏകദിനത്തിൽ ഓസീസിനു വേണ്ടി അരങ്ങേറി. 

ഏകദിന ക്രിക്കറ്റിൽ 1000 റൺസും 100 വിക്കറ്റ് നേട്ടവും പിന്നിട്ട ആദ്യ വനിതാ താരമായി. 2013ൽ ലോകകപ്പ് കിരീടനേട്ടത്തോടെ വിരമിച്ചു. ശേഷം കമന്റേറ്ററായി. 2020ൽ ഐസിസി ക്രിക്കറ്റ് ഹാൾ ഓഫ് ഫെയിമിൽ ഇടം പിടിച്ചു.

സൂപ്പർതാരമായ ശേഷം 2012ൽ താൻ ജനിച്ചു വളർന്ന ശ്രീവൽസ സന്ദർശിച്ചിരുന്നു ലിസ. ‘നിങ്ങളുടെ യഥാർഥ മാതാപിതാക്കളെ കണ്ടെത്തണമെന്ന ആഗ്രഹമുണ്ടോ..?’ അന്ന് അനാഥാലയം അധികൃതർ ചോദിച്ചു. ഒരു നിമിഷം ആലോചിച്ചശേഷം ലിസ പറഞ്ഞു: ‘ഇല്ല. നൂറു കോടിയിലേറെ ജനങ്ങളിൽനിന്ന് മൂന്നു പതിറ്റാണ്ടു മുൻപ് എനിക്കു ജന്മം നൽകിയവരെ എങ്ങനെ കണ്ടെത്താനാണ്?’

English Summary:

From orphanage to commentary box, Lisa Sthalekar life story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com