ADVERTISEMENT

കപിൽദേവിനും മഹേന്ദ്രസിങ് ധോണിക്കും ഉണ്ടായ ഭാഗ്യം രോഹിത് ശർമയ്ക്ക് ഇല്ലാതെപോയി. അഥവാ സുനിൽ ഗാവസ്കറിനും സച്ചിൻ തെൻഡുൽക്കറിനും ലഭിച്ചപോലൊരു ബിഗ് സല്യൂട്ട് ആദരവ് വിരാട് കോലിക്ക് ലഭിക്കാതെ പോയി. ദൗർഭാഗ്യം എന്നല്ലാതെ എന്തുപറയാൻ. 1983ൽ കപിൽദേവും ചെകുത്താൻമാരും ലോകകപ്പ് നേടിയതിലൂടെ ടീമിലുണ്ടായിരുന്ന ഇതിഹാസതാരവും സീനിയർ കളിക്കാരനുമായ സുനിൽ ഗാവസ്കർ ആദരിക്കപ്പെട്ടെങ്കിൽ 2011ൽ ധോണിയും കൂട്ടരും കിരീടം നേടിയെടുത്തത് സച്ചിനുവേണ്ടിയായിരുന്നു. ആ മഹാഭാഗ്യമാണ് രോഹിത് ശർമയുടെ ടീം ഇന്ത്യയ്ക്ക് നഷ്ടമായത്. 

ടീമിലെ സീനിയർ കളിക്കാരനും ഏകദിനക്രിക്കറ്റിൽ 50 സെഞ്ചുറികളുമായി റെക്കോർഡിട്ട വിരാട് കോലിക്ക് സമർപ്പിക്കപ്പെടേതണ്ടതായിരുന്നു ഈ ലോകകപ്പ്. മൂന്നു പേരും അവരുടേതായ കാലങ്ങളിൽ ഇതിഹാസങ്ങൾ. 1983ൽ ഇന്ത്യ ലോകകപ്പ് നേടുമ്പോൾ സുനിൽ ഗാവ്സകർ ടെസ്റ്റ് ക്രിക്കറ്റിലെ ഒട്ടുമിക്ക റെക്കോർഡുകളും സ്വന്തം പേരിൽ കുറിച്ചിരുന്നു. ചിലതിൽ സർ ഡൊണാൾഡ് ബ്രാഡ്മാന്റെ തൊട്ടുപിന്നിലായി രണ്ടാമനും. അവ മിക്കതും പിന്നീട് ഗാവസ്കർ സ്വന്തം പേരിനൊപ്പം കൂട്ടിചേർക്കുകയും ചെയ്തു. സച്ചിൻ തെൻഡുൽക്കറാകട്ടെ 2011 ലോകകപ്പ് നേടുമ്പോൾ ടെസ്റ്റ്, ഏകദിന ക്രിക്കറ്റിലെ ബാറ്റിങ് റെക്കോർഡുകളിൽ ഭൂരിപക്ഷവും തന്റെ പേരിൽ എഴുതിച്ചേർത്തിരുന്നു. ഈ ഇതിഹാസങ്ങൾക്കൊപ്പം ആദരിക്കപ്പെടാനുള്ള വലിയ അവസരമാണ് കോലിക്ക് കഴിഞ്ഞ ദിവസം നഷ്ടമായത്. ഇവർ മൂന്നു പേരും അതത് ടീമിലെ ഏറ്റവും സീനിയർ താരങ്ങളുടെ പട്ടികയിലുള്ളവരുമായിരുന്നു. മൂന്നു പേരും മുൻ നായകൻമാരും. 

