മുംബൈ ഇന്ത്യൻസിന് കിട്ടി, ഇന്ത്യയ്ക്ക് എന്നു കിട്ടും?; കോലിയുടെ അതേ ദുർവിധി രോഹിത്തിനും?

Mail This Article
‘ഞാൻ നിരാശനാണ്. പക്ഷേ, തിരിച്ചുവരും’– 2011 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് തഴഞ്ഞതിനു പിന്നാലെ രോഹിത് ശർമ സമൂഹമാധ്യമത്തിൽ കുറിച്ച വാക്കുകൾ ഇങ്ങനെയാണ്. 12 വർഷത്തിനു ശേഷം അതേ മണ്ണിൽ നടന്ന ലോകകപ്പിൽ ഇന്ത്യൻ ടീമിനെ ഫൈനൽ വരെ എത്തിച്ച ക്യാപ്റ്റൻ എന്ന തിളക്കത്തിൽ ‘രോഹിത് ഗാഥ’ എത്തിനിൽക്കുന്നു. രോഹിത്തിലൂടെ മൂന്നാം ലോകകിരീടത്തിൽ മുത്തമിടുന്നത് ഓരോ ഇന്ത്യക്കാരനും സ്വപ്നം കണ്ടിരുന്നു. ഫൈനൽ വരെ അപരാജിത കുതിപ്പുമായി എത്തിയ ടീമിനു പക്ഷേ കലാശപ്പോരാട്ടത്തിൽ കാലിടറി. സൂപ്പർഹിറ്റ് സിനിമകളിൽ ചിലനേരങ്ങളിൽ സംഭവിക്കുന്നതു പോലെ ഒരു ആന്റി ക്ലൈമാക്സ് ഹിറ്റ്മാനും സംഭവിച്ചു.
2007 ട്വന്റി20 ലോകകപ്പ് ജയിച്ച ഇന്ത്യൻ ടീമിൽ രോഹിത് ഉണ്ടായിരുന്നു. 2015 ടീമിൽ രോഹിത് ഓപ്പണറുടെ റോളിൽ ഇടംപിടിച്ചു. 2019 ലോകകപ്പ് ടീമിന്റെ വൈസ് ക്യാപ്റ്റനായി. 2023ൽ തന്റെ മൂന്നാം ഏകദിന ലോകകപ്പിൽ ക്യാപ്റ്റനായി ടീമിനെ ഫൈനൽ വരെ എത്തിച്ചു. ഒരു മനോഹര ഇന്നിങ്സിൽ സ്ട്രൈക്ക് റേറ്റ് ഉയർത്തുന്നതു പോലെ രോഹിത്തിന്റെ ‘മാസ്റ്റർസ്ട്രോക്ക്’. എന്നാൽ ഒരു ഏകദിന ലോകകപ്പ് പോലും സ്വന്തം പേരിലില്ലെന്ന ഹൃദയഭാരവുമായി ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാൾക്ക് ഒരുപക്ഷേ കരിയർ അവസാനിപ്പിക്കേണ്ടി വന്നേക്കാം എന്നതാണ് ഈ ലോകകപ്പ് തോൽവി അവശേഷിപ്പിക്കുന്ന വേദന.
∙ മുംബൈ ഇന്ത്യൻസിന് കിട്ടി, ഇന്ത്യയ്ക്ക് എന്ന്?
കിരീടങ്ങൾ ഏതൊരു ക്യാപ്റ്റന്റെയും നായകതൊപ്പിയുടെ തിളക്കം കൂട്ടുന്നതു തന്നെയാണ്. ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) മുംബൈ ഇന്ത്യൻസിന്റെ നായക സ്ഥാനം ഏറ്റെടുത്ത സീസണിൽ തന്നെ ടീമിന് കിരീടം നേടിക്കൊടുത്ത ക്യാപ്റ്റനാണ് രോഹിത്. പിന്നീടങ്ങോട്ട് രോഹിത്തിന്റെ ക്യാപ്റ്റൻസിൽ നാല് കിരീടങ്ങൾ കൂടി മുംബൈ സ്വന്തമാക്കി. ഈ നേട്ടം തന്നെയാണ് കോലി സ്ഥാനമൊഴിഞ്ഞപ്പോൾ കോലിയെക്കാൾ സീനിയറായ രോഹിത്തിനെ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തേയ്ക്കു പരിഗണിക്കാനുള്ള പ്രധാനകാരണം.
