വീണ്ടും നീറിപ്പുകഞ്ഞ് 20 വർഷത്തെ കനലുകൾ; നിശബ്ദരായി തരിച്ചിരുന്ന് നീലക്കടൽ: ‘തലതിരിഞ്ഞ’ തനിയാവർത്തനം!
Mail This Article
‘‘കാണികൾ വളരെ ഏകപക്ഷീയമായിരിക്കും, പക്ഷേ, മത്സരത്തിനിടെ ഒരു വലിയ ആൾക്കൂട്ടം നിശബ്ദരാകുന്നത് കേൾക്കുന്നതിനേക്കാൾ സംതൃപ്തി മറ്റൊന്നിനുമില്ല, അതാണ് നാളെ ഞങ്ങളുടെ ലക്ഷ്യം.’’– ഫൈനൽ തലേന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ടീം ഇന്ത്യയ്ക്കു കിട്ടുന്ന പിന്തുണയെക്കുറിച്ച് ചോദിച്ചപ്പോൾ ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമിൻസിന്റെ മറുപടി ഇങ്ങനെയായിരുന്നു. പറഞ്ഞ വാക്ക് അക്ഷരാർഥത്തിൽ കമിൻസ് പാലിച്ചു. നീലക്കുപ്പായത്തിൽ സ്റ്റേഡിയത്തിലേക്ക് ആർത്തിരമ്പിയെത്തിയത്തിയ ആരാധകക്കൂട്ടം നിശ്ബദരായി തരിച്ചിരുന്നു. മൂന്നാം ലോകകിരീടം എന്ന സ്വപ്നവുമായി ഇറങ്ങിയ നീലപ്പട, മഞ്ഞക്കുപ്പായക്കാർക്കു മുന്നിൽ അടിതെറ്റി വീണതു കണ്ടപ്പോൾ ലോകമെങ്ങുമുള്ള ഇന്ത്യൻ ആരാധകരുടെ നെഞ്ചുതകർന്നു. ദിവസങ്ങളായി ഉത്സവാന്തരീക്ഷത്തിലായിരുന്ന മോദി സ്റ്റേഡിയത്തിലേക്കുള്ള എല്ലാ വഴികളും വിലാപവീഥികളായി.
ഇന്ത്യയും ഓസ്ട്രേലിയയും ഫൈനലിൽ ഏറ്റുമുട്ടിയ 2003 ലോകകപ്പിന്റെ ഓർമകളുമായി ഇന്നത്തെ ഫൈനൽ മത്സരം കണ്ട ആരാധകരെ കാത്തിരുന്നത് അന്നത്തെ മത്സരത്തിന്റെ തനിയാവർത്തനമായിരുന്നു. ടോസ് ഉൾപ്പെടെ എല്ലാം കാര്യങ്ങളും ‘തലതിരിഞ്ഞാണ്’ സംഭവിച്ചതെങ്കിലും അന്തിമവിധിക്ക് മാറ്റമുണ്ടായില്ല. അന്ന് ടോസ് കിട്ടിയ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി, ഓസ്ട്രേലിയയെ ബാറ്റിങ്ങിന് അയച്ചെങ്കിൽ, ഇന്ന് ടോസ് കിട്ടിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമിൻസ് ഇന്ത്യയെ ബാറ്റിങ്ങിന് ക്ഷണിച്ചു. അന്ന് ആദ്യം ബാറ്റു ചെയ്ത ഓസീസ് തകർപ്പനടിയുമായി വമ്പൻ ടോട്ടൽ കുറിച്ചെങ്കിൽ ഇന്ന് ഇന്ത്യൻ ബാറ്റർമാർക്ക് ഓസീസ് ബോളിങ് പടയ്ക്കു മുന്നിൽ മുട്ടുവിറച്ചു. മറുപടി ബാറ്റിങ്ങിൽ അന്ന് ഇന്ത്യ ചീട്ടുകൊട്ടാരം പോലെ തകർന്നെങ്കിൽ ഇന്ന് ക്രീസിൽ നിലയുറപ്പിച്ചുനിന്ന് ഓസീസ് ബാറ്റർമാർ ജയം പൊരുതിനേടി.
