നിരാശരാവേണ്ടതില്ല; ഈ (ഏക )ദിനവും കടന്നുപോവും
Mail This Article
ഇന്ത്യ. ഒരു തോൽവിക്കും കീഴടക്കാനാവാത്ത ജനകോടികളുടെ വികാരത്തിന്റെ പേര്; ഒന്നും മറക്കാത്ത രാജ്യത്തിന്റെയും... ഇന്നലെ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ വീണത് ഇന്ത്യൻ വിക്കറ്റുകളല്ല. നൊമ്പരവറ്റുകളാണ്; കണ്ണീർത്തുള്ളികളാണ്.
83ൽ കപിലിന്റെ ‘ചെകുത്താൻമാർ’, 2011ൽ ധോണിയുടെ, സച്ചിനുൾപ്പെട്ട മാലാഖമാർ. അതിനിടയിൽ 3 പതിറ്റാണ്ടിന്റെ ഒരുക്കവും ഉരുക്കവും ഉണ്ടായിരുന്നു. 2003 ൽ ഫൈനൽ വരെയെത്തി റണ്ണേഴ്സ് അപ്പായി തോറ്റുമടങ്ങുമ്പോൾ (അന്നും ഓസ്ട്രേലിയയോട്) ഇന്നത്തെക്കാൾ ആഴത്തിലുള്ള വേദനയിൽ ഇന്ത്യ കരഞ്ഞു. 2011 ലെ ചിരിയിലാണ് ആ മുറിവുണങ്ങിയത്. അതുവരെ കണ്ണീരുപ്പ് പുരട്ടി നീറ്റി നിർത്തിയ മുറിവ്.
ലോകകപ്പ് ചുണ്ടിനും കപ്പിനുമിടയിൽ നഷ്ടമായെങ്കിലും ഇത്തവണ ലോകകപ്പിൽ ഇന്ത്യ നടത്തിയതു തേരോട്ടമാണ്. തോൽവിയറിയാതെ ഫൈനൽ വരെ. അതിനിടെ 50 സെഞ്ചറി തികച്ച കോലിയും ചീട്ടുകൊട്ടാരത്തിന്റെ അടിത്തറ കൽച്ചീളുകൊണ്ട് എറിഞ്ഞു വീഴ്ത്തുന്നതു പോലെ 7 വിക്കറ്റ് എറിഞ്ഞിട്ട ഷമിയും അടക്കം എത്ര സുന്ദര നിമിഷങ്ങൾ.
ഫൈനലിൽ ടോസിൽ തോറ്റിട്ടും ബാറ്റിങ്ങിന് ഇന്ത്യ ഇറങ്ങിയപ്പോൾ എന്തൊരു ആവേശമായിരുന്നു. റൺസ് മുപ്പതിന്റെ പടി കടക്കുന്നതുവരെ പ്രതീക്ഷയുടെ യൗവനം . ശുഭ്മൻ ഗില്ലിന്റെ വിക്കറ്റ് വീണതോടെ സ്റ്റേഡിയത്തിലും ലക്ഷക്കണക്കിന് ‘ടിവി സ്റ്റേഡിയങ്ങളിലും’ കണ്ണുനട്ടിരുന്ന ജനകോടികളുടെ മനമിടിഞ്ഞു. സ്കോർ 76 ലെത്തിയപ്പോൾ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കു കാലിടറി; ആരാധകരുടെ മനമിടറി. പിന്നീട് കെ.എൽ.രാഹുലും വിരാട് കോലിയും ചേർന്ന് സ്കോർ148ല്‍ എത്തിക്കുംവരെ സ്റ്റേഡിയത്തിൽ പ്രതീക്ഷ പൂവിട്ടു. 148 ൽ കോലിയും 178 ൽ ജഡേജയും വീണതോടെ ഇന്ത്യ അപകടം മണത്തു. പിന്നെ കെ.എൽ രാഹുലിന്റെ ചെറുത്തു നിൽപിനൊടുവിൽ; പൊരുതി നോക്കാനുള്ള- 240 എന്ന കണക്ക് മുന്നോട്ടുവച്ച് ഇന്ത്യ ബോളിങ്ങ് എൻഡിലേക്ക് .
സ്കോർ 50 കടക്കും മുൻപ് 3 വിക്കറ്റ് വീഴിച്ച് ഇന്ത്യ പോരാട്ടം മുന്നോട്ടു വച്ചപ്പോൾ ഇന്ത്യൻ മണ്ണിൽ പ്രതീക്ഷ പൂവിട്ടു. പക്ഷേ, 239ൽ വിജയത്തിന്റെ പടിവാതിലിൽ ഹെഡ് പുറത്താക്കുന്നതു വരെ ഇന്ത്യൻ ഏറിന്റെ മുനയൊടിച്ച ഓസീസ് പടയോട്ടം. ഒടുവിൽ ; ഓസ്ട്രേലിയ ട്രാവിസ് ഹെഡിന്റെ തലയെടുപ്പിൽ കപ്പുമായി മടങ്ങി; ഇന്ത്യ പടിക്കൽ കലമുടച്ചതിന്റെ സങ്കടത്തിലും. നിരാശരാവേണ്ടതില്ല; ഈ (ഏക )ദിനവും കടന്നുപോവും. ഒരു ദിനം കൊണ്ട് ഒന്നും അവസാനിച്ചില്ല. ഒരു ലോകകപ്പും !