എം.എസ്.ധോണിയെയും കോലിയെയും പോലെ ദീർഘകാലം ടീമിനെ നയിക്കാൻ ശേഷിയുള്ള താരത്തെയാണു ബിസിസിഐ നോട്ടമിട്ടതെങ്കിൽ അന്നു മുപ്പത്തിനാലുകാരനായ രോഹിത്തിനെ ആ റോളിലേക്കു പരിഗണിക്കുമായിരുന്നില്ല. കെ.എൽ.രാഹുലോ ഋഷഭ് പന്തോ അതുമല്ലെങ്കിൽ ജസ്പ്രീത് ബുമ്രയോ വരെ ക്യാപ്റ്റനാകും എന്ന് അഭ്യൂഹങ്ങൾ ഉയർന്നു. പക്ഷേ രണ്ടു ലോകകപ്പുകൾ തൊട്ടരികിലെത്തിയതിനാൽ പരിചയസമ്പത്തു കുറഞ്ഞയാളെ ക്യാപ്റ്റനാക്കുന്നത് ഉചിതമാകില്ലെന്നും വിലയിരുത്തലിലാണ് രോഹിത് ഇന്ത്യൻ ടീമിന്റെ അമരക്കാരനാകുന്നത്.
കോലിയുടെ അസാന്നിധ്യത്തിൽ ഇന്ത്യയെ നയിച്ചു പരിചയമുള്ള രോഹിത്തിന് ഐപിഎലിൽ മുംബൈ ഇന്ത്യൻസിനെ 5 കിരീടവിജയങ്ങളിലേക്കു നയിച്ചതിന്റെ മേൻമ തന്നെയായിരുന്നു ദേശീയ ടീമിനെ നയിക്കാനുള്ള യോഗ്യത. ഐപിഎലിൽ അഞ്ച് കിരീട നേട്ടമുള്ള രണ്ടു ടീമുകളാണ് ഉള്ളത്. മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും. 2023 സീസണിലെ ഐപിഎൽ കിരീടം സ്വന്തമാക്കിയാണ് എം.എസ്.ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈ ടീം രോഹിത്തിന്റെയും സംഘത്തിന്റെയും റെക്കോർഡിനൊപ്പമെത്തിയത്. എന്നാൽ ധോണിക്കുശേഷം ഇന്ത്യൻ ടീമിനെ ലോകകപ്പ് ഫൈനലിലെത്തിച്ച രോഹിത്തിന് കിരീടമുയർത്താനാകെ പോയത് ഒരുപക്ഷേ കാലത്തിന്റെ ക്രൂരവിനോദം മാത്രമാകാം.

2023 ഏകദിന ലോകകപ്പിനെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയ്‌ക്കെതിരെ ഇറങ്ങുമ്പോൾ ലോകകപ്പിൽ ഇന്ത്യയെ നയിക്കുന്ന ഏറ്റവും പ്രായം കൂടിയ നായകൻ എന്ന റെക്കോർഡ് രോഹിത് സ്വന്തമാക്കിയിരുന്നു. 1999 ലോകകപ്പിൽ ഇന്ത്യയെ നയിച്ച 36 വർഷവും 124 ദിവസവും പ്രായമുള്ള മുഹമ്മദ് അസഹ്റുദ്ദീന്റെ റെക്കോർഡാണ് 36 വർഷവും 161 ദിവസവും പ്രായമുള്ള രോഹിത് തകർത്തത്. 41 ദിവസത്തിനു ശേഷം ഫൈനനലിൽ അതേ ഓസ്ട്രേലിയയോട് തോൽവി ഏറ്റുവാങ്ങി കപ്പില്ലാതെ മടങ്ങുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് തറവാടിന്റെ ‘കാരണവർ’ സ്ഥാനത്ത് രോഹിത് ഇനി എത്രനാൾ കാണും എന്ന ചോദ്യം മാത്രം ബാക്കി.
