ADVERTISEMENT

രാജ്കോട്ട്∙ ക്യാപ്റ്റൻ സഞ്ജു സാംസണിനെ കൂടാതെ ഇറങ്ങിയ കേരളത്തിന്, വിജയ് ഹസാരെ ട്രോഫി ക്വാർട്ടർ ഫൈനലിൽ രാജസ്ഥാനെതിരെ നാണംകെട്ട തോൽവി. രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 200 റൺസിനാണ് രാജസ്ഥാൻ കേരളത്തെ തകർത്തുവിട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 267 റൺസ്. മറുപടി ബാറ്റിങ്ങിൽ തകർന്നടിഞ്ഞ കേരളം, 29 ഓവർ ബാക്കിനിൽക്കെ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 67 റൺസെടുത്ത് പോരാട്ടം അവസാനിപ്പിച്ചു. നേരിട്ട ആദ്യ പന്തിൽത്തന്നെ പരുക്കേറ്റ വിഷ്ണു വിനോദിന് പിന്നീട് ബാറ്റിങ്ങിന് ഇറങ്ങാനാകാതെ പോയതും കേരളത്തിനു തിരിച്ചടിയായി.

നാലു വിക്കറ്റ് വീഴ്ത്തിയ അനികേത് ചൗധരി, മൂന്നു വിക്കറ്റ് സ്വന്തമാക്കിയ അറാഫാത്ത് ഖാൻ എന്നിവർ ചേർന്നാണ് കേരളത്തെ തകർത്തത്. ഏഴ് ഓവറിൽ വെറും 26 റൺസ് മാത്രം വഴങ്ങിയാണ് ചൗധരി നാലു വിക്കറ്റ് വീഴ്ത്തിയത്. അറാഫാത്ത് ഖാൻ ഏഴ് ഓവറിൽ 20 റൺസ് വഴങ്ങി മൂന്നു വിക്കറ്റും സ്വന്തമാക്കി. ഖലീൽ അഹമ്മദ് ഏഴ് ഓവറിൽ 15 റൺസ് വഴങ്ങി രണ്ടു വിക്കറ്റും സ്വന്തമാക്കി.

കേരള നിരയിൽ രണ്ടക്കം കടക്കാനായത് രണ്ടു പേർക്കു മാത്രമാണ് എന്നതു തന്നെ ടീം നേരിട്ട തകർച്ചയുടെ ആഴം വ്യക്തമാക്കുന്നു. 39 പന്തിൽ ഒരു ഫോറും രണ്ടു സിക്സും സഹിതം 28 റൺസുമായി ഏറ്റവും ഒടുവിൽ പുറത്തായ സച്ചിൻ ബേബിയാണ് കേരളത്തിന്റെ ടോപ് സ്കോറർ. 21 പന്തിൽ ഒരു ഫോർ സഹിതം 11 റൺസെടുത്തു പുറത്തായ പകരക്കാരൻ നായകൻ രോഹൻ എസ്.കുന്നുമ്മലാണ് രണ്ടക്കം കണ്ട മറ്റൊരു താരം. അഖിൻ സത്താർ (0) പുറത്താകാതെ നിന്നു.

ഓപ്പണർ കൃഷ്ണപ്രസാദ് (16 പന്തിൽ ഏഴ്), മുഹമ്മദ് അസ്ഹറുദ്ദീൻ (10 പന്തിൽ മൂന്ന്), ശ്രേയസ് ഗോപാൽ (അഞ്ച് പന്തിൽ 0), അബ്ദുൽ ബാസിത് (17 പന്തിൽ ഒന്ന്), അഖിൽ സ്കറിയ (രണ്ടു പന്തിൽ ഒന്ന്), വൈശാഖ് ചന്ദ്രൻ (ഒരു പന്തിൽ പൂജ്യം), ബേസിൽ തമ്പി (ഏഴു പന്തിൽ അഞ്ച്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ഒരേയൊരു പന്തുമാത്രം നേരിട്ട വിഷ്ണു വിനോദ് പരുക്കേറ്റ് പുറത്തുപോയി.

∙ ലോംറോർ കരുത്തിൽ രാജസ്ഥാൻ

നേരത്തേ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ, നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 267 റൺസെടുത്തത്. തകർപ്പൻ സെഞ്ചറിയുമായി സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ മിന്നിത്തിളങ്ങിയ മഹിപാൽ ലോംറോറിന്റെ പ്രകടനമാണ് രാജസ്ഥാന് മികച്ച സ്കോർ സമ്മാനിച്ചത്. ലോംറോർ 122 റൺസുമായി പുറത്താകാതെ നിന്നു. വിക്കറ്റ് കീപ്പർ ബാറ്റർ കുനാൽ സിങ് റാത്തോർ അർധസെഞ്ചറി (66) നേടി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്, അഞ്ചാം വിക്കറ്റിൽ സെഞ്ചറി കൂട്ടുകെട്ടുമായി കരുത്തുകാട്ടിയ മഹിപാൽ ലോംറോർ – റാത്തോർ സഖ്യത്തിന്റെ പ്രകടനമാണ് മികച്ച സ്കോറിനുള്ള ഇന്ധനമായത്. 95 പന്തുകൾ നേരിട്ട ഇരുവരും അടിച്ചുകൂട്ടിയത് 116 റൺസ്. ഒരു ഘട്ടത്തിൽ രാജസ്ഥാൻ നാലു വിക്കറ്റ് നഷ്ടത്തിൽ 108 റൺസ് എന്ന നിലയിൽ നിൽക്കെയാണ് ഇരുവരും ക്രീസിൽ ഒരുമിച്ചത്.

ലോംറോർ 114 പന്തിൽ ആറു വീതം സിക്സും ഫോറും സഹിതമാണ് 122 റൺസെടുത്തത്. റാത്തോർ 52 പന്തിൽ ഏഴു ഫോറും രണ്ടു സിക്സും സഹിതം 66 റൺസുമെടുത്തു. ഇവർക്കു പുറമേ രാജസ്ഥാൻ നിരയിൽ രണ്ടക്കം കണ്ടത് മൂന്നു പേർ മാത്രമാണ്. ഇവരിൽത്തന്നെ ആർക്കും 20 റൺസിനപ്പുറം നേടാനുമായില്ല. ഓപ്പണർ അഭിജീത് തോമർ (27 പന്തിൽ 15), റാംമോഹൻ ചൗഹാൻ (31 പന്തിൽ 18), ക്യാപ്റ്റൻ ദീപക് ഹൂഡ (34 പന്തിൽ 13) എന്നിവരാണ് രണ്ടക്കം കണ്ടത്.

കരൺ ലാംബ (9), അജയ് സിങ് (2)), രാഹുൽ ചാഹർ (4), അറാഫാത് ഖാൻ (2) എന്നിവർ നിരാശപ്പെടുത്തി. അനികേത് ചൗധരി നേരിട്ട ഏക പന്തിൽ ഫോറടിച്ച് പുറത്താകാതെ നിന്നു. കേരളത്തിനായി അഖിൻ സത്താർ 10 ഓളറിൽ 62 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ബേസില് തമ്പി 10 ഓവറിൽ 57 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് സ്വന്തമാക്കി. അഖിൽ സ്കറിയ, ശ്രേയസ് ഗോപാൽ, വൈശാഖ് ചന്ദ്രൻ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

English Summary:

Rajasthan vs Kerala, 2nd quarter final - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com