പിതാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ; ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ഇല്ലെന്ന് ഇന്ത്യൻ പേസർ
Mail This Article
ലക്നൗ∙ ഇന്ത്യൻ പേസർ ദീപക് ചാഹറിന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര നഷ്ടമാകും. ചാഹറിന്റെ പിതാവിന് മസ്തിഷ്കാഘാതം സംഭവിച്ചതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അലിഗഡിലെ ആശുപത്രിയിലാണ് ചാഹറിന്റെ പിതാവ് ലോകേന്ദ്ര സിങ് ചികിത്സയിലുള്ളത്. ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കിടെ അഞ്ചാം മത്സരം കളിക്കാതെ ചാഹർ ടീം ക്യാംപ് വിട്ടിരുന്നു.
ഏകദിന, ട്വന്റി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമുകൾ ബുധനാഴ്ച ദക്ഷിണാഫ്രിക്കയിലേക്കു പുറപ്പെടും. പിതാവ് ആശുപത്രിയിൽ തന്നെ തുടരുന്നതിനാൽ ചാഹർ ടീമിനൊപ്പം ദക്ഷിണാഫ്രിക്കയിലേക്കു പോകില്ല. പിതാവിന്റെ കൂടെ നിൽക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ചാഹർ ഇന്ത്യൻ ടീം പരിശീലകനായ രാഹുൽ ദ്രാവിഡിനെയും ബിസിസിഐയെയും അറിയിച്ചു.
ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് ദീപക് ചാഹറിന്റെ പിതാവിനു മസ്തിഷ്കാഘാതം സംഭവിക്കുന്നത്. ‘‘അച്ഛനാണ് എനിക്ക് ഏറ്റവും പ്രധാനം. അദ്ദേഹമാണ് എന്നെ ഒരു ക്രിക്കറ്റ് താരമായി വളർത്തിയത്. ഈ അവസ്ഥയിൽ അദ്ദേഹത്തെ വിട്ട് എങ്ങോട്ടും വരാൻ സാധിക്കില്ല. പിതാവ് അപകടനില തരണം ചെയ്താൽ ടീമിനൊപ്പം ചേരാൻ താൽപര്യമുണ്ട്.’’– ദീപക് ചാഹർ മാധ്യമങ്ങളോടു പ്രതികരിച്ചു. നവംബർ പത്തിനാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം. മൂന്ന് മത്സരങ്ങളുള്ള പരമ്പരയ്ക്കു ശേഷം 17 ന് ഏകദിന മത്സരങ്ങൾ തുടങ്ങും.