അലയൊടുങ്ങി, നീലക്കടൽ; ഇന്ത്യൻ തോൽവിയിൽ ശോകമൂകമായി നരേന്ദ്രമോദി സ്റ്റേഡിയം
Mail This Article
അഹമ്മദാബാദ്∙ അലയടിക്കാൻ കൊതിച്ചെത്തി അലകളൊടുങ്ങിയ നീലക്കടലായിപ്പോയി നരേന്ദ്രമോദി സ്റ്റേഡിയം. പക്ഷേ, ആ നീലക്കടലിലെ 1.3 ലക്ഷം ഹൃദയങ്ങളെ സങ്കടക്കടലിൽ മുക്കിക്കളഞ്ഞു ഓസീസ് പട. ഇതുപോലെ ഏകപക്ഷീയമായ ഗാലറിയെ നിശ്ശബ്ദരാക്കുന്നതിൽപരം സംതൃപ്തിയില്ലെന്നും അതിനു വ്യക്തമായ പദ്ധതിയുണ്ടെന്നും കലാശപ്പോരിനു തലേന്ന് ഓസീസ് നായകൻ പാറ്റ് കമിൻസ് പ്രഖ്യാപിച്ചത് അക്ഷരാർഥത്തിൽ അവർ കളത്തിൽ നടപ്പിലാക്കി.
രോഹിത്തിന്റെയും കോലിയുടെയും വെടിക്കെട്ട് ബാറ്റിങ് സ്വപ്നം കണ്ടവർക്ക് പക്ഷേ ആഘോഷിക്കാൻ അവസരം ആദ്യ 10 ഓവറുകൾ മാത്രമായിരുന്നു. ബൗണ്ടറി ക്ഷാമത്തിൽ ഗാലറികൾ നിശ്ശബ്ദമായി. ഓസീസ് ഇന്നിങ്സിലെ ആദ്യ മൂന്നു വിക്കറ്റുകൾ വേഗം വീണപ്പോൾ ജീവൻ വീണ്ടെടുത്ത ഗാലറികൾ ആർത്തിരമ്പിയെങ്കിലും അതിന്റെ ‘തല’യെടുക്കുന്നതായിരുന്നു ട്രാവിസ് ഹെഡ്– മാർനസ് ലബുഷെയ്ൻ കൂട്ടുകെട്ടിന്റെ പ്രകടനം. ബൗണ്ടറികൾ പാഞ്ഞപ്പോഴെല്ലാം ഇലവീണാൽ അറിയുന്ന നിശ്ശബ്ദതയായിരുന്നു കളത്തിൽ. ഒടുവിൽ അനിവാര്യമായ തോൽവി ഉറപ്പായതോടെ അതിനു സാക്ഷ്യം വഹിക്കാൻ കഴിയാത്തവർ കളി തീരും മുൻപേ ഗാലറി വിട്ടു.