അന്ന് ഗാവസ്കറും ചേതൻ ശർമയും, ഇന്ന് കോലിയും ഷമിയും; ഇന്ത്യ – ന്യൂസീലൻഡ് മൽസരങ്ങളിൽ സമാനതകളേറെ

Mail This Article
കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ– ന്യൂസീലൻഡ് സെമിഫൈനലും 1987 ലോകകപ്പ് പ്രാഥമിക റൗണ്ടിൽ ഇതേ ടീമുകൾ നാഗ്പൂരിൽ ഏറ്റുമുട്ടിയ മൽസരവും തമ്മിൽ സമാനതകളേറെ. രണ്ട് മൽസരങ്ങൾക്കും സാക്ഷ്യം വഹിച്ച മൈതാനങ്ങൾ മഹാരാഷ്ട്ര സംസ്ഥാനത്താണ്. 1987 ലോകകപ്പ് പ്രാഥമിക റൗണ്ടിലെ പൂൾ എ അവസാന മൽസരത്തിനാണ് നാഗ്പൂർ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ മൈതാനം സാക്ഷ്യംവഹിച്ചത്. നേരത്തെതന്നെ ഇന്ത്യ സെമിയിൽ കടന്നിരുന്നതിനാലും ന്യൂസീലൻഡ് പുറത്തായിരുന്നതിനാലും ആ മൽസരത്തിന് കാര്യമായ പ്രസക്തിയുണ്ടായിരുന്നില്ല. റൺറേറ്റിന്റെ അടിസ്ഥാനത്തിൽ സെമിയിൽ എതിരാളികൾ ആരൊക്കെ എന്നതുമാത്രമായിരുന്നു നിർണായകമായ ഘടകം.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കിവീസ് 221 റൺസിന് പുറത്തായി. തന്റെ ആറാം ഓവറിൽ ചേതൻ ശർമ തുടർച്ചയായി പിഴുത കെൻ റൂഥർഫോർഡ്, ഇയാൻ സ്മിത്ത്, ഇവാൻ ചാറ്റ്‌ഫീൽഡ് എന്നിവരുടെ വിക്കറ്റുകൾ അദ്ദേഹത്തിന് സമ്മാനിച്ചത് ഹാട്രിക്ക്. ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഹാട്രിക്ക് ആയിരുന്നു അത്. ഏകദിന ക്രിക്കറ്റിലെ ഒരിന്ത്യക്കാരന്റെ ആദ്യ ഹാട്രിക്കും അതാണ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് കാര്യങ്ങൾ എളുപ്പമായിരുന്നു. ഇതിഹാസ താരം സുനിൽ ഗാവസ്കർ 88 പന്തിൽ പുറത്താവാതെ നേടിയ 103 റൺസ് അദ്ദേഹത്തിന്റെ ക്രിക്കറ്റ് കരിയറിലെ പ്രധാന നാഴികകല്ലാണ്. 34 സെഞ്ചുറികളുമായി ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറിയുമായി തിളങ്ങിനിന്ന ഗാവസ്കറുടെ ഏകദിനക്രിക്കറ്റിലെ ഏക സെഞ്ചറിയായിരുന്നു അന്ന് പിറന്നത് (അതിനുമുൻപ് ഗാവസ്കർ ഏകദിനക്രിക്കറ്റിൽ നേടിയ ഉയർന്ന സ്കോർ 92 റൺസാണ്). ഓപ്പണർ കെ.ശ്രീകാന്ത് 75 റൺസിന് പുറത്തായെങ്കിലും മുഹമ്മദ് അസ്ഹറുദ്ദീൻ നേടിയ 41 റൺസ് ചേർന്നതോടെ ഇന്ത്യ 9 വിക്കറ്റിന് വിജയിച്ചു.
കഴിഞ്ഞ ദിവസം ഇതിനുസമാനമായ പ്രകടനായിരുന്നു വിരാട് കോലിയും മുഹമ്മദ് ഷമിയും നടത്തിയത്. അന്ന് ഗാവ്സകർ ടീമിലെ ഏറ്റവും സീനിയറായ താരമായിരുന്നു. ഇന്ന് കോലിയുടെ സ്ഥാനവും ഏതാണ്ട് അതിനുതുല്യം. കോലിയുടെ സെഞ്ചറിയും ചരിത്രപുസ്തകത്തിലാണ് കയറിക്കൂടിയത്. സച്ചിൻ തെൻഡുൽക്കറെ മറികടന്ന് സെഞ്ചറികളുടെ എണ്ണത്തിൽ റെക്കോർഡ്.. ഒപ്പം തന്റെ സെഞ്ചറികളുടെ എണ്ണം 50 എന്ന മാന്ത്രികസംഖ്യയിലെത്തിച്ച ദിവസമായിരുന്നു ബുധനാഴ്ച.
