വെള്ളിത്തിരയിലെ കപിൽ ഗ്യാലറിയിൽ; ആദ്യ ലോകകപ്പ് നേടിയ ക്യാപ്റ്റൻ കപിലിന് ക്ഷണമില്ല
Mail This Article
അഹമ്മദാബാദ്∙ 2023ലെ ലോകകപ്പ് ഫൈനൽ മത്സരത്തിലേക്ക് തന്നെ ക്ഷണിച്ചില്ലെന്ന് ഇന്ത്യയ്ക്ക് ആദ്യ ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റൻ കപിൽ ദേവ്. 1983ൽ ലോകകപ്പ് നേടിയ ടീം അംഗങ്ങളുമായി അഹമ്മദാബാദിൽ ഇന്നു നടക്കുന്ന ഫൈനൽ മത്സരം കാണാനെത്താൻ ആഗ്രഹമുണ്ടായിരുന്നെന്നും കപിൽ അറിയിച്ചു.
‘‘എന്നെ അവിടേക്ക് ക്ഷണിച്ചിട്ടില്ല. എന്നെ വിളിക്കാത്തതു കൊണ്ട് ഞാൻ പോയില്ല. അത് അത്രേയുള്ളൂ. 83ൽ ലോകകപ്പ് ജയിച്ച ടീം എന്നോടൊപ്പം ഉണ്ടാകണമെന്ന് ഞാൻ അഗ്രഹിച്ചു. എന്നാൽ ഇത് വലിയ ഒരു സംഭവമായതിനാലും അവിടെയുള്ള ആളുകൾ ഉത്തരവാദിത്തങ്ങൾ കൈകാര്യം ചെയ്യുന്ന തിരക്കിലായാലും ചിലപ്പോൾ പലതും അവർ മറന്നുപോയെന്നു വരും’’–കപിൽ ദേവ് പറഞ്ഞു.
അതേസമയം ഇന്ത്യയുടെ മുൻ ക്യാപ്റ്റായ സൗരവ് ഗാംഗുലി ബിസിസിഐയുടെ ക്ഷണപ്രകാരം ഫൈനൽ മത്സരം കാണാനെത്തിയിരുന്നു. കപിൽ ദേവ് എത്തിയില്ലെങ്കിലും വെള്ളിത്തിരയിലെ കപിൽദേവ് ഫൈനൽ മത്സരം കാണാൻ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ എത്തിയിരുന്നു. ‘83’ സിനിമയിൽ കപിൽ ദേവായി വേഷമിട്ട ബോളിവുഡ് നടൻ രൺവീർ സിങ്ങും ഭാര്യയും നടിയുമായി ദീപിക പദുക്കോണുമാണ് മത്സരം കാണാൻ എത്തിയത്. 1983ൽ വെസ്റ്റിൻഡീസിനെ തോൽപിച്ച ഇന്ത്യ ആദ്യമായി ലോകകിരീടം ചൂടിയത് കപിൽ ദേവിന്റെ നേതൃത്വത്തിലായിരുന്നു.