അന്ന് പാക്കിസ്ഥാനെ തകർത്തെറിഞ്ഞു, മോദി സ്റ്റേഡിയത്തിൽ ഇന്ത്യയുടെ ‘വിജയ’ പിച്ചില് ഫൈനൽ
Mail This Article
അഹമ്മദാബാദ്∙ ഇന്നത്തെ ലോകകപ്പ് ഫൈനൽ മത്സരം ലീഗ് റൗണ്ടിൽ ഇന്ത്യ–പാക്കിസ്ഥാൻ മത്സരം നടന്ന അതേ പിച്ചിൽ. ലോകകപ്പിൽ ഇതുവരെ ഉപയോഗിക്കാത്ത പിച്ചിൽ ഫൈനൽ സംഘടിപ്പിക്കുന്നതും പരിഗണിച്ചിരുന്നെങ്കിലും ഒടുവിൽ ഇന്ത്യയ്ക്കു പാക്കിസ്ഥാനെതിരെ അനായാസ വിജയം സമ്മാനിച്ച 5–ാം നമ്പർ പിച്ച് തന്നെ തിരഞ്ഞെടുക്കുകയായിരുന്നു.
ഇന്നലെ രാവിലെ നനച്ച് ഉണക്കിയ ശേഷം വെയിൽ താഴും വരെ മൂടിയിട്ട പിച്ച് വൈകിട്ട് റോളിങ് നടത്തി വീണ്ടും മൂടി. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും ടീമംഗങ്ങളും ഇന്നലെ വൈകിട്ട് നെറ്റ്സിലെ പരിശീലനത്തിനു മുൻപ് വീണ്ടും പിച്ച് പരിശോധിക്കാനെത്തി. ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസും രാവിലെ പിച്ചിൽ എത്തിയിരുന്നു.
ലീഗ് മത്സരത്തിൽ ഈ പിച്ചിൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 42.5 ഓവറിൽ 191 റൺസിന് പുറത്തായപ്പോൾ ക്യാപ്റ്റൻ രോഹിത് ശർമയുടെ വെടിക്കെട്ട് ബാറ്റിങ് കരുത്തിൽ (63 ബോളിൽ 6 വീതം സിക്സും ഫോറും സഹിതം 86) 30.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിലായിരുന്നു ഇന്ത്യൻ ജയം. ബോളിങ്ങിൽ ബുമ്രയും സിറാജും പാണ്ഡ്യയും കുൽദീപും ജഡേജയും തിളങ്ങി. എല്ലാവർക്കും 2 വിക്കറ്റ് വീതം.
അന്ന് ടോസ് നേടിയ ഇന്ത്യ പാക്കിസ്ഥാനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. പക്ഷേ ഒക്ടോബർ 14ന് ആ മത്സരം നടക്കുമ്പോഴുള്ള വരണ്ട കാലാവസ്ഥയല്ല ഇപ്പോൾ. തണുപ്പ് തുടങ്ങിയിരിക്കുന്നു. വൈകിട്ട് പല ദിവസങ്ങളിലും മഞ്ഞുമുണ്ട്. ടോസ് നേടുന്ന ടീം തീരുമാനമെടുക്കുക ഇതുകൂടി പരിഗണിച്ചാകും.