അന്ന് ചേതൻ ശർമ ഹാട്രിക്ക് നേടിയതും ചരിത്രം. ലോകകപ്പിലെ ആദ്യ ഹാട്രിക്ക് നേട്ടമായിരുന്നു അത്. വിരലിനേറ്റ പരുക്കുമൂലം 1987 ലോകകപ്പിന് ശർമയെ ബിസിസിഐ പരിഗണിച്ചിരുന്നില്ല. എന്നാൽ ടീമിൽ ശർമയുണ്ടായിരിക്കണമെന്ന് വാശിപിടിച്ചത് നായകൻ കപിൽദേവാണ്. അതുകൊണ്ടുതന്നെ ആ ഹാട്രിക്കിന്റെയും വിജയത്തിന്റെയും പങ്ക് ശർമ കപിലിനുകൂടി അവകാശപ്പെട്ടതാണെന്ന് പറയുന്നു. ഇന്നലെ മുഹമ്മദ് ഷമി 7 വിക്കറ്റുകൾ നേടിയതും ചരിത്രം. ഒരിന്നിങ്സിൽ കൂടുതൽ വിക്കറ്റുകൾ എന്ന ലോകകപ്പ് റെക്കോർഡിനൊപ്പമാണ് ഷമിയുടെ പേരും കഴിഞ്ഞ ദിവസം എഴുതിചേർക്കപ്പെട്ടത്. ഏകദിന ലോകകപ്പിൽ ഒരിന്നിങ്സിൽ കൂടുതൽ വിക്കറ്റുകൾ എന്ന റെക്കോർഡ് നാലു താരങ്ങളുടെ പേരിലായിരുന്നെങ്കിൽ ഷമിയും ആ നിരയിലേക്കാണ് ഉയർന്നത്. ഗ്ലെൻ മഗ്രോ (ഓസ്ട്രേലിയ, നമീബിയയ്ക്കെതിരെ, 2003), ആൻഡി ബിക്കൽ (ഓസ്ട്രേലിയ, ഇംഗ്ലണ്ടിനെതിരെ, 2003), ടിം സൗത്തി (ന്യൂസീലൻഡ്, ഇംഗ്ലണ്ടിനെതിരെ 2015), വിൻസ്റ്റൻ ഡേവിസ് (വെസ്റ്റിൻഡീസ്, ഓസ്ട്രേലിയയ്ക്കെതിരെ, 1983) എന്നിവരാണ് നേരത്തെ 7 വിക്കറ്റുകൾ വീതം വീഴ്ത്തിയ കളിക്കാര്‍.
1987ൽ സെഞ്ചറി കുറിച്ച ഗാവസ്കറും ഹാട്രിക്ക് നേടിയ ചേതൻ ശർമയും മാൻ ഓഫ് ദി മാച്ച് ബഹുമതി പങ്കിട്ടിരുന്നു. ഇന്നലെയും ഇന്ത്യൻ ആരാധകരിൽ ആ സംശയം ഉദിച്ചത് സ്വാഭാവികം. സെഞ്ചറി നേട്ടത്തോടെ ലോക റെക്കോർഡ് കുറിച്ച കോലിയും ഏഴു വിക്കറ്റ് നേട്ടം കൈവരിച്ച ഷമിയോ കളിയിലെ കേമൻ? പക്ഷേ ഷമിയുടെ റെക്കോർഡ് നേട്ടം വിധി നിർണയിച്ചവർക്ക് കാണാതിരിക്കാൻ സാധിച്ചില്ല. ചേതൻ ശർമയ്ക്കുശേഷം ലോകകപ്പിൽ ഹാട്രിക്ക് പ്രകടനം നടത്തിയ മറ്റൊരു ഇന്ത്യക്കാരൻ ഷമിയാണെന്നത് മറ്റൊരു യാദൃശ്ചികം. 2019ൽ അഫ്ഗാനെതിരെയാണ് ആ നേട്ടം.