‘രാജ്യം മുഴുവൻ നിങ്ങളെ കാണുന്നു, പരാജയം സ്വാഭാവികം’: ഇന്ത്യൻ ടീമിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി - വിഡിയോ
Mail This Article
അഹമ്മദാബാദ് ∙ ലോകകപ്പ് ഫൈനലിലെ പരാജയത്തിനു ശേഷം ഇന്ത്യൻ ടീമിനെ ഡ്രസ്സിങ് റൂമിലെത്തി ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്ത് മത്സരങ്ങളിൽ ജയിച്ചു വന്ന ടീമാണ് ഇന്ത്യയെന്നും ഒരു തോൽവി സ്വാഭാവികമാണെന്നും പ്രധാനമന്ത്രി പറയുന്നു. ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും ഒരുമിച്ച് ഇനിയും മുന്നേറണമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര മന്ത്രി അമിത് ഷായും പ്രധാനമന്ത്രിയെ അനുഗമിച്ചു.
‘‘പത്ത് മത്സരങ്ങള്‍ തുടർച്ചയായി ജയിച്ചാണ് നിങ്ങൾ ഫൈനലിലെത്തിയത്. ഈ ഒരു പരാജയം സ്വാഭാവികമായി സംഭവിക്കുന്നതാണ്. നിരാശ വേണ്ട, രാജ്യം മുഴുവൻ നിങ്ങളെ കാണുന്നു. നിങ്ങളെ നേരിൽവന്നു കാണണമെന്നു തോന്നിയതിനാലാണ് ഞാൻ വന്നത്. നിങ്ങൾ വളരെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്’’ –മോദി പറഞ്ഞു. കോച്ച് രാഹുൽ ദ്രാവിഡ് ഉൾപ്പെടെ ഇന്ത്യൻ സംഘത്തിലെ എല്ലാവരേയും പ്രധാനമന്ത്രി അഭിനന്ദിച്ചു. വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനായ മുഹമ്മദ് ഷമിയെ പ്രധാനമന്ത്രി പ്രത്യേകം പ്രശംസിച്ചു.
ലീഗ് റൗണ്ടിലും സെമി ഫൈനലിലും ഉൾപ്പെടെ പത്ത് മത്സരങ്ങളിൽ ആധികാരിക ജയവുമായാണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. ഞായറാഴ്ച നടന്ന ഫൈനലില്‍ ഓസ്ട്രേലിയയ്ക്കെതിരെ ആറു വിക്കറ്റിന് ഇന്ത്യ പരാജയപ്പെട്ടു. ഓസീസിന്റെ ആറാം കിരീട നേട്ടമാണിത്. ട്രാവിസ് ഹെഡിന്റെ സെഞ്ചറി ഓസീസ് ജയത്തിൽ നിർണായകമായി. 765 റൺസ് അടിച്ചുകൂട്ടിയ വിരാട് കോലിയാണ് ടൂർണമെന്റിലെ താരം. മുഹമ്മദ് ഷമിയാണ് വിക്കറ്റു വേട്ടക്കാരിൽ ഒന്നാമൻ. 24 വിക്കറ്റാണ് ഷമി സ്വന്തമാക്കിയത്.