അവസാന ഓവർ വരെ ആവേശം, മുട്ടുമടക്കി ഓസ്ട്രേലിയ; ഇന്ത്യയുടെ വിജയരാഗം
Mail This Article
റായ്പുർ ∙ആവേശം അവസാന ഓവർവരെ നീണ്ട നാലാം ട്വന്റി20 മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് 20 റൺസ് ജയം. ഇതോടെ 5 മത്സര പരമ്പര ഇന്ത്യ 3–1ന് സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 174 റൺസ് നേടിയപ്പോൾ ഓസ്ട്രേലിയയുടെ പോരാട്ടം 20 റൺസ് അകലെ അവസാനിച്ചു. സ്കോർ: ഇന്ത്യ 20 ഓവറിൽ 9ന് 174. ഓസ്ട്രേലിയ 20 ഓവറിൽ 7ന് 154. 4 ഓവറിൽ 16 റൺസ് വഴങ്ങി 3 വിക്കറ്റ് നേടിയ അക്ഷർ പട്ടേലാണ് ഇന്ത്യയുടെ വിജയശിൽപി. നാളെ ബെംഗളൂരുവിലാണു പരമ്പരയിലെ അവസാന മത്സരം.
175 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണർ ട്രാവിസ് ഹെഡ് (16 പന്തിൽ 31) നൽകിയത്. എന്നാൽ ഹെഡ് പുറത്തായതോടെ സ്കോറിങ്ങിന്റെ വേഗം കുറഞ്ഞു. പിന്നാലെയെത്തിയ താരങ്ങളെയൊന്നും നിലയുറപ്പിക്കാൻ ഇന്ത്യൻ ബോളർമാർ സമ്മതിച്ചില്ല. അവസാന ഓവർ വരെ പൊരുതിയ ക്യാപ്റ്റൻ മാത്യു വെയ്ഡിന് (23 പന്തിൽ 36 നോട്ടൗട്ട്) ഓസ്ട്രേലിയയെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല.
ബാറ്റിങ് ദുഷ്കരമായ പിച്ചിൽ റിങ്കു സിങ് (29 പന്തിൽ 46), ജിതേഷ് ശർമ (19 പന്തിൽ 35), യശസ്വി ജയ്സ്വാൾ (28 പന്തിൽ 37), ഋതുരാജ് ഗെയ്ക്‌വാദ് (28 പന്തിൽ 32) എന്നിവരുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ഒന്നാം വിക്കറ്റിൽ 6 ഓവറിൽ 50 റൺസ് കൂട്ടിച്ചേർത്ത യശസ്വി– ഋതുരാജ് സഖ്യം മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നൽകിയത്. പിന്നാലെയെത്തിയ ശ്രേയസ് അയ്യരും (8) ക്യാപ്റ്റൻ സൂര്യകുമാർ യാദവും (1) പെട്ടെന്നു മടങ്ങിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. 13.2 ഓവറിൽ 4ന് 114 എന്ന നിലയിലായിരുന്നു ടീം ഇന്ത്യ. അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന റിങ്കു സിങ്– ജിതേഷ് ശർമ സഖ്യമാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
തന്റെ പതിവു രീതിയിൽ ബാറ്റ് ചെയ്ത റിങ്കു അനായാസം റൺ കണ്ടെത്തിയപ്പോൾ പരമ്പരയിൽ ആദ്യ മത്സരം കളിക്കുന്നതിന്റെ യാതൊരു സമ്മർദവുമില്ലാതെയാണ് ജിതേഷ് ബാറ്റ് വീശിയത്. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 32 പന്തിൽ 56 റൺസ് കൂട്ടിച്ചേർത്തു. റിങ്കു 24 പന്തിൽ 4 ഫോറും 2 സിക്സുമടക്കം 46 റൺ നേടിയപ്പോൾ 19 പന്തിൽ 3 സിക്സും ഒരു ഫോറും അടങ്ങുന്നതാണ് ജിതേഷിന്റെ ഇന്നിങ്സ്. ഒരു ഘട്ടത്തിൽ ഇന്ത്യൻ സ്കോർ 200 കടക്കുമെന്നു തോന്നിച്ചെങ്കിലും അവസാന ഓവറുകളിൽ വിക്കറ്റ് വീഴ്ത്തിയ ഓസീസ് ബോളർമാർ സ്കോർ 174ൽ പിടിച്ചുനിർത്തി.