ഒരു കാര്യത്തിൽ മാത്രം ചിലപ്പോൾ ഒരു സാമ്യത ഉണ്ടായേക്കാം. അന്ന് ഫൈനൽ തോൽവിക്കു പിന്നാലെ ‘പ്ലെയർ ഓഫ് ദ് ടൂർണമെന്റ്’ പുരസ്കാരം ദുഃഖഭാരത്തോടെ ഏറ്റുവാങ്ങിയത് ടൂർണമെന്റിലെ ഏറ്റവും വലിയ റൺവേട്ടക്കാരനായിരുന്ന സച്ചിൻ തെൽഡുൽക്കർ. ഇന്ന് ആ നിയോഗം കാത്തിരുന്നത് സച്ചിന്റെ റെക്കോർഡുകൾ തകർത്തു മുന്നേറുന്ന വിരാട് കോലിയെ. ചിരിമാഞ്ഞ മുഖത്തോടെ ആ പുരസ്കാരം കോലി ഏറ്റുവാങ്ങി. രണ്ടു പതിറ്റാണ്ട് കനലായി കിടന്ന ഓർമകൾക്ക് പകരംവീട്ടാൻ ഇറങ്ങിയ ഇന്ത്യയെ ഒരു ദുഃസ്വപ്നം പോലെ ഈ തോൽവി എന്നും വേട്ടയാടുമെന്ന് ഉറപ്പ്.
∙ ഫൈനൽ 1.0
2003 ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗിൽ നടന്ന ഫൈനലിൽ ഓസ്ട്രേലിയയോട് ഇന്ത്യ ദയനീയമായി തോൽക്കുകയായിരുന്നു. സൗരവ് ഗാംഗുലിയും സച്ചിൻ തെൻഡുൽക്കറും സേവാഗും ദ്രാവിഡും കളിച്ച ഇന്ത്യൻ ടീമിനെ കണ്ണീർ കുടിപ്പിച്ച് ഓസ്ട്രേലിയ അന്നു കപ്പുമായി മടങ്ങി. ഫൈനൽ മത്സരത്തിൽ 125 റൺസിനായിരുന്നു ഓസീസിന്റെ വിജയം. ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 359 റൺസാണ് അന്നു നേടിയത്. ക്യാപ്റ്റൻ റിക്കി പോണ്ടിങ് സെഞ്ചറിയുമായി ഓസീസിനെ മുന്നിൽനിന്നു നയിച്ചു. 121 പന്തിൽ 140 റൺസെടുത്ത പോണ്ടിങ് പുറത്താകാതെ നിന്നു. ആദം ഗിൽക്രിസ്റ്റും (48 പന്തിൽ 57), ഡാമിയൻ മാർട്ടിനും (84 പന്തിൽ 88) അർധ സെഞ്ചറി നേടി. സൗരവ് ഗാംഗുലി നയിച്ച ഇന്ത്യൻ ടീമിനായി മറുപടി ബാറ്റിങ്ങിൽ വീരേന്ദർ സേവാഗ് മാത്രമാണു തിളങ്ങിയത്. 81 പന്തുകൾ നേരിട്ട സേവാഗ് 82 റൺസെടുത്തു. രാഹുൽ ദ്രാവിഡ് (57 പന്തിൽ 47), യുവരാജ് സിങ് (34 പന്തിൽ 24), ഗാംഗുലി (25 പന്തിൽ 24) എന്നിവരായിരുന്നു ഇന്ത്യയുടെ മറ്റു പ്രധാന സ്കോറർമാർ. 39.2 ഓവറിൽ 234 റൺസ് മാത്രമെടുത്താണ് ഇന്ത്യ തോൽവി സമ്മതിച്ചത്.