2011 ഏപ്രിൽ 2. മുംബൈ വാങ്കഡെ സ്റ്റേഡിയം. ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ. ഇന്ത്യ ശ്രീലങ്കയെ ആറ് വിക്കറ്റിന് തോൽപ്പിച്ചതോടെ മൈതാനത്തിന് ചുറ്റും അരഞ്ഞാണം കണക്കെ നീലയണിഞ്ഞ സ്റ്റേഡിയം ആകെ ആഹ്ലാദത്തിമർപ്പിൽ. കളി കഴിഞ്ഞയുടൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറെ തോളിലേറ്റി വാങ്കഡെ മൈതാനം ചുറ്റി സഹതാരങ്ങളുടെ വിക്ടറി ലാപ്. സച്ചിൻ തെൻഡുൽക്കറിന് ലഭിച്ച ഏറ്റവും വലിയ ആദരം. അതെ, സച്ചിനുവേണ്ടിയായിരുന്നു അന്ന് ടീം ഇന്ത്യ അത് നേടിയെടുത്തത്. അന്ന് രാജ്യാന്തര ക്രിക്കറ്റിൽ 22 വർഷങ്ങളുടെ അനുഭവതികവുമായി സച്ചിനായിരുന്നു ഒന്നാമൻ. 1992 മുതൽ തുടർച്ചയായ ആറ് ഏകദിന ലോകകപ്പ് ടൂർണമെന്റുകൾ. ടെസ്റ്റ്, ഏകദിന ക്രിക്കറ്റിൽ സമാനതകളില്ലാത്ത കരിയർ. ഈ കാലയളവിൽ ബാറ്റുകൊണ്ട് നേടാവുന്ന മിക്ക റെക്കോർഡുകളും സ്വന്തം പേരിൽ കുറിച്ചിരുന്നു. പ്രായം 37. പക്ഷേ ഒന്നിന്റെ കുറവുണ്ടായിരുന്നു ഇതിഹാസത്തിന്. ഒരു ലോകകപ്പ്. സച്ചിനുവേണ്ടി ഒരു ലോകകപ്പ് എന്നത് അന്നത്തെ ഇന്ത്യൻ ടീമിന്റെ യുവനിരയുടെ സ്വപ്നമായിരുന്നു. 

2011ൽ ഏകദിന ലോകകപ്പ് വിജയത്തിനു ശേഷം സച്ചിൻ തെൻഡുൽക്കറെയും തോളിലേറ്റി ആഹ്ലാദപ്രകടനം നടത്തുന്ന ഇന്ത്യൻ ടീമംഗങ്ങൾ.
2011ൽ ഏകദിന ലോകകപ്പ് വിജയത്തിനു ശേഷം സച്ചിൻ തെൻഡുൽക്കറെയും തോളിലേറ്റി ആഹ്ലാദപ്രകടനം നടത്തുന്ന ഇന്ത്യൻ ടീമംഗങ്ങൾ.

വിരമിക്കലിന്റെ പടിയിൽ നിൽക്കുന്ന സമയം. ഹോം ഗ്രൗണ്ടിൽത്തന്നെ ഫൈനൽ. ആ മണ്ണിൽ കപ്പുയർത്തി ക്രിക്കറ്റ് ദൈവത്തിന് സമർപ്പിക്കണം. നായകൻ  എം.എസ്. ധോണിയും ഗൗതം ഗംഭീറും യുവരാജ് സിങ്ങും സച്ചിനു വേണ്ടി പടനയിച്ചപ്പോൾ മുംബൈയിൽ നടന്ന ഫൈനലിൽ ശ്രീലങ്കയെ തോൽപിച്ച് ഇന്ത്യ കിരീടം നേടി.  അക്കുറി ലോകകപ്പ് നേടിയപ്പോൾ ആ കിരീടം ഇന്ത്യ സമർപ്പിച്ചത് മാസ്റ്റർ ബ്ലാസ്റ്റർക്കാണ്. അന്ന് ടീമിലുണ്ടായിരുന്ന യുവതാരം വിരാട് കോലി. സച്ചിന് ടീം ഇന്ത്യയുടെ ആദരം. (സമാനമായിരുന്നു 2022ലെ അർജന്റീനയുടെ ഖത്തർ ലോകകപ്പ് വിജയവും. ഇതിഹാസ നായകൻ ലയണൽ മെസ്സിയുടെ കൈക്കുമ്പിളിൽ കിരീടമില്ലാതെ  മടങ്ങില്ലെന്നു അർജന്റീനയുടെ യുവനിരയും ഉറപ്പിച്ചിരുന്നു. എയ്ഞ്ചൽ ഡി മരിയയും എമിലിയാനോ മാർട്ടിനസും ഒട്ടമെൻഡിയും അടക്കമുള്ള സീനിയർ താരങ്ങൾ മുതൽ ജൂലിയൻ അൽവാരസും മക്അലിസ്റ്ററും അക്കൂനയും എൻസോ ഫെർണാണ്ടസും വരെയുള്ള പുതുനിര വരെ സർവം മറന്ന് പോരാടിയാണ് അവസാന നിമിഷം കപ്പ് സ്വന്തമാക്കിയത്. 

