ഗ്ലെൻ ഫിലിപ്സും അജാസ് പട്ടേലും തിളങ്ങി; ബംഗ്ലദേശിനെതിരെ ന്യൂസീലൻഡിന് 4 വിക്കറ്റ് ജയം, ടെസ്റ്റ് പരമ്പര സമനിലയിൽ
Mail This Article
ധാക്ക ∙ ഗ്ലെൻ ഫിലിപ്സും അജാസ് പട്ടേലും മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ ബംഗ്ലദേശിനെതിരായ രണ്ടാം ടെസ്‌റ്റിൽ ന്യൂസീലൻഡിന് 4 വിക്കറ്റ് ജയം. രണ്ട് ഇന്നിങ്സുകളിലും ബാറ്റിങ്ങിൽ ഫിലിപ്സിന്റെ ഇന്നിങ്സ് നിർണായകമായി. രണ്ടാം ഇന്നിങ്‌സില്‍ അജാസ് പട്ടേല്‍ നേടിയ ആറു വിക്കറ്റുകളാണ് ബംഗ്ലാദേശിനെ ചെറിയ സ്കോറിലൊതുക്കിയത്. ജയത്തോടെ രണ്ടു മത്സരങ്ങളുടെ പരമ്പര സമനിലയിലായി. ആദ്യ ടെസ്‌റ്റിൽ ബംഗ്ലദേശ് 150 റൺസിന് ജയിച്ചിരുന്നു.
ഒന്നാം ഇന്നിങ്സിൽ ബംഗ്ലദേശിനെ 172ന് പുറത്താക്കിയ കിവീസ് ഒരു ഘട്ടത്തിൽ 5ന് 46 എന്ന നിലയിലായിരുന്നു. 72 പന്തിൽ 4 സിക്സും 9 ഫോറുമടക്കം 87 റൺസ് നേടിയ ഫിലിപ്‌സാണ് കിവീസിനെ കൂട്ടത്തകർച്ചയിൽ നിന്ന് രക്ഷിച്ചത്. ഫിലിപ്സിന്റെ അർധ സെഞ്ചറിയുടെ ബലത്തിൽ ഒന്നാം ഇന്നിങ്സിൽ ന്യൂസീലൻഡ് 180 റൺസ് നേടി. ഇതോടെ ന്യൂസിലൻഡിന് 8 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡായി. നാലാം ദിനം രണ്ടാം ഇന്നിങ്സിൽ 2ന് 38 നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ബംഗ്ലദേശ് 144ന് പുറത്തായി.
137 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കിവീസിന് രണ്ടാം ഇന്നിങ്സിൽ 69 റൺസ് നേടുന്നതിനിടെ 6 വിക്കറ്റ് നഷ്ടമായി. ഏഴാം വിക്കറ്റിൽ ഫിലിപ്സും (40*) മിച്ചൽ സാന്റ്നറും (35*) ചേർന്ന സഖ്യമാണ് ന്യൂസീലൻഡിനെ ജയത്തിലെത്തിച്ചത്. ഗ്ലെൻ ഫിലിപ്സ് കളിയിലെ താരമായപ്പോൾ ബംഗ്ലദേശിന്റെ തൈജുൽ ഇസ്‌ലാമിനെ പരമ്പരയിലെ താരമായി തിരഞ്ഞെടുത്തു.
രണ്ട് ടെസ്റ്റുകളില്‍നിന്നായി 15 വിക്കറ്റുകളാണ് തൈജുല്‍ പിഴുതത്. ഇരു ടീമുകളും തമ്മില്‍ ഇനി മൂന്ന് ഏകദിനത്തിലും മൂന്ന് ട്വന്റി 20 മത്സരങ്ങളിലും ഏറ്റുമുട്ടും. ഈ മത്സരങ്ങൾ ന്യൂസീലന്‍ഡില്‍വച്ചാണ് നടക്കുന്നത്. അതിനാല്‍ ബംഗ്ലദേശില്‍നിന്ന് ഇരുടീമുകളും ന്യൂസീലന്‍ഡിലേക്ക് പറക്കും. ഡിസംബര്‍ 17-നാണ് ആദ്യ മത്സരം.