പിണക്കം മറന്ന് കൈകൊടുത്തും കെട്ടിപ്പിടിച്ചും വിരാട് കോലിയും നവീനുൽ ഹഖും, ഇനി ഭായ് ഭായ്
Mail This Article
ന്യൂഡൽഹി∙ ഇന്ത്യൻ താരം വിരാട് കോലിയും അഫ്ഗാനിസ്ഥാൻ താരം നവീനുൽ ഹഖും തമ്മിലുള്ള സൗഹൃദ നിമിഷമായിരുന്നു ലോകകപ്പ് മത്സരത്തിലെ ഹൈലൈറ്റ്. കഴിഞ്ഞ ഐപിഎൽ മത്സരത്തിനിടെ, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ താരമായ കോലിയും ലക്നൗ സൂപ്പർ ജയ്ന്റ്സ് താരമായ നവീനും കൊമ്പുകോർത്തിരുന്നു.
അതിനു ശേഷം ഇന്നലെയാണ് ഇരുവരും നേർക്കുനേർ വന്നത്. പിണക്കം മറന്ന് പരസ്പരം കൈകൊടുത്തും കെട്ടിപ്പിടിച്ചും സൗഹൃദം പുതുക്കുന്ന കോലിയെയും നവീനെയുമായിരുന്നു ഗ്രൗണ്ടിൽ കണ്ടത്. ഐപിഎല്ലിന്റെ കഴിഞ്ഞ സീസണിൽ കോലിയും നവീനും ഗ്രൗണ്ടിൽവച്ച് തർക്കിച്ചത് വൻ വാര്‍ത്തയായിരുന്നു.
നവീൻ ബാറ്റു ചെയ്യുന്നതിനിടെ വിരാട് കോലി ഷൂസിന്റെ അടിയിലെ മണ്ണ് ഇളക്കി താരത്തിനു നേരെ വിരൽ ചൂണ്ടിയതാണ് പ്രശ്നങ്ങളുടെ തുടക്കം. മത്സരത്തിനു ശേഷം ഗ്രൗണ്ടിൽവച്ചു കോലിയും നവീനും തർക്കിച്ചതോടെ പ്രശ്നം വഷളായി. ലക്നൗ മെന്ററായ ഗൗതം ഗംഭീറും നവീനു വേണ്ടി കോലിയോടു തർക്കിച്ചു. ഗ്രൗണ്ടിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ വിരാട് കോലിക്കും നവീനുല്‍ ഹഖിനും അധികൃതർ പിഴയും ചുമത്തി.
ആരെങ്കിലും അപമാനിച്ചാൽ അതു കേട്ടുനിൽക്കില്ലെന്ന് നവീൻ പിന്നീടു പ്രതികരിച്ചു. ധരംശാലയിൽ അഫ്ഗാനിസ്ഥാൻ ലോകകപ്പ് മത്സരം കളിക്കാനെത്തിയപ്പോൾ ആരാധകർ നവീനുല്‍ ഹഖിനെതിരെ പ്രതികരിച്ചിരുന്നു. ‘‘കോലി, കോലി’’ എന്നു ചാന്റ് ചെയ്താണ് ആരാധകർ നവീനെ നേരിട്ടത്. എന്നാൽ അഫ്ഗാൻ താരം ഇതിൽ പ്രതികരിച്ചില്ല. ലോകകപ്പിനു ശേഷം ഏകദിന ക്രിക്കറ്റിൽ കളിക്കില്ലെന്ന് നവീനുൽ ഹഖ് അറിയിച്ചിരുന്നു.