∙ ഫൈനൽ 2.0
ടോസ് നേടിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ഇന്ത്യയെ ബാറ്റിങ്ങിനു വിട്ടു. നിർഭാഗ്യം അപ്പോൾ മുതൽ തന്നെ ഇന്ത്യയെ വേട്ടയാടി തുടങ്ങിയിരുന്നു. നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ മുൻ മത്സരഫലങ്ങൾ തന്നെയാണ് ഇന്ത്യയെ പേടിപ്പിച്ചത്. ഈ ലോകകപ്പിൽ ഇവിടെ നടന്ന നാലിൽ മൂന്നു മത്സരങ്ങളും ജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്തവരാണ്. ഈ പിച്ചിൽ നടന്ന പാക്കിസ്ഥാനെതിരായ മത്സരത്തിൽ ടോസ് നേടിയ രോഹിത് തിരഞ്ഞെടുത്തതും ഫീൽഡിങ് ആണ്. ഇവിടം തന്നെ വേദിയായ, അർധരാത്രിക്കപ്പുറം നീണ്ട കഴിഞ്ഞ ഐപിഎൽ ഫൈനലിലും ഗുജറാത്ത് ടൈറ്റൻസിനെതിരെ ചെന്നൈയുടെ ത്രസിപ്പിക്കുന്ന വിജയം റൺസ് പിന്തുടർന്നായിരുന്നു. പക്ഷേ സമ്മർദമേറുന്ന ഫൈനലാകുമ്പോൾ 350 റൺസ് വരെയെത്തുന്ന മികച്ചൊരു സ്കോർ ഉയർത്തി എതിരാളികളെ സമ്മർദത്തിലാക്കാനാകും ടീം ആഗ്രഹിക്കുക. അതുകൊണ്ടു തന്നെയാകാം ടോസ് കിട്ടിയിരുന്നെങ്കിൽ ബാറ്റിങ് തന്നെ തിരഞ്ഞെടുക്കുമായിരുന്നെന്ന് രോഹിത് പറഞ്ഞത്. ലോകകപ്പിലുടനീളം തകർപ്പൻ ഫോമിലുള്ള ഒരു ബാറ്റിങ് ലൈനപ്പ് കൂടെയുള്ളപ്പോൾ ക്യാപ്റ്റന്റെ ആത്മവിശ്വാസത്തിൽ തെറ്റുമില്ല.
എന്നാൽ എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്നതായിരുന്നു ഇന്ത്യയുടെ ബാറ്റിങ്. ഓപ്പണർമാർക്കും വാലറ്റത്തിനും മികച്ച സ്കോർ കണ്ടെത്താനാകാതെ വന്നതോടെ ഇന്ത്യ 50 ഓവറിൽ 240 റൺസിന് പുറത്തായി. ഇന്ത്യയ്ക്കായി വിരാട് കോലിയും (54) കെ.എൽ.രാഹുലും (66) അർധ സെഞ്ചറി നേടി. സ്കോർ ബോർഡിൽ 30 റൺസ് ചേർക്കുന്നതിനിടെ ഓപ്പണർ ശുഭ്മൻ ഗില്ലിന്റെ വിക്കറ്റ് നഷ്ടമായി. മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ അഞ്ചാം ഓവറിൽ ആദം സാംപയ്ക്ക് ക്യാച്ച് നൽകിയാണ് ഗിൽ മടങ്ങിയത്. 7 പന്തിൽ 4 റൺസാണ് താരത്തിന്റെ സംഭാവന. 2003 ലോകകപ്പിൽ ഇന്ത്യയുടെ ഓപ്പണറായിരുന്ന സച്ചിൻ തെൻഡുൽക്കർ പുറത്തായ അതേ സ്കോർ.
തകർപ്പനടികളുമായി കളം നിറഞ്ഞ നായകൻ രോഹിത് ശർമ അർധ സെഞ്ചറിക്ക് 3 റൺസ് അകലെ വീണു. 31 പന്തിൽ 47 റൺസെടുത്ത രോഹിത്ത് ട്രാവിസ് ഹെഡിന് ക്യാച്ച് നൽകിയാണ് മടങ്ങിയത്. രോഹിത്തിനു പിന്നാലെ പാറ്റ് കമ്മിൻസിന്റെ പന്തിൽ ശ്രേയസ് അയ്യരും (4) പുറത്തായി. ഇതോടെ 1ന് 76 എന്ന നിലയിൽനിന്ന് 3ന് 81 എന്ന നിലയിലേക്ക് ഇന്ത്യ വീണു. സ്കോർ 148ൽ നിൽക്കേ അർധ സെഞ്ചറി നേടിയ സൂപ്പർ താരം വിരാട് കോലി പുറത്തായി. ഓസീസ് നായകൻ പാറ്റ് കമ്മിൻസിന്‍റെ പന്ത് ബാറ്റിൽ തട്ടി വിക്കറ്റിലേക്ക് വീഴുകയായിരുന്നു.
