രോഹിത്തിനെ ട്വന്റി20 ക്യാപ്റ്റനാക്കാൻ ബിസിസിഐ ശ്രമം, ട്വന്റി20യിലും ഏകദിനത്തിലും കോലി കളിക്കില്ല
Mail This Article
ന്യൂഡൽഹി ∙ അടുത്ത മാസം ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീം ഉടൻ പ്രഖ്യാപിക്കാനിരിക്കെ ടീമിൽ അടിമുടി അഴിച്ചുപണിക്കു സാധ്യത. 3 ട്വന്റി20, 3 ഏകദിനം, 2 ടെസ്റ്റ് എന്നിങ്ങനെ 8 മത്സരങ്ങളുള്ള പരമ്പര ഡിസംബർ 10ന് ആരംഭിക്കും. ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ പ്രകടനം കൂടി പരിഗണിച്ചാകും ടീം പ്രഖ്യാപനം. ഇതോടെ സീനിയർ താരങ്ങളിൽ പലർക്കും അവസരം നഷ്ടപ്പെട്ടേക്കും.
ട്വന്റി20
പരുക്കിന്റെ പിടിയിലുള്ള ട്വന്റി20 ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ പരമ്പരയിൽ കളിക്കുമോ എന്നുറപ്പില്ല. ഈ സാഹചര്യത്തിൽ രോഹിത് ശർമയെ വീണ്ടും ട്വന്റി20 ക്യാപ്റ്റൻസി ഏൽപിക്കാനാണ് ബിസിസിഐയുടെ താൽപര്യം. കഴിഞ്ഞ ട്വന്റി20 ലോകകപ്പിനു ശേഷം ട്വന്റി20 ഫോർമാറ്റിൽ നിന്നു വിട്ടുനിന്ന രോഹിത് ക്യാപ്റ്റൻസി ഏറ്റെടുക്കുമോ എന്നുറപ്പില്ല. രോഹിത് മാറിയാൽ സൂര്യകുമാർ യാദവിന് നറുക്കുവീഴും. സീനിയർ താരം വിരാട് കോലി ഏകദിന, ട്വന്റി20 പരമ്പരകളിൽ നിന്നു വിട്ടുനിൽക്കാൻ താൽപര്യം അറിയിച്ചിട്ടുണ്ട്.
ഏകദിനം
ട്വന്റി20 പരമ്പരയിൽ കളിച്ചാൽ രോഹിത്തിനും കോലിക്കും ഏകദിന പരമ്പരയിൽ വിശ്രമം അനുവദിക്കാൻ ബിസിസിഐ ആലോചിക്കുന്നുണ്ട്. അങ്ങനെ വന്നാൽ കെ.എൽ.രാഹുൽ ഏകദിന ക്യാപ്റ്റനാകും. രോഹിത്തിന്റെ അഭാവത്തിൽ ഋതുരാജ് ഗെയ്ക്‌വാദ് ഓപ്പണറാകും. ബോളിങ്ങിൽ കാര്യമായ മാറ്റത്തിനു സാധ്യതയില്ല.
ടെസ്റ്റ്
കെ.എൽ.രാഹുൽ, ശ്രേയസ് അയ്യർ എന്നിവർ ടെസ്റ്റ് ടീമിലേക്കു തിരിച്ചെത്തുന്നതോടെ ചേതേശ്വർ പൂജാരയും അജിങ്ക്യ രഹാനെയെയും പുറത്താകും. വിക്കറ്റ് കീപ്പറായി ഇഷാൻ കിഷൻ തുടർന്നേക്കും. ജസ്പ്രീത് ബുമ്ര ടെസ്റ്റ് ടീമിലേക്കു മടങ്ങിയെത്തും.