∙ തീരാതെ കപ്പ് ശാപം
2011 ലോകകപ്പ് കിരീടത്തിനുശേഷം 12 വർഷത്തിനിടെ ഇന്ത്യ ഒരേയൊരു ഐസിസി കിരീടം മാത്രമാണ് നേടിയത്. 2013ൽ ഐസിസി ചാംപ്യൻസ് ട്രോഫി. പിന്നീടുള്ള 10 വർഷത്തെ ഐസിസി കിരീട ശാപമാണ് രോഹിത്തിലൂടെ അവസാനിക്കണമെന്ന് ഇന്ത്യ കൊതിച്ചത്. ക്യാപ്റ്റനായ ആദ്യ സീസണിൽ തന്നെ ഐപിഎൽ കിരീടം ചൂടിയ രോഹിത്, ഇന്ത്യയുടെ ഏകദിന ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത് രണ്ടു വർഷം തികയുന്നതിനു മുൻപു തന്നെ ലോകകിരീടം ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് ആരാധകർ വിശ്വസിച്ചു. 2021 ഡിസംബറിലാണ് വിരാട് കോലിക്കു പകരം രോഹിത് ഇന്ത്യയുടെ ഏകദിന ടീം ക്യാപ്റ്റനാകുന്നത്.
2013 ചാംപ്യൻസ് ട്രോഫിക്കും 2023 ഏകദിന ലോകകപ്പിനും ഇടയിൽ 9 ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യ പങ്കെടുത്തു. 2014 ട്വന്റി20 ലോകകപ്പ്, 2015 ഏകദിന ലോകകപ്പ്, 2016 ട്വന്റി20 ലോകകപ്പ്, 2017 ചാംപ്യൻസ് ട്രോഫി, 2019 ഏകദിന ലോകകപ്പ്, 2021 ട്വന്റി20 ലോകകപ്പ്, 2021 ടെസ്റ്റ് ചംപ്യൻഷിപ് ഫൈൻ, 2022 ട്വന്റി20 ലോകകപ്പ്, 2023 ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ എന്നിവ. ഒന്നിൽ പോലും കിരീടത്തിൽ മുത്തമിടാൻ ഇന്ത്യയ്ക്കായില്ല. പത്താം ഐസിസി ടൂർണമെന്റിൽ കപ്പടിച്ച് പത്തു വർഷത്തെ ശാപം തീരുമെന്ന് കരുതിയെങ്കിലും അതു പൊലിഞ്ഞു.

2022 ട്വന്റി20 ലോകകപ്പും 2023 ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലുമാണ് ഇതിനു മുൻപ് രോഹിത്തിന്റെ നേതൃത്വത്തിൽ ഇന്ത്യ ഇറങ്ങിയ ഐസിസി ടൂർണമെന്റുകൾ. ലോകകപ്പിൽ സെമിഫൈനലിൽ ഇംഗ്ലണ്ടിനോട് ഇന്ത്യ പരാജയപ്പെട്ടപ്പോൾ ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനിൽ ഓസ്ട്രേലിയയോടാണ് തോൽവി വഴങ്ങിയത്. അതേ ഓസ്ട്രലിയയോട് തന്നെ ഏകദിന ലോകകപ്പ് ഫൈനലിലും ഇന്ത്യയ്ക്ക് അടിയറവു പറയേണ്ടി വന്നു. ലോകകപ്പിനു തൊട്ടുമുൻപു നേടിയ ഏഷ്യ കപ്പ് കിരീടമാണ് രോഹിത്തിന്റെ ക്രഡിറ്റിൽ ഇന്ത്യയ്ക്കുള്ള ഏക പ്രധാന ട്രോഫി.