അർധ സെഞ്ചറി നേടിയ കെ.എല്‍.രാഹുലാണ് ഇന്ത്യയെ പിന്നീട് മുന്നോട്ടു നയിച്ചത്. ടീം സ്കോർ 200 കടത്തുന്നതിൽ രാഹുലിന്റെ ഇന്നിങ്സ് നിർണായകമായി. ബാറ്റിങ് ഓർഡറിൽ സ്ഥാനക്കയറ്റം നൽകി ക്രീസിലെത്തിയ രവീന്ദ്ര ജഡേജ ആരാധകരെ നിരാശപ്പെടുത്തി. 9 റൺസ് നേടിയ ജഡേജയെ ഹെയ്സൽവുഡ് ജോഷ് ഇംഗ്ലിസിന്‍റെ കൈകളിലെത്തിച്ചു. സ്കോർ 203ൽ നിൽക്കേ രാഹുലും പുറത്തായി. 107 പന്തിൽ 66 റൺസ് നേടിയ രാഹുൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകിയാണ് മടങ്ങിയത്. പിന്നാലെ മുഹമ്മദ് ഷമിയും (6) ജസ്പ്രീത് ബുമ്രയും (1) പുറത്തായി.
പതിവു ശൈലിയിൽനിന്ന് വ്യത്യസ്തമായി പ്രതിരോധത്തിലൂന്നി കളിച്ച സൂര്യകുമാർ യാദവിന് പക്ഷേ ഏറെനേരം പിടിച്ചുനിൽക്കാനായില്ല. 28 പന്തിൽ പന്തില്‍ 18 റൺസ് നേടിയ സൂര്യകുമാർ വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലിസിന് ക്യാച്ച് നൽകി മടങ്ങി. കുൽദീപ് യാദവിനും (10) മുഹമ്മദ് സിറാജിനും (9) കാര്യമായി ഒന്നും ചെയ്യാനായില്ല. ഇന്നിങ്സിലെ അവസാന പന്തിൽ രണ്ടാം റൺസിന് ശ്രമിച്ചതോടെ കുൽദീപ് റണ്ണൗട്ടായി. ഓസ്ട്രേലിയയ്ക്കായി മിച്ചൽ സ്റ്റാർക്ക് 3 വിക്കറ്റു നേടി. ജോഷ് ഹെയ്സൽവുഡ്, പാറ്റ് കമ്മിൻസ് എന്നിവർ രണ്ട് വിക്കറ്റു വീതം വീഴ്ത്തി. മാക്സ്‌വെലും ആഡം സാംപയും ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിൽ, ഓപ്പണർ ഡേവിഡ് വാർണർ (3 പന്തിൽ 7), മിച്ചൽ മാർഷ് (15 പന്തിൽ 15), സ്റ്റീവ് സ്മിത്ത് (9 പന്തിൽ 4) എന്നിവരുടെ വിക്കറ്റുകൾ ഓസീസിന് പെട്ടെന്നു തന്നെ നഷ്ടമായെങ്കിലും നാലാം വിക്കറ്റിൽ ഒത്തുചേർന്ന ഓപ്പണർ ട്രാവിസ് ഹെഡ് (120 പന്തിൽ 137)– മാർനസ് ലബുഷെയ്‌ൻ (110 പന്തിൽ 58*) സഖ്യമാണ് ഓസീസിനു കിരീടം നേടിക്കൊടുത്ത്. തുടക്കത്തിൽ പ്രതിരോധത്തോടെ കളിച്ച ഹെഡ്, നിലയുറപ്പിച്ചശേഷം തകർത്തടിച്ചതോടെ ഇന്ത്യ പൂർണമായും മത്സരം കൈവിടുകയായിരുന്നു. 2003ൽ ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങാണ് സെഞ്ചറിയുമായി കളം നിറഞ്ഞതെങ്കിൽ 2023ൽ ആ നിയോഗം ഓപ്പണർ ട്രാവിസ് ഹെഡിനായിരുന്നു.
