വേഗമേറിയ ഗൂഗ്ലികളിൽ ബാറ്റർമാർ വട്ടം കറങ്ങും, ബ്രില്യന്റ് ബിഷ്ണോയ്; ലോകകപ്പ് ടീമിലെത്താൻ 5 താരങ്ങൾ
Mail This Article
ബെംഗളൂരു ∙ ഇന്ത്യയ്ക്കെതിരായ അഞ്ചാം ട്വന്റി20യിൽ തകർത്തടിച്ചു മുന്നേറിയ ഓസ്ട്രേലിയൻ ഓപ്പണർ ട്രാവിസ് ഹെഡിന്റെ ബാറ്റിങ് കണ്ടപ്പോൾ ഏകദിന ലോകകപ്പ് നഷ്ടം വീണ്ടും ഇന്ത്യൻ ആരാധകരെ നൊമ്പരപ്പെടുത്തിയിട്ടുണ്ടാവും. അഞ്ചാം ഓവറിൽ പന്തെറിയാനെത്തിയ ലെഗ് സ്പിന്നർ രവി ബിഷ്ണോയ് അഞ്ചാം പന്തിൽ ഹെഡിന്റെ വിക്കറ്റ് വീഴ്ത്തി. ലോകകപ്പ് ടീമിൽ ബിഷ്ണോയ് ഉണ്ടായിരുന്നെങ്കിലെന്ന് അപ്പോൾ മനസ്സിൽ പറഞ്ഞ ആരാധകർ എത്രയെത്ര! 5 ട്വന്റി20 മത്സരങ്ങളിൽ നിന്ന് 18.22 ശരാശരിയിൽ 9 വിക്കറ്റു വീഴ്ത്തിയ പ്രകടനമാണ് ഇരുപത്തിമൂന്നുകാരൻ രവി ബിഷ്ണോയിയെ പരമ്പരയിലെ താരമാക്കിയത്. എന്നാൽ അഞ്ചിൽ 4 മത്സരങ്ങളിലും തന്റെ ആദ്യ ഓവറിൽ തന്നെ വിക്കറ്റു നേടിയ ബിഷ്ണോയ് ബ്രില്യൻസാണ് ആരാധകരുടെ മനസ്സുകവർന്നത്.
പവർപ്ലേയിൽ വിശ്വസിച്ച് പന്തേൽപിക്കാവുന്ന ഒരു ലെഗ് സ്പിന്നറെ കണ്ടെത്തിയതാണ് ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ നേട്ടങ്ങളിലൊന്ന്. അടുത്ത ട്വന്റി20 ലോകകപ്പ് 6 മാസം മാത്രം അകലെ നിൽക്കുമ്പോൾ ഇതു വളരെ പ്രധാനപ്പെട്ടതാണ്. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയ്ക്കു മുൻപ് ഇന്ത്യൻ ജഴ്സിയിലെ 63 ട്വന്റി20 ഓവറുകളിൽ 8 എണ്ണം മാത്രമാണ് ബിഷ്ണോയിക്ക് പവർപ്ലേയിൽ എറിയാനായത്. എന്നാൽ ഓസ്ട്രേലിയൻ പരമ്പരയിലെ 20 ഓവറുകളിൽ ഏഴും പവർപ്ലേയിലായിരുന്നു. 6.43 ഇക്കോണമിയിൽ ബിഷ്ണോയ് 5 പവർപ്ലേ വിക്കറ്റുകൾ സ്വന്തമാക്കിയപ്പോൾ മറ്റ് ഇന്ത്യൻ ബോളർമാർ എല്ലാവരും കൂടി നേടിയത് 5 വിക്കറ്റുകൾ മാത്രം.
രാജ്യാന്തര ട്വന്റി20യിൽ ലെഗ് സ്പിന്നർമാർ പവർപ്ലേയിൽ പന്തെറിയുന്നതു പതിവല്ല. അഫ്ഗാനിസ്ഥാൻ സൂപ്പർതാരം റാഷിദ് ഖാൻ തന്റെ കരിയറിലെ 312 ഓവറുകളിൽ 3 ശതമാനം മാത്രമാണ് പവർപ്ലേയിൽ എറിഞ്ഞത്. ഇന്ത്യയുടെ കുൽദീപ് യാദവ് ഇതുവരെ പവർപ്ലേയിൽ എറിഞ്ഞത് 3 ഓവറുകൾ മാത്രം. ഈ കണക്കുകൾക്കിടയിലാണ് വേഗമേറിയ ഗൂഗ്ലികളിലൂടെ ബാറ്റർമാരെ വട്ടംകറക്കുന്ന ബിഷ്ണോയ് 1 മുതൽ 6 വരെയുള്ള ഓവറുകളിൽ ഇന്ത്യയുടെ തുറുപ്പുചീട്ടാകുന്നത്. ഈ പരമ്പരയിൽ ബിഷ്ണോയിയുടെ 33 ശതമാനം പന്തുകളും സ്റ്റംപിനു നേർക്കായിരുന്നു. അതിൽ 5 പന്തുകൾ ഓസീസ് ബാറ്റർമാരുടെ സ്റ്റംപ് തെറിപ്പിച്ചു.