∙ അതേ ദുർവിധി
രോഹിത്തിനു കീഴിൽ ഇന്ത്യ ലോകകപ്പ് നേടുമ്പോൾ, പ്ലെയർ ഓഫ് ടൂർണമെന്റായി മുൻ ക്യാപ്റ്റൻ വിരാട് കോലി. ഏതു ക്രിക്കറ്റ് ആരാധകനാണ് ഇങ്ങനെയൊരു ‘കോംബോ’ ആഗ്രഹിക്കാത്തത്? ക്യാപ്റ്റനായിരിക്കെ ഒരു ഐസിസി കിരീടം പോലും സ്വന്തമാക്കാൻ സാധിച്ചിട്ടില്ലെന്നതിന് ഏറെ വിമർശനം കേട്ടയാളാണ് കോലി. ആ കിരീട ശാപം രോഹിത്തിലൂടെ അവസാനിക്കുമ്പോൾ അതിനു നിർണായക പങ്കുവഹിക്കാൻ വിരാട് കോലിയും ഒത്തുചേർന്നാൽ അതിന് രോഹിത് ശർമയുടെ സ്വതസിദ്ധമായ പുൾ ഷോട്ടിന്റെ മനോഹാരിതയുണ്ടാകും. പക്ഷേ കാലം വീണ്ടും ഹിറ്റമാന് സമ്മാനിച്ചത് ഒരു ഫ്രീഹിറ്റിന് പോലും അവസരമില്ലാത്ത ‘നോബോൾ’. കോലി പ്ലെയർ ഓഫ് ദ് ടൂർണമെന്റായി; പക്ഷേ ഇന്ത്യയ്ക്ക് കിരീടമില്ല.
എങ്കിലും കോലിയുമായി താൻ ഉടക്കിലാണെന്നും കോലിയിൽനിന്നും തട്ടിപ്പറിച്ചെടുത്തതാണ് ക്യാപ്റ്റൻ സ്ഥാനം എന്നും ആരോപിക്കുന്നവർക്കുമുള്ള ചുട്ടമറുപടി തന്നെയായിരുന്നു ഈ ലോകകപ്പ്. ക്യാപ്റ്റനും മുൻ ക്യാപ്റ്റനും തമ്മിലുള്ള പരസ്പര വിശ്വാസത്തിന്റെ പല മുഹൂർത്തങ്ങളും ലോകകപ്പ് കളിക്കളങ്ങൾ സാക്ഷിയായി. ഇനി കോലി ഇറങ്ങുമല്ലോ എന്ന ധൈര്യത്തിൽ തകർത്തടിക്കുന്ന രോഹിത്തിനെയും രോഹിത് ഉയർത്തിയ റൺറേറ്റിന്റെ ബലത്തിൽ സ്വതസിദ്ധമായ ശൈലിയിൽ ബാറ്റു വീശാൻ സ്വാതന്ത്ര്യം കിട്ടിയ കോലിയെയും ആരാധകർ കണ്ടു.
2021 ട്വന്റി20 ലോകകപ്പ് പരാജയത്തിനു പിന്നാലെയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഉൾപോരുകളെക്കുറിച്ച് വാർത്തകൾ പുറത്തുവന്നത്. കഴിഞ്ഞ പത്തു വർഷത്തിനിടെ കപ്പു കിട്ടാതിരുന്ന ഐസിസി ടൂർണമെന്റുകളിൽ സെമി ഫൈനലിൽ പോലും പ്രവേശിക്കാതെ ഇന്ത്യ പുറത്തായ ഏക ടൂർണമെന്റ് അതായിരുന്നു. അതിന്റെ അലയൊലികൾ ഏറെനാൾ ഇന്ത്യൻ ടീമിനെ പിടിച്ചുകുലുക്കി. അതിൽ ഏറ്റവും പ്രധാനപ്പട്ടത് അന്നു നായകനായിരുന്ന വിരാട് കോലിയും ഉപനായകനായിരുന്ന രോഹിത് ശർമയും തമ്മിൽ അത്ര രസത്തിലല്ല എന്ന വാർത്തകളാണ്.

ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപനത്തിനുശേഷമാണു ലോകകപ്പ് കഴിഞ്ഞാൽ നായകസ്ഥാനമൊഴിയുമെന്നു കോലി പ്രഖ്യാപിച്ചത്. പിന്നാലെ ഐപിഎൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെയും നായക സ്ഥാനമൊഴിഞ്ഞു. ലോകകപ്പിനുശേഷം ഏകദിന ക്യാപ്റ്റൻ സ്ഥാനത്തുനിന്നും കോലിയെ നീക്കി. അധികം വൈകാതെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്തുനിന്നു കോലി സ്വയം ഒഴിഞ്ഞു. ഇതോടെ കോലിയും രോഹിത്തും തമ്മിൽ ഭിന്നത രൂക്ഷമാണെന്ന് തരത്തിൽ റിപ്പോർട്ടുകൾ വന്നു. കോലി ക്യാപ്റ്റനായ ടെസ്റ്റ് ടീമിൽനിന്നു പരുക്കുമൂലം രോഹിത് വിട്ടുനിൽക്കുമെന്നും രോഹിത് ക്യാപ്റ്റനായ ഏകദിന ടീമിൽനിന്നു വിട്ടുനിൽക്കാൻ കോലി അവധിക്ക് അപേക്ഷ നൽകിയെന്നുമൊക്കെ പ്രചാരണമുണ്ടായി. ഇതിനുശേഷമാണ് കോലി ടെസ്റ്റ് ടീം ക്യാപ്റ്റൻ സ്ഥാനത്തുനിന്നു ഒഴിഞ്ഞത്.
എന്നാൽ രോഹിത്തിനു കീഴിൽ പതിവിലും കൂടുതൽ ഉർജസ്വലതയോടെ കോലി കളത്തിലിറങ്ങുന്നതാണ് പിന്നീട് കണ്ടത്. 2019നു ശേഷം മൂന്നു വർഷത്തോളം കരിയറിലെ ഏറ്റവും മോശം ഫോമിലായിരുന്നു കോലി. എന്നാൽ ക്യാപ്റ്റന്‍ രോഹിത് ശര്‍മ തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെ കരുത്തില്‍ നിന്നോണം, 2022 അവസാനത്തോടെ കോലിയുടെ പ്രകടനത്തില്‍ കാര്യമായ മാറ്റം കണ്ടു തുടങ്ങി. 2022 സെപ്റ്റംബറിൽ അഫ്ഗാനിസ്ഥാനെതിരെ കരിയറിലെ ആദ്യ ട്വന്റി20 സെഞ്ചറി കുറിച്ചുകൊണ്ട് ഏറെക്കാലത്തെ സെഞ്ചറി വരൾച്ചയ്ക്കു താരം വിരാമമിട്ടു. ഡിസംബറില്‍ ബംഗ്ലദേശിനെതിരായ മത്സരത്തില്‍ 91 പന്തില്‍ 113 റണ്‍നേടിയ കോലി ഏകദിനത്തിലും തിരിച്ചു വരവ് ഗംഭീരമാക്കി. ഈ വർഷം ഓസ്ട്രേലിയയ്‌ക്കെതിരെ ടെസ്റ്റിലും സെഞ്ചറി തികച്ചതോടെ മൂന്നു ഫോർമാറ്റിലും കോലി ഫോമിലായി.
2023 കലണ്ടർ വർഷത്തിൽ ആറ് ഏകദിന സെഞ്ചറികളാണ് കോലി നേടിയത്. 2017, 2018 വർഷങ്ങളിലും കോലി ഈ നേട്ടം കൈവരിച്ചിരുന്നു. ഒരു കലണ്ടർ വർഷം 6 ഏകദിന സെഞ്ചറികളെന്ന നേട്ടം 3 തവണ സ്വന്തമാക്കിയ ആദ്യ താരമാണു കോലി. ഒടുവിൽ രോഹിത് നായകനായ ഏകദിന ലോകകപ്പിൽ പ്ലെയർ ഓഫ് ദ് ടൂർണമെന്റ് പുരസ്കാരവും. ക്യാപ്റ്റൻ എന്ന നിലയിൽ ടീമിനെ ഒത്തിണക്കത്തോടെ മുന്നോട്ട് കൊണ്ടുപോകാൻ രോഹിത് കാണിച്ച വൈഭവം അപാരം തന്നെയാണ്. അതിന് ഏറ്റവും വലിയ ഉദാഹരണ രോഹിത്– കോലി കെമിസ്ട്രി തന്നെ. പക്ഷേ ഐസിസി കിരീടമില്ലെന്ന കോലിയുടെ അതേ ദുർവിധി രോഹിത്തിനെയും പിന്തുടരുമോ? ഭാവി ‘ഇന്നിങ്സുകൾക്കായി’ കാത്തിരിക്കാം.