സഹായിക്കാൻ വന്നതു രണ്ടു പേര് മാത്രം, സമയം ലാഭിക്കാൻ ബാഗുകൾ സ്വയം ചുമന്നു: പാക്ക് താരം
Mail This Article
പെർത്ത്∙ ടെസ്റ്റ് പരമ്പരയ്ക്കായി ഓസ്ട്രേലിയയിലെത്തിയ പാക്കിസ്ഥാൻ താരങ്ങൾ തങ്ങളുടെ ബാഗുകൾ സ്വയം ചുമന്നു വാഹനത്തിൽ കയറ്റിയ സംഭവത്തിൽ വിശദീകരണവുമായി പാക്കിസ്ഥാൻ പേസർ ഷഹീൻ ഷാ അഫ്രീദി. കഴിഞ്ഞ ദിവസം ഓസ്ട്രേലിയയിൽ വിമാനമിറങ്ങിയ ശേഷമായിരുന്നു ടീമിന്റെ ലഗേജുകൾ പാക്കിസ്ഥാൻ താരങ്ങൾ തന്നെ ചുമന്നു വാഹനങ്ങളിൽ കയറ്റിവിട്ടത്.
ആതിഥേയരായ ഓസ്ട്രേലിയ പാക്കിസ്ഥാൻ താരങ്ങളെ സ്വീകരിക്കാൻ യാതൊരു ഒരുക്കവും നടത്തിയില്ലെന്നും ഇതോടെ വിമർശനമുയർന്നു. ഈ സാഹചര്യത്തിലാണ് സംഭവത്തെക്കുറിച്ചു വിശദീകരിച്ച് ഷഹീൻ അഫ്രീദി രംഗത്തെത്തിയത്. 30 മിനിറ്റിനുള്ളിൽ അടുത്ത വിമാനത്തിൽ കയറേണ്ടതിനാൽ ജോലികൾ പെട്ടെന്നു തീർക്കുന്നതിനാണ് താരങ്ങൾ തന്നെ ബാഗുകൾ വാഹനത്തിൽ കയറ്റിയതെന്ന് ഷഹീൻ അഫ്രീദി പറഞ്ഞു. കൃത്യസമയത്ത് വിമാനം പിടിക്കണമെങ്കിൽ പരസ്പരം സഹായിക്കുകയല്ലാതെ മറ്റു വഴികളില്ലായിരുന്നെന്നും അഫ്രീദി മാധ്യമങ്ങളോടു പറഞ്ഞു.
‘‘30 മിനിറ്റിനുള്ളിൽ ഞങ്ങളുടെ അടുത്ത വിമാനം പുറപ്പെടും. ഞങ്ങളെ സഹായിക്കാനായി രണ്ടു പേർ മാത്രമാണു വന്നത്. അതുകൊണ്ടാണ് ഞങ്ങൾ തന്നെ ബാഗുകൾ ചുമന്നത്. കൃത്യസമയത്തെത്താൻ ഞങ്ങൾക്ക് ജോലികളെല്ലാം പെട്ടെന്നു തീർക്കേണ്ടതായി വന്നു.’’– ഷഹീൻ ഓസ്ട്രേലിയയിൽ പ്രതികരിച്ചു. ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിലെ ദയനീയ പ്രകടനത്തിനു പിന്നാലെ പാക്കിസ്ഥാൻ കളിക്കുന്ന ആദ്യ പരമ്പരയാണിത്.
ഓസ്ട്രേലിയയിലെത്തിയപ്പോഴാണു താരങ്ങൾ തന്നെ സ്വയം ബാഗുകളെല്ലാം വാഹനത്തിലേക്കു കയറ്റിയത്. ലോകകപ്പ് തോൽവിക്കു പിന്നാലെ ബാബർ അസം പാക്കിസ്ഥാൻ ക്യാപ്റ്റൻ സ്ഥാനം രാജിവച്ചിരുന്നു. ഓപ്പണിങ് ബാറ്റർ ഷാൻ മസൂദിന്റെ കീഴിലാണ് പാക്കിസ്ഥാൻ ഓസ്ട്രേലിയയെ ടെസ്റ്റിൽ നേരിടാൻ ഒരുങ്ങുന്നത്.