മെസ്സിയും താനും ലോകകപ്പ് നേടുമ്പോൾ അതിലെ കൗതുകകരമായ സമാനതകളെക്കുറിച്ചു ട്വീറ്റ് ചെയ്ത് സച്ചിൻതന്നെയാണ്. ഇരുവരും ധരിച്ചിരുന്നത് ജഴ്സി നമ്പർ 10, ഇരുവരും ലോകകപ്പ് നേടുന്നതിന് 8 വർഷം മുൻപ് ഒരോവട്ടം ലോകകപ്പ് ഫൈനലിൽ എത്തിയെങ്കിലും തോറ്റുപോയവർ (2014ലും 2003ലും), സെമിയിൽ പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടവർ). 2011 ലോകകപ്പിനിങ്ങുമ്പോൾ  മിക്ക ലോകകപ്പ് റെക്കോർഡുകളും സച്ചിൻ നേടിയെടുത്തിരുന്നു. കൂടുതൽ റൺസ്, രണ്ട് ടൂർണമെന്റുകളിൽ കൂടുതൽ റൺസ് (1996, 2003) , 2003ലെ താരം എന്നീ നേട്ടങ്ങളടക്കം സച്ചിൻ ലോകകപ്പിൽ കുറിച്ച നേട്ടങ്ങൾക്ക് സമാനതകളില്ല. 2011ൽ ലോകകപ്പിനെത്തുമ്പോൾ ലോകത്തിലെ ഏറ്റവും സീനിയർ താരവും സച്ചിനായിരുന്നു.അന്ന് മറ്റൊരു നേട്ടവും അദ്ദേഹത്തിനൊപ്പമായി. പാക്കിസ്ഥാന്റെ ജാവേദ് മിയാൻദാദിന്റെ ആറ് ലോകകപ്പ് ടൂർണമെന്റുകൾ (1975– 96) എന്ന റെക്കോർഡിനൊപ്പം.

1983 ലോകകപ്പ് കപിലും കൂട്ടരും നേടുമ്പോൾ ടീമിലെ ഏറ്റവും സീനിയർ താരമായിരുന്നു സുനിൽ ഗാവസ്കർ. ഇന്ത്യൻ ബാറ്റിങ്ങിന് പുതിയ ശോഭ നൽകിയ ഇതിഹാസം. അരങ്ങേറ്റ പരമ്പരയിൽത്തന്നെ മികച്ച റൺവേട്ട നടത്തിയ ഗാവ്സകറാണ് 1970കളിലും 1980കളിലും ഇന്ത്യയുെട സ്കോറിങ് ചലിപ്പിച്ചുകൊണ്ടിരുന്നത്. 1975, 79 ലോകകപ്പുകൾ കളിച്ച ഗാവസ്കർക്ക് പക്ഷേ ടെസ്റ്റ് പോലെ ഏകദിന ക്രിക്കറ്റ് അത്ര വഴങ്ങിയിരുന്നില്ല. ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ചുറികളും കൂടുതൽ റൺസുമായി മുന്നിലേക്ക് കുതിക്കുമ്പോഴും ഏകദിന ക്രിക്കറ്റിൽ ഒരു സെഞ്ചുറി എന്ന സ്വപ്നം സഫലമായത് 1987 ലോകകപ്പിൽമാത്രം. 1983ലെ തന്റെ മൂന്നാം ലോകകപ്പിനിങ്ങുമ്പോഴും ഗാവ്സകർതന്നെയായിരുന്നു ഓപ്പണർ.  ഇംഗ്ലണ്ടിലേക്ക് പറക്കുമ്പോൾ ഗാവസ്കറായിരുന്നു ടീമിലെ ഏറ്റവും സീനിയർ താരം. ഏകദിന ക്രിക്കറ്റിലെ ഇന്ത്യയുടെ അരങ്ങേറ്റ മൽസരം മുതൽ ഓപ്പണറും അദ്ദേഹമായിരുന്നു. ആ ഗാവസ്കർ ടീമിലുള്ളപ്പോഴാണ് ലോർഡ്സ് മൈതാനത്ത് കപിലും കൂട്ടരും ലോകകപ്പ് ഉയർത്തിയത്. മൊഹീന്ദർ അമർനാഥ്, മദൻലാൽ, യശ്പാൽ ശർമ എന്നീ സീനിയർ താരങ്ങളും അന്ന് ടീമിലുണ്ടായിരുന്നു. പിന്നീട് ഒരു ലോകകപ്പ് കൂടി കളിച്ചാണ് ഗാവസ്കർ വിരമിച്ചത്. 1987 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനോട് തോൽവി ഏറ്റുവാങ്ങിയതാണ് സണ്ണിയുടെ കരിയറിലെ അവസാന മൽസരം.  

