സഞ്ജുവിനെ ക്യാപ്റ്റനാക്കാൻ ചെന്നൈ ശ്രമിച്ചോ? നുണ പ്രചരിപ്പിക്കരുതെന്ന് അശ്വിൻ
Mail This Article
ചെന്നൈ∙ മഹേന്ദ്ര സിങ് ധോണിക്കു ശേഷം ചെന്നൈ സൂപ്പർ കിങ്സിനെ ആരു നയിക്കുമെന്നത് സിഎസ്കെ ആരാധകർക്കിടയിലെ പ്രധാന ചോദ്യമാണ്. കഴിഞ്ഞ സീസണിൽ ചെന്നൈ സൂപ്പര്‍ കിങ്സിനെ കിരീടത്തിലെത്തിച്ച ധോണി, 2024 സീസണിലും ചെന്നൈയോടൊപ്പമുണ്ടാകും. പക്ഷേ അതു കഴിഞ്ഞ് ആരാണ് ടീമിനെ നയിക്കുകയെന്നതാണ് ആരാധകരുടെ ആശങ്ക.
ഇംഗ്ലിഷ് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സിനെ ചെന്നൈ കഴിഞ്ഞ സീസണിൽ കളിപ്പിച്ചിരുന്നെങ്കിലും 2024 സീസണിൽ ടീമിൽ നിലനിർത്തിയില്ല. അതിനിടെയാണ് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണിനെ ടീമിലെത്തിക്കാന്‍ ചെന്നൈ ആസൂത്രണം ചെയ്യുന്നതായി സമൂഹമാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ പരന്നത്.
രാജസ്ഥാൻ റോയല്‍സിൽ സഞ്ജുവിന്റെ സഹതാരമായ ആർ. അശ്വിനാണ് സഞ്ജുവിന്റെ വരവിനേക്കുറിച്ചു പ്രതികരിച്ചതെന്നായിരുന്നു പ്രചാരണം. സഞ്ജുവിനെ ക്യാപ്റ്റനായി ടീമിലെത്തിക്കാമെന്ന് ചെന്നൈ ഓഫർ നൽകിയതായും പക്ഷേ താരം അതു സ്വീകരിച്ചില്ലെന്നുമായിരുന്നു അശ്വിന്റെ പേരിലുള്ള ട്വീറ്റ്. എന്നാൽ സംഭവത്തിൽ അശ്വിൻ തന്നെ നിലപാടു വ്യക്തമാക്കിയിരിക്കുകയാണ്. തന്റെ പേരിൽ പ്രചരിക്കുന്നതു വ്യാജ വാർത്തയാണെന്നും നുണ പ്രചരിപ്പിക്കരുതെന്നും അശ്വിൻ എക്സ് പ്ലാറ്റ്ഫോമിൽ വ്യക്തമാക്കി.
ഐപിഎല്ലിന്റെ 2024 സീസണിലും ആര്‍. അശ്വിൻ സഞ്ജു സാംസണിനു കീഴിൽ കളിക്കുന്നുണ്ട്. യശസ്വി ജയ്സ്വാൾ, ജോസ് ബട്‍ലര്‍, ഷിംറോൺ ഹെറ്റ്മിയർ, യുസ്‍വേന്ദ്ര ചെഹല്‍ തുടങ്ങിയ പ്രമുഖ താരങ്ങളെയെല്ലാം രാജസ്ഥാൻ റോയൽസ് അടുത്ത സീസണിലും നിലനിർത്തിയിട്ടുണ്ട്. ഇംഗ്ലണ്ട് താരം ജോ റൂട്ട്, വിൻഡീസ് ഓൾറൗണ്ടർ ജേസൺ ഹോൾഡർ എന്നിവരെ റോയൽസ് റിലീസ് ചെയ്തു.