വനിതാ പ്രിമിയർ ലീഗ്: വയനാട്ടുകാരി സജന സജീവൻ മുംബൈ ഇന്ത്യൻസിൽ; ലേലത്തുക 15 ലക്ഷം രൂപ
Mail This Article
മുംബൈ ∙ വയനാട് മാനന്തവാടി സ്വദേശിനി സജന സജീവിലൂടെ വനിതാ പ്രിമിയർ ലീഗ് താരലേലത്തിൽ കേരളത്തിനും തിളക്കം. ഓൾറൗണ്ടറായ സജനയെ 15 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യൻസ് ടീം സ്വന്തമാക്കിയതോടെ വനിതാ പ്രിമിയർ ലീഗ് ട്വന്റി20 ക്രിക്കറ്റിൽ മലയാളത്തിന്റെ പ്രാതിനിധ്യം രണ്ടായി. സജനയുടെ സഹതാരവും നാട്ടുകാരിയുമായ മിന്നു മണി കഴിഞ്ഞവർഷത്തെ ലേലത്തിലൂടെ ഡൽഹി ക്യാപിറ്റൽസ് ടീമിലെത്തിയിരുന്നു. വനിതാ പ്രിമിയർ ലീഗ് രണ്ടാം സീസണ് മുന്നോടിയായി ഇന്നലെ മുംബൈയിൽ നടന്ന ലേലത്തിൽ 4 മലയാളി താരങ്ങൾ അണിനിരന്നെങ്കിലും ടീമിൽ ഇടംപിടിച്ചത് സജന സജീവൻ മാത്രമാണ്. പഞ്ചാബ് സ്വദേശിനിയായ ഇന്ത്യൻ ആഭ്യന്തര താരം കശ്‍വീ ഗൗതമും ഓസ്ട്രേലിയൻ ഓൾറൗണ്ടർ അന്നബെൽ സതർലൻഡും (2 കോടി വീതം) ലേലത്തിലെ വിലയേറിയ താരങ്ങളായി.
മാനന്തവാടി ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറായ സജീവന്റെയും മാനന്തവാടി നഗരസഭാ കൗൺസിലർ ശാരദയുടെയും മകളാണ് സജന. കുറിച്യ ഗോത്ര വിഭാഗക്കാരിയായ സജനയുടെ വീട് മാനന്തവാടി ഒണ്ടയങ്ങാടിയിൽ മിന്നു മണിയുടെ വീടിന് 4 കിലോമീറ്റർ മാത്രം അകലെയാണ്. കഴിഞ്ഞ 9 വർഷമായി കേരള ടീമിൽ സ്ഥിരാംഗമായ താരം 2018ൽ അണ്ടർ 23 ദേശീയ ചാംപ്യൻഷിപ്പിൽ കിരീടം നേടിയ കേരള ടീമിന്റെ ക്യാപ്റ്റനായി. കഴിഞ്ഞവർഷം ചാലഞ്ചർ ട്രോഫി ക്രിക്കറ്റിൽ ദക്ഷിണമേഖലാ ടീമിനെയും നയിച്ചു.
ക്രിക്കറ്റിലേക്കു വൈകിയെത്തിയ താരമാണ് സജന സജീവൻ. പ്ലസ്ടുവിന് പഠിക്കുമ്പോൾ മാത്രം ക്രിക്കറ്റ് പരിശീലനം ആരംഭിച്ച പെൺകുട്ടി അതിനു മുൻപേ അത്‌ലറ്റിക്സിലും ഫുട്ബോളിലും മികവു തെളിയിച്ചിരുന്നു. അത്‍ലറ്റിക്സിൽ സംസ്ഥാന സ്കൂൾ മീറ്റിൽ ജാവലിൻത്രോയിൽ നാലാംസ്ഥാനം നേടിയപ്പോൾ ഫുട്ബോളിൽ കേരള സീനിയർ ടീം ജഴ്സിയണിഞ്ഞു. മിന്നു മണിയിലെ ക്രിക്കറ്റ് താരത്തെ കണ്ടെത്തിയ മാനന്തവാടി ജിവിഎച്ച്എസ്എസിലെ കായികാധ്യാപികയായ എത്സമ്മയാണ് സജനയെയും ക്രിക്കറ്റിലേക്കു വഴി തിരിച്ചുവിട്ടത്.
ഇന്നലെ നടന്ന ലേലത്തിൽ 10 ലക്ഷം രൂപയായിരുന്നു സജനയുടെ അടിസ്ഥാന വില. മിന്നു മണിയുടെ ടീമായ ഡൽഹി ക്യാപിറ്റൽസാണ് ആദ്യം സജനയ്ക്കായി കളത്തിലിറങ്ങിയത്. തുടർന്ന് ലേലത്തുക 15 ലക്ഷം രൂപയായി ഉയർത്തി മുംബൈ ഇന്ത്യൻസ് സജനയെ സ്വന്തമാക്കുകയായിരുന്നു.
സജന സജീവൻ
ഓൾറൗണ്ടർ
വയസ്സ്: 24
സ്ഥലം: മാനന്തവാടി
അടിസ്ഥാന വില: 10 ലക്ഷം
ലേലത്തിൽ ലഭിച്ചത്: 15 ലക്ഷം
ലേലത്തിൽ ഉയർന്ന വില ലഭിച്ചവർ
1. കശ്‌വീ ഗൗതം (ഗുജറാത്ത്): 2 കോടി രൂപ
2. അന്നബെൽ സതർലൻഡ് (ഡൽഹി): 2 കോടി
3. വൃന്ദ ദിനേഷ് (യുപി): 1.3 കോടി
4. ഷബ്നിം ഇസ്മായിൽ (മുംബൈ): 1.2 കോടി
5. ഫെബെ ലിച്ഫീൽഡ് (ഗുജറാത്ത്): 1 കോടി