വിരാട് കോലിയുടെ നാലാം ലോകകപ്പിനാണ് ഇക്കുറി സ്വന്തം രാജ്യം വേദിയായത്. 2011 ലോകകപ്പ് നേടുമ്പോൾ ടീമിലെ ജൂനിയർ താരങ്ങളിലൊരാൾ. അണ്ടർ 19 ലോകകപ്പ് നേടിയ നായകൻ എന്ന നിലയിലാണ് കോലി ടീമിൽ കയറിയത്. തുടർന്ന് 2015 ലോകകപ്പിലും മികച്ച പ്രകടനം. 2019 ടീമിന്റെ നായകൻ. പക്ഷേ സെമിയിൽ വീണു. നാലാം തവണ ലോകകപ്പിനെത്തുമ്പോൾ ആർ. അശ്വിൻ, രോഹിത് ശർമ എന്നിവർക്കൊപ്പം ടീമിലെ സീനിയർ താരം. ലോകകപ്പിനെത്തുമ്പോൾ ട്വന്റി20 രാജ്യാന്തര ക്രിക്കറ്റിലെ മിക്ക ബാറ്റിങ് റെക്കോർഡുകളും കോലിയുടെ പേരിലായിരുന്നു. കരിയറിൽ ഏറ്റവും കൂടുതൽ റൺസ് (4008),  കൂടുതൽ അര്‍ധ സെഞ്ചറികൾ  (38), 3000, 3500, 4000 റൺസ് വേഗത്തിൽ പൂർത്തിയാക്കിയ താരം, കൂടുതൽ തവണ മാൻ ഓഫ് ദ് മാച്ച് (15), കൂടുതൽ തവണ മാൻ ഓഫ് ദ് സീരീസ് (7) എന്നീ ട്വന്റി 20 റെക്കോർഡെല്ലാം കോലിയുടെ പേരിലായിരുന്നു. ഇക്കുറി ഫൈനലിനുമുൻപെ ഏകദിനങ്ങളിലെ റെക്കോർഡുകളിൽ പലതും കോലി സ്വന്തമാക്കി.  ഏറ്റവും കൂടുതൽ സെഞ്ചറികൾ  എന്ന സച്ചിന്റെ റെക്കോർഡ് അടക്കം ഈ ലോകകപ്പിലാണ് കോലി തിരുത്തിക്കുറിച്ചത്. 

സ്വന്തം നാട്ടിൽ കൂടുതൽ സെഞ്ചറികൾ (24), പിന്തുടർന്ന ഇന്നിങ്സുകളിൽ കൂടുതൽ സെഞ്ചറികൾ(27), സെഞ്ചറി നേടാൻ ആവശ്യമായ കുറഞ്ഞ ശരാശരി ഇന്നിങ്സ് (5.6), ഒരു ടീമിനെതിരെ കൂടുതൽ സെഞ്ചറികൾ (10 –ശ്രീലങ്കയ്ക്കെതിരെ), ഒരു കലണ്ടർ വർഷം 5 വീതം സെഞ്ചറികൾ – 5 തവണ (2012, 17, 18, 19, 2023), ഒരു കലണ്ടർ വർഷം 6 വീതം സെഞ്ചറികൾ – 3 തവണ (2017, 18, 2023), ഒരു പരമ്പരയിലോ ടൂർണമെന്റിലോ മൂന്നു വീതം സെഞ്ചുറികൾ– (ദക്ഷിണാഫ്രിക്കയ്ക്കെതിരെ– 2018, വെസ്റ്റിൻഡീസിനെതിരെ– 2018, 2023 ലോകകപ്പ്), ഏറ്റവും വേഗത്തിൽ 8000, 9000, 10000, 11000, 12000, 13000 റൺസ് എന്നീ നാഴികകല്ലുകൾ  പൂർത്തിയാക്കിയ താരം എന്നിവയിലൊക്കെ കോലിയുടെ പേര് ചാർത്തിയിരുന്നു. ഫൈനലിൽ കടന്ന ഇന്ത്യയുടെ പ്രതീക്ഷകൾ  പാറ്റ് കമിൻസും കൂട്ടരും കെടുത്തിയില്ലായിരുന്നെങ്കിൽ സച്ചിൻ, ഗാവസ്കർ എന്നീ എക്കാലത്തെയും ബാറ്റിങ് പ്രതിഭകൾക്കൊപ്പം ചാർത്തപ്പെടേണ്ടിയിരുന്ന പേരായിരുന്നു വിരാട് കോലിയുടേതും. ഒരു പക്ഷേ നാലു വർഷം കഴിഞ്ഞ് 2027ൽ ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നീ രാജ്യങ്ങൾ സംയുക്തമായി വേദിയൊരുക്കുന്ന അടുത്ത ലോകകപ്പിൽ കോലിയെ തേടി ആ ഭാഗ്യം വന്നണയും എന്ന് വിശ്വസിക്കാനാണ് ഇന്ത്യൻ കായികപ്രേമികൾ സ്വപ്നം കാണുക.

English Summary:

Team India failed to win World Cup for Virat Kohli

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com