ബിഷ്ണോയ് @ പവർപ്ലേ (ഓസ്ട്രേലിയൻ പരമ്പരയിൽ)
ഓവറുകൾ: 7
വഴങ്ങിയ റൺസ്: 45
വിക്കറ്റ്: 5
ഇക്കോണമി: 6.43
ഡോട്ബോൾ: 20
റിങ്കു സിങ്
ഫിനിഷർ റോളിൽ ഇരുപത്താറുകാരൻ റിങ്കു സിങ് കരുത്തുകാട്ടിയ പരമ്പരയാണിത്. 4 ഇന്നിങ്സുകളിൽ നിന്ന് 175 റൺസ് നേടിയ റിങ്കുവിന്റെ സ്ട്രൈക്ക് റേറ്റ് 175. ഓരോ മത്സരത്തിലും വ്യത്യസ്തമായ റോൾ ഏറ്റെടുക്കുകയായിരുന്നു റിങ്കു. ആദ്യ ട്വന്റി20യിൽ അവസാന ഓവർ ക്രീസിലുറച്ചുനിന്ന് വിജയമുറപ്പിച്ചു. രണ്ടാം ട്വന്റി20യിൽ 235 എന്ന കൂറ്റൻ സ്കോറിലേക്ക് ഇന്ത്യയെ എത്തിച്ചത് 9 പന്തിൽ 31 റൺസ് നേടിയ വെടിക്കെട്ടായിരുന്നു. നാലാം ട്വന്റി20യിൽ 46 റൺസുമായി പിടിച്ചുനിന്ന് ടീമിനെ തകർച്ചയിൽനിന്നു കരകയറ്റി.
ഋതുരാജ് ഗെയ്ക്‌വാദ്
രോഹിത് ശർമയ്ക്കും ശുഭ്മൻ ഗില്ലിനും വിശ്രമം അനുവദിച്ച പരമ്പരയിൽ ടോപ് സ്കോററായത് ഒരു സെഞ്ചറിയും അർധ സെഞ്ചറിയുമടക്കം 223 റൺസ് നേടിയ ഋതുരാജ് ഗെയ്ക്‌വാദ്. 55.75 റൺസ് ശരാശരിയിലായിരുന്നു പ്രകടനം. കരിയറിലെ ആദ്യ സെഞ്ചറി നേടിയ മൂന്നാം ട്വന്റി20 മത്സരത്തിലൂടെ (57 പന്തിൽ 123*) ഇന്ത്യൻ താരത്തിന്റെ രണ്ടാമത്തെ ഉയർന്ന വ്യക്തിഗത സ്കോറും ഋതുരാജിന്റെ പേരിലായി. ട്വന്റി20യിൽ 4000 റൺസെന്ന നാഴികക്കല്ലും പിന്നിട്ടു.
യശസ്വി ജയ്സ്വാൾ
നേരിട്ട ആദ്യ പന്തുമുതൽ ബോളറെ കടന്നാക്രമിക്കുന്ന യശസ്വി ജയ്സ്വാളിന്റെ നിർഭയ പ്രകടനമാണ് പരമ്പരയിൽ ഇന്ത്യയുടെ ബാറ്റിങ് തുടക്കം മികച്ചതാക്കിയത്. 5 മത്സരങ്ങളിൽ 138 റൺസ് നേടിയ താരം ഒരു മിന്നൽ അർധ സെഞ്ചറിയും കുറിച്ചു. 168 ആണ് സ്ട്രൈക്ക് റേറ്റ്. പരമ്പരയിലെ ജയ്സ്വാളിന്റെ ബാറ്റിങ് പ്രകടനമെല്ലാം പവർപ്ലേ ഓവറുകളിലായിരുന്നു. ട്വന്റി20യിൽ പവർപ്ലേ ഓവറുകളിൽ അർധ സെഞ്ചറി തികയ്ക്കുന്ന മൂന്നാമത്തെ ഇന്ത്യൻ ബാറ്ററെന്ന നേട്ടവും സ്വന്തമാക്കി.
അക്ഷർ പട്ടേൽ
ഏകദിന ലോകകപ്പിലും ഈ മാസം നടക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലും ടീമിൽ സ്ഥാനം നഷ്ടമായ അക്ഷർ പട്ടേൽ, തിരിച്ചടികൾക്കു മറുപടി നൽകുന്നതാണ് 5 മത്സരങ്ങളിലും കണ്ടത്. 6.20 ഇക്കോണമിയിൽ 6 വിക്കറ്റു വീഴ്ത്തിയ അക്ഷർ വിക്കറ്റു വേട്ടക്കാരിൽ രണ്ടാമതായി. വെറും 16 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്ത അക്ഷർ റായ്പുരിൽ നടന്ന നാലാം ട്വന്റി20യിൽ ഇന്ത്യയുടെ വിജയശിൽപിയായി. അഞ്ചാം ട്വന്റി20യിൽ 31 റൺസുമായി ബാറ്റിങ്ങിൽ തിളങ്ങിയ അക്ഷർ ബോളിങ്ങിൽ 4 ഓവറിൽ വിട്ടുകൊടുത്തത് വെറും 14 റൺസ്. അവസാന 2 ട്വന്റി20 മത്സരങ്ങളിൽ പ്ലെയർ ഓഫ് ദ് മാച്ചും അക്ഷറായിരുന്നു.