∙ മൈറ്റി ഇന്ത്യ, മൈറ്റി ഓസീസിന് മുന്നിൽ വീണു
‘എന്റെ അമ്മ പോലും ഈ ടീമിനെ നയിക്കാൻ ഇഷ്ടപ്പെടും’– സ്റ്റീവ് വോയുടെയും പിന്നീട് റിക്കി പോണ്ടിങ്ങിന്റെയും നേതൃത്വത്തിൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ലോകമെങ്ങുമുള്ള ക്രിക്കറ്റ് പിച്ചുകളിൽ അപരാജിതരായി വാണപ്പോൾ മുൻ ന്യൂസീലൻഡ് ഓൾറൗണ്ടർ ക്രിസ് കെയ്ൻസ് അവർക്കു നൽകിയ അഭിനന്ദനമാണിത്. കെയ്ൻസിന്റേത് ഒറ്റപ്പെട്ട അഭിപ്രായമായിരുന്നില്ല. 1996 ലോകകപ്പിൽ ഫൈനലിസ്റ്റുകളായി തുടങ്ങിയ ഓസീസ് പിന്നീട് തുടരെ 3 ലോകകപ്പുകളിൽ കിരീടം ചൂടിയപ്പോൾ ലോകം അവരെ വിളിച്ചു– മൈറ്റി ഓസീസ്! 1999 മുതൽ 2011 വരെ 4 ലോകകപ്പുകളിലായി, തുടരെ 34 മത്സരങ്ങളിലാണ് ‘അതിശക്തരായ ഓസീസ്’ പരാജയമറിയാതെ മുന്നേറിയത്.
വിജയദൈർഘ്യത്തിൽ ‘മൈറ്റി ഓസീസ്’ ടീമുമായി താരതമ്യമില്ലായിരിക്കാം; പക്ഷേ ബാറ്റിങ്ങിലും ബോളിങ്ങിലും എതിരാളികൾക്കു മേൽ പുലർത്തുന്ന ആധിപത്യത്തിൽ ഈ ലോകകപ്പിൽ രോഹിത് ശർമയുടെ ‘മൈറ്റി ഇന്ത്യ’ അവരെ അനുസ്മരിപ്പിക്കുന്നതായിരുന്നു. 2023 ലോകകപ്പിലെ കളിച്ച 10 മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ ഫൈനൽ പോരാട്ടത്തിന് ഇറങ്ങിയത്. അതിൽ മുൻ ചാംപ്യൻമാരായ ഇംഗ്ലണ്ടിനോടും കരുത്തരായ ദക്ഷിണാഫ്രിക്കയോടും സമ്പൂർണ ആധിപത്യവുമായാണ് ഇന്ത്യ വിജയിച്ചത്. ലോകകപ്പിലെ ആദ്യ പോരാട്ടത്തിൽ ഇന്ത്യ ഓസ്ട്രേലിയയെ ആറു വിക്കറ്റിനു തോൽപിച്ചിരുന്നു.
ബാറ്റിങ് ദുഷ്കരമായ ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ തുടക്കത്തിലെ തകർച്ചയില്‍നിന്ന് തിരിച്ചെത്തിയ ഇന്ത്യ 52 പന്ത് ബാക്കി നിൽക്കേ വിജയലക്ഷ്യമായ 200 റൺസ് മറികടക്കുകയായിരുന്നു. വിരാട് കോലിയുടേയും കെ.എൽ. രാഹുലിന്റേയും ഇന്നിങ്സുകൾ ഇന്ത്യൻ വിജയത്തിൽ നിർണായകമായി. കോലി 116 പന്തിൽനിന്ന് 85 റൺസ് നേടിയപ്പോൾ രാഹുൽ 115 പന്തിൽനിന്ന് 97 റൺസെടുത്തു പുറത്താകാതെ നിന്നു. പാറ്റ് കമ്മിൻസിന്റെ പന്തിൽ സിക്സർ അടിച്ചാണ് രാഹുൽ വിജയ റൺ കുറിച്ചത്. ഓസ്ട്രേലിയയ്ക്കായി ജോഷ് ഹെയ്സൽവുഡ് 3 വിക്കറ്റു വീഴ്ത്തി. ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയ 49.3 ഓവറിൽ 199ന് പുറത്തായി. 41.2 ഓവറിൽ 4 വിക്കറ്റു നഷ്ടത്തിൽ ഇന്ത്യ വിജയത്തിലെത്തി. ഞായറാഴ്ച അതേ ഓസീസിന് മുന്നിലാണ് ഇന്ത്യയുടെ മൂന്നാം കിരീടമോഹങ്ങൾ വീണുടഞ്ഞത്. ഒരുപക്ഷേ ഈ ലോകകപ്പിലെ വലിയ അട്ടിമറി ഇതു തന്നെയാകാം.